ശാസ്താംകോട്ട: പടിഞ്ഞാറേകല്ലട കാരാളിമുക്ക് ഭാഗത്തുനിന്ന് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലേക്ക് തിരിയുന്ന ഭാഗത്ത് അപകടങ്ങൾ നിത്യസംഭവമാകുന്നു. സ്ഥലത്ത് സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തം.
ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തുമ്പോൾ നൂറുകണക്കിന് വാഹനങ്ങൾ റെയിൽവേ സ്റ്റേഷൻ റോഡിൽനിന്ന് മെയിൻ റോഡിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിലാണ് അപകടങ്ങൾ പതിവാകുന്നത്. കുത്തനെയുള്ള കയറ്റവും ഇവിടെ ഉള്ള ഒരു കടയുടെ മറവുമാണ് റെയിൽവെ സ്റ്റേഷൻ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് പ്രധാന പാതയിലേക്ക് പ്രവേശിക്കുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.
പ്രധാന പാതയായ ശാസ്താംകോട്ട-ചവറ റോഡിൽ കാരാളിമുക്ക് ഓവർ ബ്രിഡ്ജ് ഭാഗത്ത് നിന്ന് വാഹനങ്ങൾ അമിതവേഗത്തിലാണ് എത്തുന്നത്. അതുപോലെ ശാസ്താംകോട്ട ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളും. ഇത് ഏറെ അപകടത്തിന് കാരണമാകുന്നുണ്ട്. കാരാളിമുക്ക് ബൈപാസ് റോഡ്സംഗമിക്കുന്നതും ഇവിടെയാണ്. ഈ ഭാഗത്ത് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചാൽ അപകടങ്ങൾ ഒഴിവാക്കാം.
റെയിൽവേ സ്റ്റേഷൻ റോഡിന് വീതി കുറവായതിനാൽ ഇവിടെ ഗതാഗതക്കുരുക്കും രൂഷമാണ്. രാവിലെയും വൈകീട്ടും ഈ സമയങ്ങളിൽ ട്രെയിൻ യാത്രക്കാരുടെ വാഹനങ്ങളും സ്കൂൾ ബസുകൾ അടക്കമുള്ളവയും ഇരുവശത്തു നിന്നും എത്തുന്നതോടെ ഒരു വാഹനങ്ങൾക്കും പോകാൻ കഴിയാതെ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നു.
ഇതിന് അടിയന്തര പരിഹാരം ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.