പുനലൂർ: മോട്ടോർ വാഹന വകുപ്പിന്റെ പുനലൂർ ഓഫിസ് പരിധിയിലെ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ശിവൻകോവിലിന് സമീപത്തെ ഗ്രൗണ്ടിൽ വിജിലൻസ് പരിശോധന നടത്തി. കണക്കിൽപെടാത്ത പണവും മറ്റ് ക്രമക്കേടുകളും കണ്ടെത്തി. ഇടനിലക്കാർ മുഖാന്തരം ഉദ്യോഗസ്ഥർ അനധികൃത പണമിടപാട് നടത്തുന്നെന്നും ടെസ്റ്റ് വേളയിൽ മറ്റ് അനധികൃത ഇടപെലുകൾ ഉണ്ടാകുന്നെന്നുമുള്ള പരാതിയെ തുടർന്നാണ് പരിശോധന.
തിരുവനന്തപുരത്തുനിന്നുള്ള വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്. മതിയായ രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന 12000 രൂപ പിടിച്ചെടുത്തു. ഏജന്റുമാർക്ക് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ നിൽക്കണമെങ്കിൽ തിരിച്ചറിയൽ കാർഡും യൂനിഫോമും വേണം. ഒരാൾക്ക് മാത്രമാണ് സഹായിയായി നിൽക്കാൻ സാധിക്കുക. എന്നാൽ, ഇവിടെ ഒരു മാനദണ്ഡങ്ങളും പാലിച്ചില്ലെന്ന് സംഘത്തിന് ബോധ്യമായി. രാവിലെ ഗ്രൗണ്ടിന്റെ പരിസരത്തെത്തിയ സംഘം ടെസ്റ്റും മറ്റു നടപടികളും നിരീക്ഷിച്ച ശേഷമാണ് പരിശോധനയിലേക്ക് കടന്നത്. വിജിലൻസ് സി.ഐ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എ.എസ്.ഐമാരായ അശോക് കുമാർ, വിനീത്, സുമന്ദ്, രതീഷ് അജിത്ത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.