കൊല്ലം: പത്രിക സമർപ്പണം അവസാനിച്ച ഘട്ടത്തിൽ കൂട്ടിയും കിഴിച്ചും മുന്നണികൾ. തുടർച്ചയായി അഞ്ചാം തവണയാണ് നിലവിലെ എം.പിയായ എൻ.കെ. പ്രേമചന്ദ്രൻ പോരാട്ടത്തിനിറങ്ങിയത്. വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല എന്നാണ് യു.ഡി.എഫ് ക്യാമ്പുകൾ വ്യക്തമാക്കുന്നത്. ജില്ലയിലെ രാഷ്ട്രീയ സാഹചര്യം മനസിലാക്കി എൽ.ഡി.എഫും എൻ.ഡി.എയും തക്കതായ എതിരാളികളെ തന്നെ കളത്തിലിറക്കിയിട്ടുണ്ട്.
കഴിഞ്ഞതവണത്തെക്കാൾ ഭൂരിപക്ഷം വർധിക്കുമെന്ന പ്രതീക്ഷയിൽ യു.ഡി.എഫും മണ്ഡലത്തിലെ വികസനമുരടിപ്പുകൾ ചൂണ്ടിക്കാട്ടി വാഗ്വാദങ്ങളുമായി എൽ.ഡി.എഫും മുന്നേറുമ്പോൾ എൻ.ഡി.എ നരേന്ദ്രമോദിയുടെ വികസനങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രചാരണ രംഗത്തുള്ളത്.
പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്. കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ ആദ്യ പത്രിക ഇടതുപക്ഷ സ്ഥാനാര്‍ഥി എം. മുകേഷാണ് നൽകിയത്. എൽ.ഡി.എഫിനും എൻ.ഡി.എ മുന്നണികൾക്കും വിമതശല്യം മണ്ഡലത്തിൽ നേരിടേണ്ടി വരില്ല എന്നത് പത്രിക സമർപ്പണത്തിലൂടെ വ്യക്തമായി.
എന്‍. കെ. പ്രേമചന്ദ്രന് ഒരുവിമത സ്ഥാനാർഥി പത്രിക നൽകിയിട്ടുണ്ട്. എൽ.ഡി.എഫിനും എൻ.ഡി.എക്കും ഡമ്മി സഥാനാർഥികളും നാമനിർദേശപത്രിക നൽകിയിട്ടുണ്ട്. മറ്റ് രാഷ്ട്രീയ പാർട്ടികളിലെ സ്വതന്ത്രരും മുൻനിര സ്ഥാനാർഥികളുടെ പേരുമായി സാദൃശ്യമുള്ളവരും ഇന്ന് പത്രിക നൽകുന്നതോടെ കളം ചൂട്പിടിക്കും. സമാന പേരുള്ള സ്ഥാനാർഥികളുടെ പത്രിക പിൻവലിപ്പിക്കാനുള്ള നൊട്ടോട്ടവും ഇതിനിടയിലുണ്ടാകും. 2014ലെയും 2019ലെയും തെരഞ്ഞെടുപ്പുകളിൽ വിജയം യു.ഡി.എഫിനായിരുന്നു. 2014ൽ എൻ.കെ പ്രേമചന്ദ്രന്റെ വോട്ട് 46.46 ശതമാനമായിരുന്നു. അത് 2019 ആയപ്പോഴേക്കും 51.61 ശതമാനമായി ഉയർന്നു. സി.പി.എം സ്ഥാനാർഥിയായിരുന്ന എം.എ ബേബിക്ക് മണ്ഡലത്തിൽ 2014ൽ 42.18 ശതമാനം വോട്ട് മാത്രമേ നേടാനായിരുന്നുള്ളൂ. 2019ൽ നിലവിലെ ധനകാര്യ മന്ത്രിയായ കെ.എൻ. ബാലഗോപാലിന് 36.24 ശതമാനം വോട്ട് മാത്രമാണ് നേടാനായത്. 2014നെക്കാൾ 5.94 ശതമാനം വോട്ടിന്റെ കുറവാണ് മണ്ഡലത്തിൽ എൽ.ഡി.എഫിന് ഉണ്ടായിട്ടുള്ളത്. ബി.ജെ.പിക്ക് 2014ൽ 6.67 ശതമാനം വോട്ട് ലഭിച്ചു. 2019 ആയപ്പോഴേക്കും ബി.ജെ.പിക്ക് നാല് ശതമാനം വർധിച്ച് 10.67 ശതമാനം വോട്ട് നേടി. ജില്ലയില്‍ ഇത്തവണ കന്നിവോട്ടര്‍മാര്‍ 56,123 പേരാണ്. കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം പേര് ചേർത്തവരുടെ എണ്ണമാണിത്. മണ്ഡലത്തിലെ ന്യൂജൻ വോട്ടർമാർ ആർക്ക് പിന്തുണനൽകുമെന്ന് കണ്ടറിയണം.
2019ൽ മണ്ഡലത്തിൽ 74.73 ശതമാനം പോളിങ് ആയിരുന്നു രേഖപ്പെടുത്തിയത്. ചവറ, പുനലൂർ, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ എന്നീ നിയമസഭ മണ്ഡലങ്ങൾ ചേരുന്നതാണ് കൊല്ലം പാർലമെന്റ് മണ്ഡലം. നിയമസഭ മണ്ഡലങ്ങൾ പരിശോധിക്കുമ്പോൾ കുണ്ടറ ഒഴികെ ബാക്കി മണ്ഡലങ്ങൾ എൽ.ഡി.എഫിനെ പിന്തുക്കുന്നതാണ്.
കൊല്ലം മണ്ഡലത്തിൽ
15 പേർ പത്രിക സമര്‍പ്പിച്ചു
ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പണം പൂര്‍ത്തിയായി. ഇതുവരെ 15 പേര് (ഡമ്മികള്‍ ഉള്‍പ്പടെ) നാമനിര്‍ദേശ പത്രിക നല്കി. സി.പി.എം സ്ഥാനാര്‍ഥി എം. മുകേഷ്, സ്വതന്ത്രനായ എസ്. സുരേഷ് കുമാര്‍, എസ്.യു.സി.ഐ (സി) യിലെ ട്വിങ്കിള്‍ പ്രഭാകരന്, സ്വതന്ത്രരായ എന്‍. ജയരാജന്, ജെ. നൗഷാദ് ഷെറീഫ്, എം. സി.പി.ഐ (യു) സ്ഥാനാര്‍ഥിയായ പി. കൃഷ്ണമ്മാള്‍, അംബേദകറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയിലെ ജോസ്, ബി.ജെ.പിക്കായി ജി. കൃഷ്ണകുമാര്‍, എസ്.ആര്. അരുണ്‍ബാബു (സി.പി.എം ഡമ്മി), ബി.എസ്.പി യിലെ വി.എ. വിപിന്‍ലാല്‍, ഭാരതീയ ജവാന് കിസാന്‍ പാര്‍ട്ടിയിലെ കെ. പ്രദീപ് കുമാര്‍, സ്വതന്ത്രരായ എം.എസ്. മനുശങ്കര്‍, പ്രേമചന്ദ്രന് നായര്‍, ആര്.എസ്.പി സ്ഥാനാര്‍ഥി എന്‍. കെ. പ്രേമചന്ദ്രന്, ശശികല റാവു ബി.ജെ.പി (ഡമ്മി) എന്നിവരാണ് പത്രിക സമര്‍പിച്ചത്.
പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.