കൊല്ലം: വിലക്കയറ്റ സൂചി ദിനംപ്രതി മുകളിലേക്ക് കുതിക്കുന്ന പച്ചക്കറി വിപണി കുടുംബബജറ്റുകളെ താളംതെറ്റിക്കുന്നത് തുടരുന്നു. പച്ചക്കറിയും പഴവർഗവും യാതൊരു ദാക്ഷിണ്യവുമില്ലാത്ത വിലക്കയറ്റത്തിന്റെ പാതയിലാണ്. തക്കാളിയും ചെറിയ ഉള്ളിയും ഇഞ്ചിയുമാണ് വിലക്കാര്യകുതിച്ചോട്ടത്തിൽ മുന്നിൽ നിൽക്കുന്നത്. സെഞ്ചുറിയും കടന്ന് തക്കാളി മുന്നേറവേ ഒരാഴ്ചകൊണ്ട് സെഞ്ചുറി പിന്നിട്ട് വൻ ‘മുന്നേറ്റമാണ്’ ചെറിയഉള്ളിയും കാഴ്ചെവച്ചത്. ഇഞ്ചിയും കാര്യമായ മത്സരത്തോടെ നാളുകളായി ഏറെമുന്നിൽ തന്നെയുണ്ട്. പലചരക്ക് വിപണിയിൽ കിട്ടുന്ന ആശ്വാസമെല്ലാം പച്ചക്കറിക്കടയിൽ എത്തുമ്പോൾ അവസാനിക്കുകയാണെന്ന് പരിഭവിക്കുകയാണ് ഉപഭോക്താക്കൾ. ഏറെ ആവശ്യക്കാരുണ്ടാകാറുള്ള പച്ചക്കറിക്കിറ്റ് 100 രൂപക്ക് പോലും കൊടുക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് വ്യാപാരികളും പറയുന്നു. കുത്തനെ വില കയറുന്നതിനിടയിലും ചെറു ആശ്വാസമായി സവാള, ഉരുളക്കിഴങ്ങ്, വെള്ളരി പോലുള്ളവ താരതമ്യേന താഴ്ന്ന വിലയിൽ തന്നെ ലഭിക്കുന്നുണ്ട്.
വില്ലനായി കാലാവസ്ഥയും ക്ഷാമവും മഴയും വെള്ളപ്പൊക്കവും ഉൾപ്പെടെ കാലാവസ്ഥയിലെ സ്ഥിരം പ്രശ്നങ്ങൾ തന്നെയാണ് വിലക്കയറ്റത്തിന് പ്രധാനകാരണം. കേരളം പ്രധാനമായും ആശ്രയിക്കുന്ന ഇതര സംസ്ഥാനങ്ങളിൽ കാര്യമായ കാലാവസ്ഥ പ്രശ്നങ്ങളില്ലെങ്കിലും അവിടെനിന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വൻതോതിൽ പച്ചക്കറി കയറിപ്പോകുന്നത് കാരണം കേരളവിപണിയിലേക്കുള്ള ഒഴുക്ക് കുറഞ്ഞത് വിനയായി. വലിയ രീതിയിലുള്ള ക്ഷാമമാണ് ഇതരസംസ്ഥാന വിപണികളിൽ സാധനങ്ങൾക്ക് അനുഭവപ്പെടുന്നത്. മലയാളിവ്യാപാരികൾ കൂടുതലും ചെന്നെത്തുന്ന കർണാടകയിലെ മൈസൂരുവിലും ഹൊസൂരിലും തക്കാളി കിട്ടാൻ ഇല്ലാത്ത അവസ്ഥയാണ്. പൊന്നുംവില നൽകി അസമിലെയും പശ്ചിമബംഗാളിലേക്കും ഉൾപ്പെടെ കയറ്റിവിടുകയാണ്. കേരളത്തിനായി കിട്ടുന്നതിനാകട്ടെ 27 കിലോയുള്ള പെട്ടിക്ക് 3000 രൂപയാണ് വ്യാപാരികൾ നൽകേണ്ടിവരുന്നത്. വയനാടൻ ഇഞ്ചി സീസൺ പ്രതീക്ഷിച്ചിരുന്നവർക്ക് അടിയായി മഴയിൽ കൃഷിയെല്ലാം നശിച്ചതോടെ പഴയ ഇഞ്ചിയാണ് ഇപ്പോൾ എത്തുന്നത്. മുമ്പ് 55 കിലോ വരുന്ന ഒരു ചാക്ക് ഇഞ്ചിക്ക് 2000-2500 രൂപ കൊടുത്തിരുന്ന സ്ഥാനത്ത് 14000 രൂപ വരെയാണ് ഇപ്പോൾ നൽകേണ്ടത്. പല വലുപ്പമനുസരിച്ച് വില വ്യത്യാസം വരുന്ന ചെറിയഉള്ളിക്ക് 165-170 രൂപ വരെ റീട്ടെയിൽ വിപണിയിൽ വില നൽകണം. കഴിഞ്ഞ തിങ്കളാഴ്ച 90 രൂപയിൽ കിടന്ന ചെറിയഉള്ളി ഒരാഴ്ച കൊണ്ടാണ് ഇത്ര വി.ഐ.പിയായതെന്ന് വ്യാപാരികൾ പറയുന്നു.
തമിഴ്നാട്ടിലെല്ലായിടത്തും വൻ ക്ഷാമമാണ് ചെറിയഉള്ളിക്ക് നേരിടുന്നത്. കർഷകർ കൃഷിവിട്ടത് വിന ആറ് മാസങ്ങൾക്ക് മുമ്പ് വെണ്ടക്കയും അമരയും മറ്റ് പച്ചക്കറികൾ പലതും കിലോക്ക് രണ്ട് രൂപക്കും നാലിനും വരെ കിട്ടിയിരുന്ന സ്ഥിതിയാണ് ഇപ്പോൾ കടുത്ത ക്ഷാമമായി തിരിച്ചടിക്കുന്നത്. അന്ന് കനത്ത നഷ്ടം നേരിട്ട കർഷകരിൽ വലിയൊരു വിഭാഗം അതോടെ പച്ചക്കറികൃഷി കൈവിട്ടതാണ് വിനയായത്. തമിഴ്നാട്ടിൽ പലയിടത്തും ചോളം, കപ്പലണ്ടി, ചണം കൃഷിയിലേക്ക് തിരിഞ്ഞ ‘മുൻ’ പച്ചക്കറി കൃഷിക്കാർ നിരവധിയാണ്. വാങ്ങാൻ കിട്ടാതെ നിലവിൽ പച്ചക്കറി ക്ഷാമം രൂക്ഷമായതിന് ഇത് പ്രധാന കാരണമാണെന്ന് വ്യാപാരികൾ പറയുന്നു. അന്ന് നഷ്ടമുണ്ടായിട്ടും പച്ചക്കറി കൈവിടാതിരുന്ന കർഷകരാകട്ടെ ഇന്ന് പൊന്നുംവില വാങ്ങുന്നവരാണ്. അത്തരക്കാർ അന്ന് 15 രൂപക്ക് വിറ്റിരുന്ന ബീൻസൊക്കെ 115 രൂപക്ക് ആണ് ഇപ്പോൾ നൽകുന്നത്.
ഈ വില കണ്ട് മറ്റുള്ളവർ വീണ്ടും പച്ചക്കറി കൃഷി തുടങ്ങി വിളവെടുപ്പ് എത്തുമ്പോഴേക്കും ആറ് മാസം മുമ്പത്തെ പോലെ സപ്ലൈ കൂടുകയും വില ഇടിയുകയും ചെയ്യുന്ന സ്ഥിതി വരുമെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, വരും ദിവസങ്ങളിൽ തമിഴ്നാട്ടിൽ കനത്ത മഴ പെയ്താൽ നിലവിലുള്ള കൃഷി നശിക്കുകയും സ്ഥിതി കൂടുതൽ മോശമാകുകയും ചെയ്യും. ഈ സ്ഥിതി പോയാൽ അടുത്തമാസം ഓണവും കത്തിവിലയിൽ എത്തിനിൽക്കുമോ എന്ന ആശങ്കയും വ്യാപാരികൾ പങ്കുെവക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.