ഓയൂർ: ഒരാഴ്ചയായി വെളിനല്ലൂർ വില്ലേജ് ഓഫിസിനു സമീപം അടയറയിൽ മണ്ണെടുപ്പ് തകൃതിയായി നടന്നിട്ടും പൂയപ്പള്ളി പൊലീസും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പും നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി.
എക്സ്കവേറ്റർ ഉപയോഗിച്ച് മണ്ണ് ടിപ്പറിൽ കയറ്റി ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. മാത്രമല്ല അടയറക്ക് സമീപത്തെ വയലിന് സമീപത്തായി മണ്ണ് നിക്ഷേപിക്കുകയും രാത്രിയിൽ വയൽ നികത്തുകയും ചെയ്തു.
ഓയൂർ-റോഡുവിള റൂട്ടിൽ പോകുന്ന റോഡിന്റെ അരികിലാണ് വിശാലമായ രീതിയിൽ മണ്ണെടുപ്പ് നടക്കുന്നത്. പൊലീസ് ജീപ്പ് മണ്ണെടുപ്പ് സ്ഥലത്ത് നിർത്തുമെങ്കിലും നടപടി ഉണ്ടാവുന്നില്ല. അധികൃതരുടെ മുന്നിലാണ് രാത്രിയിൽ സമീപത്തെ വയൽ നികത്തുന്നത്. പൊടിശല്യം സമീപപ്രദേശത്ത് താമസിക്കുന്നവരുടെ സ്വൈരജീവിതത്തെ ബാധിച്ചിട്ടുണ്ട്. രാവിലെ ആറിന് തുടങ്ങുന്ന മണ്ണെടുപ്പ് രാത്രി വൈകിയാണ് അവസാനിക്കുന്നത്. അളവിൽ കൂടുതൽ മണ്ണാണ് ടിപ്പറുകളിൽ കയറ്റിക്കൊണ്ടുപോകുന്നത്. സ്കൂൾ സമയത്ത് മണ്ണുമായി ടിപ്പറുകൾ നിരത്തിലൂടെ അതിവേഗം കടന്നുപോകുന്നുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടാകുന്നില്ല. വില്ലേജ് ഓഫിസിന്റെ മൂക്കിന് താഴെയാണ് മണ്ണെടുപ്പ്. നാട്ടുകാർ പരാതി പറഞ്ഞ് മടുത്തിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.