കൊല്ലം: നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയർന്നതോടെ കുടുംബ ബജറ്റ് താളം തെറ്റുന്നു. നിയന്ത്രണമില്ലാതെ കുതിക്കുന്ന വിലവർധനവിനെ പിടിച്ചുനിർത്താൻ നടപടികളില്ലാത്തതും ഉപഭോക്താക്കളെ വലയ്ക്കുന്നു.
പച്ചക്കറികളുടെയും പലവ്യഞ്ജനത്തിന്റെയും വില ദിവസംതോറും കൂടുകയാണ്. മംഗലപുരം കശ്മീരി മുളകിന് 200 രൂപക്ക് മുകളിലായി വർധന.
മൊത്തവിപണിയിൽ ഒരു കിലോ കശ്മീരി മുളകിന് 740-800 രൂപയായി ഉയർന്നു. അടുത്തിടെ വരെ 540-600 രൂപയായിരുന്നു വില. ഗുണ്ടൂർ (പാണ്ടി) വറ്റൽ മുളകിന് കിലോയ്ക്ക് 15 രൂപ ഉയർന്ന് മൊത്ത വിപണിയിൽ 260 രൂപയായി.
ഗുണ്ടൂർ പിരിയൻ മുളകിനു 360 രൂപയായി. 10 രൂപയാണ് വർധിച്ചത്. കിലോഗ്രാമിന് കഴിഞ്ഞമാസം 30 രൂപയായിരുന്ന പച്ചമുളകിന് 60 രൂപയായി. വറ്റൽമുളക് 220ൽനിന്ന് 280 ആയി.
മുളക്, പയർ, പരിപ്പ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾക്ക് വില ഉയരുകയാണ്. പച്ചക്കറികളിൽ ഇഞ്ചിക്കും വെളുത്തുള്ളിക്കും 100ന് മുകളിലാണ് കിലോ വില. അരി വില മാറ്റമില്ലാതെ തുടരുന്നുവെങ്കിലും ഇന്ധന സെസ് വർധിപ്പിച്ചത് വില വർധിക്കാനിടയാക്കുമോയെന്ന ആശങ്കയിലാണ് വ്യാപാരികൾ.
വെള്ളക്കടല, ഉഴുന്ന്, തുവരപ്പരിപ്പ്, വടപ്പരിപ്പ് എന്നിവക്ക് 100 രൂപക്ക് മുകളിലാണ് കിലോ വില. പച്ചക്കറികളിൽ വെണ്ട, ബീറ്റ്റൂട്ട്, സവാള, തക്കാളി എന്നിവയ്ക്കാണ് വിലയിൽ ആശ്വാസമുള്ളത്. ചെറുനാരങ്ങക്ക് 110-120 രൂപ, കാരറ്റ്, ബീൻസ്, കത്തിരി എന്നിവയ്ക്ക് 50ന് മുകളിലുമാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.