കൊല്ലം: നഗരത്തിലെ ജൈവ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമൊരുക്കാൻ, ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്നറിയപ്പെടുന്ന ഇൻഡോറിനെ മാതൃകയാക്കാനൊരുങ്ങി കൊല്ലം കോർപറേഷൻ. നിലവിൽ കോർപറേഷന് തലവേദനയായ ജൈവ മാലിന്യ സംസ്കരണത്തിന് പരിഹാരം കാണുന്നതിനാണ് മധ്യപ്രദേശിലെ ഇൻഡോറിന്റെ മാതൃക പിൻപറ്റുന്നത്.
ഇൻഡോറിന് സമാനമായി കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതിയാണ് ഒരുങ്ങുന്നതെന്ന് കൗൺസിൽ യോഗത്തിൽ മേയർ പ്രസന്ന ഏണസ്റ്റ് വ്യക്തമാക്കി. കുരീപ്പുഴയിൽ ബയോമൈനിങ് വഴി ലഭ്യമായ ഏഴര ഏക്കറിൽ ആയിരിക്കും സ്ഥലം കണ്ടെത്തുക. നിലവിൽ കെ.എസ്.ഐ.ഡി.സിയുടെ കൈയിലാണ് സ്ഥലം. ബയോമൈനിങ്ങിന് ശേഷം വേസ്റ്റ് ടു എനർജി പദ്ധതി സ്ഥാപിക്കാൻ ആയിരുന്നു ലക്ഷ്യമിട്ടതെങ്കിലും പദ്ധതി നടപ്പാക്കാത്തതിനാൽ കരാർ റദ്ദാക്കിയിരിക്കുകയാണ്. ഉടൻ സ്ഥലം തിരികെ വാങ്ങി അവിടെ ബജറ്റിൽ പ്രഖ്യാപിച്ച മിറക്കിൾ പാർക്ക് സ്ഥാപിക്കുന്നതിനൊപ്പം ബയോഗ്യാസ് പ്ലാന്റിനും സ്ഥലം കണ്ടെത്തുമെന്ന് മേയർ പറഞ്ഞു.
നിലവിൽ കൊല്ലം നഗരത്തിൽ 117 ടൺ ജൈവമാലിന്യം വരെ ആണ് ദിനംപ്രതി ഉൽപാദിപ്പിക്കപ്പെടുന്നത്. ഇതിൽ 80 ടൺ മാലിന്യവും വീടുകളിലും സ്ഥാപനങ്ങളിലും വിവിധ ഏജൻസികൾ വഴിയും സംസ്കരിക്കപ്പെടുന്നുണ്ട്. 20 ടൺ മാലിന്യത്തിന്റെ സംസ്കരണമാണ് പ്രശ്നം.
ആറ് ടൺ വരെ മാലിന്യം ദിവസവും തെരുവുകളിലും തീരപ്രദേശത്തുമെല്ലാം വലിച്ചെറിയപ്പെടുന്നതായാണ് കോർപറേഷന്റെ തന്നെ കണക്ക്. ഇതിനൊരു പരിഹാരമായാണ് പുതിയ പ്ലാന്റ്. കോർപറേഷൻ ഉദ്യോഗസ്ഥ സംഘം ഇതിനായി ഇൻഡോർ സന്ദർശിച്ച് പ്ലാന്റിനെ കുറിച്ച് കൂടുതൽ മനസിലാക്കി. 4.5 കോടി രൂപ വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 75 സെന്റ് സ്ഥലം ആവശ്യമായി വരും. പ്ലാന്റ് സംബന്ധിച്ച് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുമായും ചർച്ച നടത്തിയിട്ടുണ്ട്.
പദ്ധതിയുടെ പ്രൊപോസൽ കൗൺസിൽ യോഗം ചർച്ച ചെയ്തു. നഗരസഭയിൽ ആദ്യ പരിഗണന നൽകി പൂർത്തിയാക്കേണ്ട പദ്ധതി ആണെന്ന് ഹണി ബെഞ്ചമിൻ പറഞ്ഞു, ടെൻഡറിൽ കൂടിയെ നടപ്പാക്കാവു എന്നും ആവശ്യപ്പെട്ടു. പദ്ധതിയുടെ സാധ്യത പഠനം ഉൾപ്പെടെ നടപടിയുമായി മുന്നോട്ടുപോകാൻ കൗൺസിൽ തീരുമാനിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ സജീവ് സോമൻ, എസ്. ജയൻ, എ.കെ. സവാദ്, കൗൺസിലർമാരായ എം. പുഷ്പാംഗദൻ, ദീപു ഗംഗാധരൻ, എ.നൗഷാദ്, ടി.ജി. ഗിരീഷ്, ബി. സാബു, ദീപു ഗംഗാധരൻ, സന്തോഷ്, എം.എച്ച്. നിസാമുദീൻ, എൻ. ടോമി, ഹംസത്ത് ബീവി, സ്വർണമ്മ, സേതുലക്ഷ്മി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
മാലിന്യം വലിച്ചെറിയുന്നത് നഗരത്തിൽ വ്യാപകമാകുന്നതിനെ കുറിച്ച് കൗൺസിലർമാർ ആശങ്ക ഉന്നയിച്ചു. അത്തരം സ്ഥലങ്ങളിൽ ഉടൻ കാമറ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതായി സ്ഥിരം സമിതി അധ്യക്ഷ യു. പവിത്ര അറിയിച്ചു. 30 കാമറകൾ ആണ് ആദ്യ ഘട്ടത്തിൽ സ്ഥാപിക്കുക. ആവശ്യമായ സ്ഥലങ്ങളുടെ പേരുകൾ കൗൺസിലർമാർ ഉടൻ നൽകണമെന്നും ആവശ്യപ്പെട്ടു. മണിച്ചിതോട്ടിലേക്ക് വന്നുചേരുന്ന മണ്ണാൻതോടിൽ കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നത് സംബന്ധിച്ച് നിരവധി തവണ പരാതി നൽകിയിട്ടും ഇപ്പോഴും സ്ഥിതി രൂക്ഷമാണെന്ന് ഹണി ബെഞ്ചമിൻ പറഞ്ഞു.
പകൽ പോലും ടാങ്കറുകളിൽ നഗരത്തിലൂടെ മാലിന്യം കൊണ്ടുപോകുകയും ഇവിടങ്ങളിൽ നിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. കുരീപ്പുഴയിലെ എസ്.ടി.പി പ്രവർത്തനക്ഷമം ആകുന്നത് വരെയെങ്കിലും തിരുവനന്തപുരത്തെ മുട്ടത്തറ പ്ലാന്റിലേക്ക് ഇത്തരം മാലിന്യം കൊണ്ടുപോകാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണം ഭൂരിഭാഗവും പൂർത്തിയായതായും മാലിന്യം എത്തിക്കുന്ന ലൈനിലെ പ്രശ്നമാണ് പദ്ധതി വൈകിച്ചതെന്നും മേയർ പറഞ്ഞു.
പ്ലാന്റ് പ്രവർത്തനം ആരംഭിക്കുന്നത് വരെ മുട്ടത്തറയിൽ മാലിന്യം എത്തിച്ച് സംസ്കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമെന്നും അറിയിച്ചു. പോർട്ട് മേഖലയിലെ മാലിന്യ പ്രശ്നവും പകർച്ചവ്യാധികൾ വർധിക്കുകയാണെന്നതും യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ജോർജ് ഡി. കാട്ടിൽ ചർച്ചയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.