കൊല്ലം: വിസ്മയ കേസിൽ ജയിലിൽ കഴിയുന്ന പ്രതി കിരൺ കുമാറിെൻറ രണ്ടാമത്തെ ജാമ്യാപേക്ഷയും കോടതി തള്ളി. ജില്ല സെഷൻസ് ജഡ്ജി കെ.വി. ജയകുമാറാണ് ജാമ്യാപേക്ഷ നിരസിച്ചത്. ആദ്യ ജാമ്യാപേക്ഷ തള്ളിയതിനുള്ള കാരണങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതായി കോടതി നിരീക്ഷിച്ചു. വ്യക്തി സ്വാതന്ത്ര്യവും ആരോപണങ്ങളുടെ സാമൂഹിക പ്രസക്തിയും തുലനം ചെയ്യേണ്ടതുണ്ട്. കേസിലെ നിലവിലെ വസ്തുതകൾ പരിശോധിച്ചതിൽ പ്രതി ജാമ്യത്തിന് അർഹനല്ലെന്നും കോടതി വ്യക്തമാക്കി.
വിചാരണ വേഗത്തിൽ വേണമെന്ന പ്രോസിക്യൂഷെൻറ ആവശ്യം ന്യായമാണെന്നും കോടതി നിരീക്ഷിച്ചു. സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ജി. മോഹൻരാജ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി. അഡ്വ. ബി.എ. ആളൂരിനെ ഒഴിവാക്കിയതോടെ പ്രതിഭാഗത്തിന് വേണ്ടി അഡ്വ. പ്രതാപചന്ദ്രൻ ഹാജരായി. കുറ്റപത്രം അടുത്ത ആഴ്ചയോടെ സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. കിരൺ കുമാറിെന സർക്കാർ സർവിസിൽനിന്ന് പുറത്താക്കിയിരുന്നു.
കുറ്റപത്രം ഈ മാസം പത്തിന്
ശാസ്താംകോട്ട: വിസ്മയ കേസില്‍ ഈ മാസം പത്തിന് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കും. നാല്പതിലേറെ സാക്ഷികളുള്ള കേസിൽ ഡിജിറ്റല്‍ തെളിവുകളിലൂന്നിയാണ് അന്തിമ കുറ്റപത്രം തയാറാക്കുന്നത്. സാക്ഷികൾക്ക് പുറമെ ഇരുപതിലേറെ തൊണ്ടിമുതലുകളും കോടതിക്ക് മുന്നിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.