കരുനാഗപ്പള്ളി: പാവുമ്പ ചുരുളി പള്ളിക്കലാർ തീരത്ത് 1035 ലിറ്റർ കോടയും 20.5 ലിറ്റർ ചാരായവും 30 ലിറ്റർ സ്പെന്റ് വാഷും എക്സൈസ് സംഘം കണ്ടെടുത്തു. വള്ളിക്കുടിലിനിടയിലായിരുന്നു ഇവ ഒളിപ്പിച്ചിരുന്നത്. കരുനാഗപ്പള്ളി തൊടിയൂർ ലക്ഷംവീട് നമ്പർ 13ൽ സുകു (38), തൊടിയൂർ വടക്കുമുറി കൈലാസം വീട്ടിൽ അജയൻ (45) എന്നിവർക്കെതിരെ കേസെടുത്തു.
ഇവിടെ വൻതോതിൽ ചാരായം വാറ്റി വിൽപന നടത്തി വരുകയായിരുന്നു. ആറടിയിലധികം വെള്ളക്കെട്ട് നീന്തിക്കടന്ന് എക്സൈസ് സംഘം സ്ഥലത്തെത്തിയപ്പോൾ പ്രതികൾ ചാരായം വാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ ഇവർ പള്ളിക്കലാറിലേക്കു ചാടി നീന്തി രക്ഷപ്പെട്ടു.
പള്ളിക്കലാറിനോട് ചേർന്ന് വള്ളിക്കാടുകളിൽ തടി വെച്ച് ഇരിപ്പിടം ഉണ്ടാക്കി കന്നാസുകളിലും ബാരലുകളിലുമായാണ് കോട സൂക്ഷിച്ചിരുന്നത്. പ്രദേശത്ത് വൻതോതിൽ ചാരായം വാറ്റി വിൽപന നടത്തുന്നതായി കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമീഷണർ ബി. സുരേഷിന് ലഭിച്ച രഹസ്യ വിവരമാണ് അസിസ്റ്റന്റ് എക്‌സൈസ് കമീഷണർ വി. റോബർട്ടിന്റെ നിർദേശാനുസരണം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ. പി.എൽ. വിജിലാലിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
സിവിൽ എക്സൈസ് ഓഫിസർമാരായ സുധീർ ബാബു, കിഷോർ, ചാൾസ്, പ്രേംരാജ്, വനിത സിവിൽ എക്സൈസ് ഓഫിസർ ഷിബി, ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവർ പങ്കെടുത്തു. തുടരന്വേഷണം കരുനാഗപ്പള്ളി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശിവപ്രസാദ് ഏറ്റെടുത്തു പ്രതികൾക്കായി അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.