കൊല്ലം: ജില്ലയില്‍ റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയില്‍ കടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷയുടെ ജില്ലതല വിജിലന്‍സ് സമിതി യോഗത്തില്‍ തീരുമാനം. മുളങ്കാടകം, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ കരിഞ്ചന്തയില്‍ കടത്താന്‍ സംഭരിച്ച അരി പിടിച്ചെടുത്തിട്ടുണ്ട്. റേഷന്‍ സാധനങ്ങള്‍ കടത്തുന്നത് കണ്ടെത്താന്‍ പരിശോധന തുടരാനും തീരുമാനമായി. അനധികൃതമായി കൈവശംവെച്ച മുന്‍ഗണന കാര്‍ഡുകള്‍ ഭൂരിഭാഗവും തിരിച്ചെടുത്തതായി ജില്ല സപ്ലൈ ഓഫിസര്‍ സി.വി. മോഹനകുമാര്‍ അറിയിച്ചു. ഇനിയും തിരിച്ചുനല്‍കാത്തവരെ കണ്ടെത്താന്‍ ഫീല്‍ഡ് പരിശോധന നടത്തും.
ജില്ലയില്‍ ബി.പി.എല്‍ വിഭാഗത്തിലേക്ക് 11,428 റേഷന്‍ കാര്‍ഡുകളും എ.എ.വൈ വിഭാഗത്തിലേക്ക് 37 കാര്‍ഡുകളും പുതുതായി അനുവദിച്ചു.
റേഷന്‍ സാധനങ്ങളുടെ വാതില്‍പ്പടി വിതരണത്തിനുള്ള നടപടികള്‍ ജില്ലയില്‍ പൂര്‍ത്തിയായി. ഗോതമ്പ് ക്ഷാമത്തെ തുടര്‍ന്ന് ആട്ടയുടെ ലഭ്യത ആവശ്യകതയുടെ അടിസ്ഥാനത്തിലാക്കി താല്‍ക്കാലികമായി ചുരുക്കി.
ഭക്ഷണത്തിലെ മായം കണ്ടെത്താന്‍ പരിശോധനകള്‍ വ്യാപകമാക്കി. കഴിഞ്ഞ മാസങ്ങളില്‍ ഇത്തരത്തില്‍ ക്രമക്കേട് കണ്ടെത്തിയ 120 ഷവർമ കടകള്‍ പൂട്ടിച്ചു. 5,75,000 രൂപ പിഴയീടാക്കി. 14,000 കിലോ പഴകിയ മത്സ്യവും പിടിച്ചെടുത്തിട്ടുണ്ട്. ശര്‍ക്കര, ജ്യൂസ് എന്നിവയിലെ മായം കണ്ടെത്താനും പരിശോധന തുടരും. തട്ടുകടകളില്‍ പാചകം ചെയ്യാന്‍ ഉപയോഗിച്ച എണ്ണ പുനരുപയോഗിക്കുന്നത് തടയാന്‍ പരിശോധന വ്യാപകമാക്കും. ഇത് ഏറ്റെടുത്ത് ബയോ ഡീസല്‍ ആക്കാനുള്ള പദ്ധതി നടപ്പാക്കും. കുന്നത്തൂരില്‍ ഭക്ഷ്യസുരക്ഷാ ഗോഡൗണ്‍ സ്ഥാപിക്കാന്‍ സ്ഥലം ഏറ്റെടുത്തു. എ.ഡി.എം ആര്. ബീനാറാണി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.