കൊല്ലം: മഹാമാരിക്കുശേഷം നാട് അതിജീവനത്തിന് ശ്രമിക്കുന്ന സന്ദര്‍ഭത്തില്‍ സമരങ്ങള്‍ നടത്തി ജനത്തെ ഇനിയും കഷ്ടപ്പെടുത്തരുതെന്ന് എം. മുകുന്ദന്. എന്തിന് വേണ്ടിയാണെങ്കിലും ആര് നടത്തിയാലും ജനത്തെ കൂടുതൽ വലയ്ക്കുന്ന സമരങ്ങളെ അംഗീകരിക്കാനാകില്ല.
ജില്ല ലൈബ്രറി കൗണ്‍സിലിെൻറ റിസര്‍ച്ച് വെബ് ജേണലായ 'സംവേദ'യുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സംസ്കാരവും പാരമ്പര്യവും എല്ലാം ഭാഷക്കുള്ളിലാണ് ജീവിക്കുന്നത്. ഭാഷയെ ശക്തിെപ്പടുത്തുകയും ഉപയോഗം വ്യാപകമാക്കുകയും വേണം. മൂന്നരക്കോടി ജനം ഉപയോഗിക്കുന്ന ഭാഷ അത്ര ചെറുതൊന്നുമല്ല. അതല്ലെങ്കിൽതന്നെ ചെറുതിെൻറ കാലമാണിത്. അതിനാൽ എന്തു വിലകൊടുത്തും ഭാഷയെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭാഷയെയും സാഹിത്യത്തെയും ഗൗരവമായി സമീപിക്കുന്നതിനുതകുന്ന ഗവേഷണാത്മകമായ പ്രബന്ധങ്ങളാണ് വെബ് ജേണലായ 'സംവേദ'യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൂന്ന് മാസത്തിലൊരിക്കല്‍ പ്രസിദ്ധീകരിക്കുന്ന ജേണലിെൻറ ഓരോ ലക്കവും ഓരോ വിഷയത്തെ അധികരിച്ചുള്ളതായിരിക്കും.
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡൻറ് ഡോ. കെ.വി. കുഞ്ഞികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡൻറ് കെ.ബി. മുരളീകൃഷ്ണന് അധ്യക്ഷതവഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടിവ് അംഗങ്ങളായ ഡോ. പി.കെ. ഗോപന്, എസ്. നാസര്‍, ജില്ല സെക്രട്ടറി ഡി. സുകേശന്, രാജേഷ് എരുമേലി, കെ.ബി. ശെല്‍വമണി, പി. ഉഷാകുമാരി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.