കിളികൊല്ലൂര്‍: സാമ്പത്തിക തട്ടിപ്പിനിരയായ വീട്ടമ്മ ആത്മഹത്യചെയ്ത സംഭവത്തില്‍ മൂന്നുമാസത്തിന് ശേഷം യുവതി പിടിയില്‍. പോളയത്തോട് അമേയ ഭവനത്തില്‍ ലേഖ ഹരിയാണ് (39) കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്. പുന്തലത്താഴം വൃന്ദാവനം വീട്ടില്‍ സജിനി (52) കഴിഞ്ഞ ആഗസ്ത് 10നാണ് ജീവനൊടുക്കിയത്.
ഇവരുടെ പക്കല്‍നിന്ന് കണ്ടെത്തിയ ആത്മഹത്യകുറിപ്പില്‍ ലേഖയുടെ പേര് പരാമര്ശിച്ചതിനെതുടർന്ന് സജിനിയുടെ മക്കള്‍ മുഖ്യമന്ത്രിക്കും കിളികൊല്ലൂര്‍ പൊലീസിനും പരാതി നൽകിയിരുന്നു.
ലേഖ 2014ല്‍ പത്തുപേരടങ്ങുന്ന വീട്ടമ്മമാരുടെ അയല്‍ക്കൂട്ടങ്ങള്‍ രൂപവത്കരിക്കുകയും ഗ്രൂപ്പിലെ ഓരോ അംഗത്തിനും പ്രമുഖ ബാങ്ക് വഴി 30,000 രൂപ വീതം ഗ്രൂപ്പിന് മൂന്ന് ലക്ഷം രൂപ വായ്പയായി നല്‍കുകയും ചെയ്തിരുന്നു. വായ്പ തിരിച്ചടവായി ലഭിക്കുന്ന തുക ലേഖയെ ബാങ്കിലടക്കാന്‍ സജിനി ഏൽപിച്ചു. ലേഖ തുക ബാങ്കിലടക്കാതെ മറ്റ് കാര്യങ്ങള്‍ക്ക് വിനിയോഗിച്ചത്രെ.
ലോണ്‍ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ഗ്രൂപ് അംഗങ്ങള്‍ക്ക് ബാങ്ക് ജപ്തി നോട്ടീസ് അയച്ചതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിഞ്ഞത്. ഇതോടെ ഗ്രൂപ്പംഗങ്ങളായ വീട്ടമ്മമാര്‍ ലേഖയെ തങ്ങൾക്ക് പരിചയപ്പെടുത്തിയ സജിനിയോട് ബാങ്കിലെ പണമടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ സജിനി സമ്മര്‍ദത്തിലായി. തട്ടിപ്പിനിരയായവരിലേറെയും കശുവണ്ടിത്തൊഴിലാളികളായ വീട്ടമ്മമാരാണ്.
തുക തിരിച്ചടക്കണമെന്ന് സജിനി ലേഖയോട് ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. കൂടാതെ സജിനിയെ ഭീഷണിപ്പെടുത്തുകയും ചെയ്തത്രെ. ജപ്തി നടപടികളുമായി ബാങ്ക് മുന്നോട്ടുനീങ്ങിയതോടെ ഗ്രൂപ്പംഗങ്ങൾ സജിനിയുടെ വീട്ടിലെത്തി ബഹളംവെച്ചു. ഇതിനെതുടര്‍ന്നുള്ള മാനസിക സമ്മര്‍ദത്തിൽ സജിനി വീട്ടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.
സംഭവശേഷം മൂന്നുമാസമായി ഒളിവിലായിരുന്ന ലേഖ മുന്‍കൂര്‍ ജാമ്യത്തിന് ഹൈകോടതിയില്‍ ഹരജി സമര്‍പ്പിച്ചെങ്കിലും കോടതി തള്ളി. കിളികൊല്ലൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ വീട്ടിലെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. ഇവര്‍ക്കെതിരെ വഞ്ചനക്കും ആത്മഹത്യപ്രേരണക്കും കേസെടുത്തിട്ടുണ്ട്.
കിളികൊല്ലൂര്‍ സി.ഐ ഗിരീഷ്, എസ്.ഐമാരായ സ്വാതി, താഹ കോയ, സുകേഷ്, സുധീഷ്, സി.പി.ഒ സിന്ധു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്ത് തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലിലേക്ക് മാറ്റി. കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് കിളികൊല്ലൂര്‍ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.