കൊല്ലം അഷ്​ടമുടി കായലിലെ കാവനാട് ഭാഗത്തെ തുരുത്തുകളിൽ വേലിയേറ്റത്തെ തുടർന്ന് വെള്ളം കയറിയ നിലയിൽ

കൊല്ലം ജില്ലയെ വലച്ച്​ വേലിയേറ്റ ദുരിതം

കൊല്ലം: വേലിയേറ്റ ദുരന്തത്തിൽ വലഞ്ഞ് ജില്ലയുടെ തീരദേശ ജീവിതങ്ങൾ. തുലാം, ധനു മാസങ്ങളിലെ വേലിയേറ്റം പതിവാണെങ്കിലും ഇക്കുറി കയറിയ വെള്ളം ഇറങ്ങിപ്പോകാത്തതാണ് സമാനതയില്ലാത്ത പ്രതിസന്ധി സൃഷ്്ടിക്കുന്നത്.

വേലിയേറ്റത്തിൽ അടിച്ചുകയറുന്ന മാലിന്യവും ചളിയും കോർപറേഷൻ മേഖലകളിലേയും പഞ്ചായത്തുകളിലേയും തീരദേശത്തുകാരുടെ ജീവിതം ദുരിതമയമാക്കി. കായലിനോട് ചേർന്ന മിക്ക വീട്ടുകാരും രാവിലെ ചവിട്ടിയിറങ്ങുന്നത്​ വെള്ളത്തിലേക്കാണ്. മൺറോതുരുത്തിൽ അടുപ്പ് പുകഞ്ഞിട്ട് ദിവസങ്ങളായി.

അഷ്്ടമുടിക്കായലിൽനിന്നുള്ള വെള്ളം കയറൽ കോർപറേഷൻ പരിധിയിലെ സെൻറ് ജോർജ്, സെൻറ് തോമസ് ദ്വീപുകളിലെ ജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. ഒപ്പം ചളിയും മാലിന്യവും കൂടിയാണ് അടിച്ചുകയറുന്നത്. നാല് പതിറ്റാണ്ടിനുശേഷമാണ് ഇത്തരമൊരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.

കയറിയ വെള്ളം ഒഴിഞ്ഞുപോകാത്തതിന്​ പുറമെ മാലിന്യംവന്ന് കുന്നുകൂടുന്നത് പകർച്ചവ്യാധി ഭീഷണിയും ഉണ്ടാക്കുന്നു. ദ്വീപുകളിലെ ഏതാണ്ട് പകുതിയോളം വീടുകളുടെ അവസ്ഥയും ഇതാണ്.

വെള്ളക്കെട്ട് തുടർക്കഥയായപ്പോൾ പലരും ബന്ധുവീടുകളിൽ അഭയംതേടി. വെള്ളക്കെട്ട് തുടർന്നാൽ വൈകാതെ വീടുകളെല്ലാം നിലംപൊത്തുന്ന സ്ഥിതിയാകും. ദ്വീപിന് സുരക്ഷ ഭിത്തി നിർമിക്കുകയും കുടിവെള്ളം ഉൾപ്പെടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുകയുമാണ് പരിഹാരമെന്ന് പ്രദേശവാസികൾ പറഞ്ഞു.

അഷ്്ടമുടിക്കായലോരത്തെ വീടുകളുടെയെല്ലാം സ്ഥിതി ഇതിന് സമാനമാണ്. മുമ്പെങ്ങുമില്ലാത്തവിധം വേലി​േയറ്റമാണ് രണ്ടാഴ്ചയായി ഉണ്ടാകുന്നത്. കക്കൂസ് മാലിന്യംവരെ പുറത്തേക്കൊഴുകുന്ന സ്ഥിതിയാണ് പലയിടത്തും. കായലോരത്ത് കരിങ്കൽഭിത്തി കെട്ടിയാൽ ഒരളവുവരെ പരിഹാരമുണ്ടാകുമെന്ന്​ ജനപ്രതിനിധികളും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു. കൊല്ലം താലൂക്കിൽ 476.05 ച.കി.മീറ്റർ വേലിയേറ്റ രേഖയിൽപെടുന്നതാണ്.

പള്ളിക്കലാറ്, കല്ലടയാറ്, ഇത്തിക്കരയാറ് എന്നിവയുടെ പോഷക നദികളും അഷ്്ടമുടിക്കായലിനോട് ചേർന്ന കൊല്ലം കനാലുകളും തോടുകളുമെല്ലാം വേലിയേറ്റ പ്രവാഹം ബാധിക്കുന്നവയാണ്. വേലിയേറ്റ രേഖയോട് ചേർന്ന മേഖലയിൽനിന്ന് 200 മീറ്റർ പരിധി നിർമാണങ്ങളുൾപ്പെടെ എല്ലാ വികസനങ്ങളും നിഷിദ്ധമായ മേഖലയാണ്.

പ്രകൃതിദത്തമായ കനാലുകളുടെ നികത്തലുകളോ കൈയേറ്റമോ ഒക്കെ വേലിയേറ്റ പ്രവാഹത്തെ തടസ്സപ്പെടുത്തുണ്ട്. 26 ഗ്രാമപഞ്ചായത്തുകളും, കൊല്ലം കോർപറേഷൻ, കരുനാഗപ്പള്ളി, പരവൂർ മുനിസിപ്പാലിറ്റി പ്രദേശങ്ങൾ എന്നിവ തീരദേശ നിയന്ത്രണമേഖലയുടെ പരിധിയിലുള്ളവയാണ്. അനിയന്ത്രിതമായ കൈയേറ്റവും നികത്തലുമെല്ലാം നിലവിലെ സ്ഥിതി രൂക്ഷമാക്കുന്നുണ്ട്. 

Tags:    
News Summary - Tidal wave hits Kollam district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.