കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമായി. ഓരോ ദിവസവും നിരവധി പേർക്കാണ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നത്. കുലശേഖരപുരം 10ാം വാർഡിൽ വീട്ടിനുള്ളിൽ ഇരുന്നവരെ ഉൾപ്പെടെ തെരുവുനായ്ക്കൾ ആക്രമിച്ചു. ആലുംകടവ് പ്രദേശത്ത് നിരവധിപേർക്ക് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു.
കോഴിക്കോട് മേഖലയിലും തെരുവുനായ് ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. ഓണ അവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കുന്നതോടെ സൈക്കിളുകളിലും മറ്റും സ്കൂളുകളിലേക്ക് പോകുന്ന വിദ്യാർഥികൾക്കു നേരെയും കാൽനടയായി പോകുന്ന വിദ്യാർഥികൾക്ക് നേരെയും തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടാകും എന്ന ഭീതിയിലാണ് രക്ഷാകർത്താക്കൾ.
കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ ദിവസവും എട്ടു മുതൽ 15 വരെ പേർ വരെ പേവിഷ ബാധക്കെതിരെയുള്ള കുത്തിവെപ്പിനായി എത്തുന്നുണ്ട്. നിലവിലുള്ള നിയമത്തിന്റെ പരിമിതിയിൽ നിന്നുകൊണ്ട് തെരുവുനായ് ശല്യം നിയന്ത്രിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുമെന്ന് തദ്ദേശ സ്ഥാപന മേധാവികൾ പറഞ്ഞു.
ക്ലാപ്പന ഗ്രാമപഞ്ചായത്തിൽ തിങ്കളാഴ്ച മുതൽ 14 വരെ വിവിധ വാർഡുകളിൽ വളർത്തു നായ്ക്കൾക്കുള്ള പ്രതിരോധ വാക്സിനേഷൻ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് മിനിമോൾ അറിയിച്ചു. തെരുവുനായ്ക്കളുടെ ആക്രമണത്തിൽനിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള ശാശ്വതമായ പദ്ധതികൾ വേണമെന്ന ആവശ്യമാണ് വിവിധ കോണുകളിൽനിന്നും ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.