ആ എ.ബി.സി പദ്ധതിയിങ്ങെടുത്തേ ഇപ്പോ ശരിയാക്കിത്തരാമെന്ന തരത്തിലുള്ള പടപുറപ്പാട് കണ്ടപ്പോഴേ നാട്ടുകാർ പറഞ്ഞു, ഉം... കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്... ധാരാളം കേട്ടിട്ടുണ്ട്. ഈ പദ്ധതികളും പണച്ചെലവുമൊക്കെ ഇവിടെയുണ്ടായിട്ടും നാട് നിറച്ച് നായ്ക്കളായത് കണ്ട് മടുത്ത, കടി കൊണ്ടുവലഞ്ഞ മനുഷ്യർ പിന്നെ എന്തുപറയാനാണ്. പുറത്തേക്കൊന്നിറങ്ങിയാൽ മതി മുന്നിൽ വന്ന് നിൽക്കുന്ന നായ് എങ്ങാനും കടിച്ചാലോ എന്ന് പേടിക്കാതെ നമ്മളിലാരെങ്കിലും കടന്നുപോകാറുണ്ടോ. കടിക്കാനോടിച്ചാൽ ഏത് വഴി ഓടുമെന്ന് കണക്കുകൂട്ടാത്തവരുണ്ടോ... കുട്ടികളെ ഒറ്റക്ക് വീടിന് പുറത്ത് വിടാൻ പേടിക്കാത്ത രക്ഷിതാക്കളുണ്ടോ. പുറത്തിറങ്ങുന്നതെന്തിനാണ്, മതില് ചാടിക്കടന്ന് വന്ന് വീടിനുള്ളിലിരിക്കുന്നവരെ കടിച്ചിട്ടുപോകുന്ന സ്ഥിതിയിൽ 'അപ്ഡേറ്റഡ്' അല്ലേ ഇവിടുള്ള തെരുവുനായ്ക്കൾ.
നാലഞ്ച് കൊല്ലം മുമ്പുള്ള കന്നുകാലി കാനേഷുമാരി പ്രകാരം കൊല്ലത്തിന്റെ തെരുവോരങ്ങൾ 52000ൽപരം നായ്ക്കളുടെ വാസസ്ഥലമാണ്. സംസ്ഥാനത്തുതന്നെ ഇക്കാര്യത്തിൽ ഒന്നാമതാണ് ജില്ല. വർഷങ്ങൾക്കിപ്പുറം ലക്ഷത്തിലേക്ക് കടന്നുകഴിഞ്ഞു എന്നാണ് അധികൃതർ തന്നെ അനൗദ്യോഗിക കണക്ക് നിരത്തുന്നത്. വന്ധ്യംകരണ പദ്ധതിയായ എ.ബി.സിക്ക് ഇടവേള വന്നതിന്റെ പ്രത്യാഘാതത്തിൽ തലങ്ങും വിലങ്ങും നാട്ടുകാർ കടിവാങ്ങിക്കൂട്ടിയതോടെയാണ് അധികാരികളുടെ ഉറക്കത്തിന് ഇളക്കം തട്ടിയത്. വാക്സിൻ ഉണ്ടല്ലോ കടികിട്ടിയാലും കുഴപ്പമില്ലെന്ന മട്ടിൽ ഇരുന്നപ്പോൾ വാക്സിനെടുത്തവരും മരണത്തിന്റെ പിടിയിലായതോടെ ഉറക്കമുപേക്ഷിച്ച് എണീക്കേണ്ടിയുംവന്നു. അതോടെ മാസ് വാക്സിനേഷൻ ഡ്രൈവ് തുടങ്ങുന്നു, എ.ബി.സി തുടങ്ങുന്നു, ഷെൽറ്റർ തുടങ്ങുന്നു...പ്രഖ്യാപനങ്ങൾ ഒഴുകി നാട് നിറഞ്ഞു. എന്നിട്ടോ, മാസം ഒന്നാകാറായപ്പോഴും നാട്ടുകാർ കടിവാങ്ങിക്കൂട്ടുന്നു.
ശനിയാഴ്ച കൊട്ടാരക്കരയിൽ മാത്രം 17 പേരെയാണ് പൊതുനിരത്തിൽ നായ്ക്കൾ കടിച്ചുകുടഞ്ഞത്. ഹോട്ട്സ്പോട്ടുകൾ മാറിമറിയുന്നു. വാക്സിനെടുക്കാനുള്ള ക്യൂവിന് നീളം കൂടുന്നതല്ലാതെ കുറവൊന്നുമില്ല. നാട്ടുകാർ ആകെ അൽപം ആശ്വാസത്തോടെ കണ്ട എ.ബി.സി പദ്ധതി വലിയ പ്രതിസന്ധിയിൽപെട്ട് തൂങ്ങിനിൽക്കുന്ന കാഴ്ചയാണ് നിലവിലെ വിശേഷം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.