കൊല്ലം: കലോത്സവചൂടിനിടയിൽ ദാഹമകറ്റാനും മനസ്സുതണുപ്പിക്കാനും പാലക്കാടൻ മണ്ണിന്റെ തണുപ്പ്. കലോത്സവവേദികളിൽ ദാഹജലം വിതരണം ചെയ്യുന്നതിന് ഉപയോഗിക്കുന്ന മൺകൂജകളും മൺജഗ്ഗുകളും മൺകപ്പുകളുമാണ് കൊല്ലത്ത് പാലക്കാടിന്റെ മണ്ണിന്റെ തണുപ്പ് നിറക്കുന്നത്. ‘തണ്ണീർകൂജ’ എന്ന ആശയവുമായി രംഗത്തെത്തിയ വെൽഫെയർ കമ്മിറ്റിയാണ് വിപുലമായിത്തന്നെ പദ്ധതി നടപ്പാക്കുന്നത്. വെൽഫെയർ കമ്മിറ്റിയുടെ രണ്ടുമാസത്തെ പരിശ്രമഫലമായി തണ്ണീർകൂജയും ജഗ്ഗും കപ്പുകളും കലോത്സവനഗരിയിലെത്തിച്ചു. മൺപാത്ര നിർമാണത്തിന് പേരുകേട്ട പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിൽ നിന്നുള്ളതാണ് ഇവ.
പെരിങ്ങോട്ടുകുറിശ്ശിയിലെ 40 മണ്‍പാത്ര നിര്‍മാണ കേന്ദ്രങ്ങളില്‍ നിന്നാണ് ആദ്യഘട്ടമായി 500 കൂജകളും 350 ജഗ്ഗുകളും 500 കപ്പുകളും ആശ്രാമത്ത് എത്തിച്ചത്. കൂജകൾ വെക്കാൻ ഇരുമ്പ് സ്റ്റാൻഡും ഉണ്ട്. കൂജ ഒന്ന് 400 രൂപയും ജഗ്ഗിന് 250 രൂപയും കപ്പിന് 125 രൂപയുമാണ് വില. ആകെ 750 കൂജകൾക്കാണ് ഓഡർ നൽകിയത്. ബാക്കിയുള്ളതും അടുത്തദിവസങ്ങളിൽ എത്തിക്കും. കപ്പുകൾ ഇനിയും 500 എണ്ണം എത്തും. 24 വേദികളിലും കുറഞ്ഞത് 10 വീതം കൂജകളും കപ്പുകളും ക്രമീകരിക്കും. വിധികർത്താക്കൾക്ക് വെള്ളം നൽകാൻ ഉപയോഗിക്കാനാണ് ജഗ്ഗുകൾ. കമ്മിറ്റി അംഗങ്ങൾ നിര്‍മാണകേന്ദ്രത്തില്‍ നേരിെട്ടത്തി ഗുണനിലവാരം ഉറപ്പുവരുത്തിയാണ് വാങ്ങിയതെന്ന് കൺവീനർ എം. നൗഷാദ് പറഞ്ഞു. ഹരിതകലോത്സവം എന്ന ലക്ഷ്യത്തിന് കരുത്ത് പകരുന്നതിനാണ് മൺപാത്രങ്ങൾ തെരഞ്ഞെടുത്തത്. കലോത്സവം കഴിഞ്ഞ് ജില്ലയിലെ സ്കൂളുകൾക്കും ഓഫിസുകൾക്കും ഇവ സൗജന്യമായി നൽകും.
മന്ത്രി വി. ശിവൻകുട്ടി കൈമാറ്റം ഉദ്ഘാടനം ചെയ്തു. കൺവീനർ എം. നൗഷാദ്, ഭാരവാഹികളായ ബി. അഭിലാഷ്, എം.ബി. ഷാക്കിര്‍, റഫീഖ് മായനാട്, ജെ.എസ്. ഷെമീർ, മുഹമ്മദ് റാഫി, മനാഫ് എന്നിവര്‍ നേതൃത്വം നൽകി. എല്ലാവേദികളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന അലോപ്പതി, ആയുർവേദ, ഹോമിയോ മെഡിക്കൽ സംഘങ്ങളെയും നിയോഗിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.