കൊല്ലം: തെരഞ്ഞെടുപ്പ് അടുത്തതോടെ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് സമാനമായി എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ പറ്റി ‘സംഘ് ബന്ധ’ ചർച്ചകൾ കൊഴുക്കുന്നു. ആർ.എസ്.പി നേതാവ് പ്രേമചന്ദ്രന് ബി.ജെ.പിയുമായി കാലാകാലങ്ങളിൽ ആരോപിക്കപ്പെടുന്ന രഹസ്യബാന്ധവമാണ് ഇക്കുറിയും ചർച്ച.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചത് പ്രേമചന്ദ്രനാണെന്നതാണ് അദ്ദേഹത്തെ സംഘി സഹകാരിയാക്കിയതെങ്കിൽ ഇക്കുറി പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഉച്ചഭക്ഷണം കഴിച്ചതാണ് വിവാദം.
ഭക്ഷണ വിവാദമുയർത്തി ന്യൂനപക്ഷവോട്ടുകൾ അദ്ദേഹത്തിനെതിരാക്കാൻ ഇടതുപക്ഷം ലക്ഷ്യമിടുമ്പോൾ ന്യൂനപക്ഷം എതിരാകാതിരിക്കുന്നതിനൊപ്പം ഭൂരിപക്ഷവോട്ടുകൾ സമാഹരിക്കാനുള്ള വഴിയൊരുക്കാനാകുമോ എന്നതിലേക്ക് കാര്യങ്ങളെത്തിക്കാനാണ് യു.ഡി.എഫ് ശ്രമം. ബി.ജെ.പി സംഘ്പരിവാർ സംഘടനയല്ലെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ മൻമോഹൻ സിങ്ങിനോളം പുകഴ്ത്തിയതുമൊക്കെയാണ് പ്രേമചന്ദ്രനെ ആർ.എസ്.എസ് അനുകൂലിയാക്കുന്നതിന് ഇടതുപക്ഷം ആരോപിക്കുന്ന പ്രധാന കാര്യങ്ങൾ.
അതേ സമയം, മറ്റ് പ്രതിപക്ഷാംഗങ്ങളെ നിഷ്പ്രഭരാക്കും വിധം പാർലമെന്റിൽ സർക്കാർ നയങ്ങൾക്കെതിരെ അദ്ദേഹം നടത്തിയ പ്രകടനങ്ങൾ മാത്രം മതി പ്രേമചന്ദ്രന്റെ സംഘ് വിരുദ്ധതക്ക് തെളിവെന്ന് യു.ഡി.എഫ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ രണ്ടുതവണയും പ്രേമചന്ദ്രനെതിരെ ദുർബല സ്ഥാനാർഥികളെയാണ് എൻ.ഡി.എ മത്സരിപ്പിച്ചത്. അതുകൊണ്ട് ബി.ജെ.പി അനുഭാവ വോട്ടുകൾ കുറെയൊക്കെ അദ്ദേഹത്തിന് ലഭിച്ചു. പ്രേമചന്ദ്രൻ പാർലമെന്റിലേക്ക് മത്സരിക്കുമ്പോൾ കൊല്ലം ലോക്സഭ മണ്ഡലത്തിൽപെടുന്ന നിയമസഭ മണ്ഡലങ്ങളിൽ നേരത്തേ ലഭിച്ചത്ര വോട്ട് ബി.ജെ.പിക്കും ഇടതുപക്ഷത്തിനും ലഭിക്കാറില്ലെന്നതാണ് വസ്തുത.
കൊല്ലത്ത് ബി.ജെ.പിക്ക് ശക്തനായ സ്ഥാനാർഥി ഉണ്ടാവണമെന്നത് സി.പി.എം ആഗ്രഹമാണ്. ഇപ്പോഴത്തെ ആരോപണ പ്രത്യാരോപണങ്ങൾക്കു പിന്നിലെ പ്രേരകങ്ങളും അതൊക്കെയാണ്. എന്തായാലും മണ്ഡലത്തിൽ പ്രേമചന്ദ്രനുള്ള പൊതുസ്വീകാര്യത ഏറ്റവും അസ്വസ്ഥതപ്പെടുത്തുന്നത് സി.പി.എമ്മിനെയാണ്. ഏറ്റവും കരുത്തനായ സ്ഥാനാർഥിയെ രംഗത്തിറക്കാനുള്ള തീരുമാനത്തിലാണവർ.
യു.ഡി.എഫിന് മറ്റൊരു ഓപ്ഷനില്ലെങ്കിലും ഐ.എൻ.ടി.യു.സി നേതാവ് ആർ. ചന്ദ്രശേഖരൻ കൊല്ലം സീറ്റിൽ കണ്ണുവെച്ചിട്ട് കാലമേറെയായി. അദ്ദേഹത്തെ അനുനയിപ്പിക്കുന്നതിനൊപ്പം പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതടക്കം ന്യായീകരിച്ച് പ്രേമചന്ദ്രനൊപ്പം കട്ടക്ക് നിൽക്കാനാണ് യു.ഡി.എഫ് നേതാക്കളുടെ തീരുമാനം.
പ്രേമചന്ദ്രനെതിരായ പ്രചാരണം പുച്ഛത്തോടെ തള്ളുന്നു -ഷിബു ബേബിജോൺ
കൊല്ലം: നരേന്ദ്ര മോദിയുമൊത്ത് പാർലമെന്റ് കാന്റീനിൽ ഭക്ഷണം കഴിച്ചതിന്റെ പേരിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്കെതിരെ എൽ.ഡി.എഫ് നടത്തുന്ന പ്രചാരണങ്ങൾ പരമപുച്ഛത്തോടെ തള്ളുന്നതായി ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്തപ്പോൾ നാടകവുമായി സി.പി.എം രംഗത്തിറങ്ങിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പിന് മുമ്പുതന്നെ യു.ഡി.എഫ് ജയിക്കുമെന്ന് സമ്മതിച്ചുതരികയാണ് സി.പി.എം. മറ്റ് ഒരു വിഷയവും ഉയർത്താൻ ഇല്ലാത്തതുകൊണ്ട് 2019ൽ ഓടിച്ച സിനിമ അവർ വീണ്ടും ഓടിക്കുകയാണ്. മോദിയെ ഏറ്റവും ശക്തമായി വിമർശിക്കുന്നയാളാണ് പ്രേമചന്ദ്രൻ. എന്നാൽ, പ്രധാനമന്ത്രി എം.പിയെ കാണണമെന്ന് പറയുമ്പോൾ പോകുന്നതിൽ എന്താണ് അസ്വാഭാവികത. മോദിയെ ഇഷ്ടമില്ല എന്നത് രണ്ടാമത്തെ കാര്യം മാത്രമാണെന്നും ഷിബു പറഞ്ഞു.
ശശി തരൂരിനെയും കെ. സുധാകരനെയും വി.ഡി. സതീശനെയും രമേശ് ചെന്നിത്തലയെയും പ്രേമചന്ദ്രനെയുമൊക്കെ ഹിന്ദു പേരിന്റെ പേരിൽ സംഘിയാക്കുന്നത് അപകടകരമായ വർഗീയ രാഷ്ട്രീയമാണ്. പ്രേമചന്ദ്രൻ പോയതിൽ ഒരുതെറ്റും കാണുന്നില്ല. ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചതിന്റെ പേരിൽ പ്രേമചന്ദ്രന്റെ മോദിവിരുദ്ധ നിലപാട് മാറുന്നില്ലെന്നും ഷിബു ബേബിജോൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.