കുളത്തൂപ്പുഴ: കാടിറങ്ങി ജനവാസ മേഖലയിലെത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷിനശിപ്പിക്കുകയും പ്രദേശവാസികളുടെ വീടുകള്‍ തകര്‍ക്കുകയും ചെയ്തു. മൈലമൂട് മാത്രക്കരിക്കം ശ്രീഭവനില്‍ അശോക് കുമാറിന്റെ വീട് പൂര്‍ണമായും ലീനാ ഭവനില്‍ കോമള വല്ലിയുടെ വീടിന്റെ പിന്‍ഭാഗവും അടുക്കളയും തകര്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. എട്ടോടെ വനത്തിറമ്പിലെ വേലി തകര്‍ത്ത് കൃഷിയിടത്തിലേക്ക് കടന്ന ആനക്കൂട്ടം തെങ്ങുകളും കമുകുകളും മറ്റു കൃഷികളും നശിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ട കുടുംബങ്ങള്‍ തുരത്താന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആനക്കൂട്ടം വീടിനു സമീപത്തേക്ക് വരുന്നതു കണ്ട് ഇവര്‍ കുടുംബാംഗങ്ങളോടൊപ്പം സമീപത്ത് ഉയര്‍ന്ന പ്രദേശത്ത് താമസിക്കുന്നവരുടെ വീടുകളിലേക്ക് മാറുകയായിരുന്നു. തുരത്താന്‍ ശ്രമിച്ചിട്ടും പിന്മാറാന് തയാറാകാതെ ഏറെ വൈകിയും പ്രദേശത്ത് നിലയുറപ്പിച്ച കാട്ടാനക്കൂട്ടം പുലര്‍ച്ച കാട്ടിലേക്ക് മടങ്ങിയതിനു പിന്നാലെയാണ് വീടുകള്‍ തകര്‍ന്ന വിവരം ഇവര്‍ അറിയുന്നത്.
അശോക് കുമാറിന്റെ ഷീറ്റ് മേഞ്ഞ വീട് പൂര്‍ണമായി തകര്‍ത്ത കാട്ടാനകള്‍ കോമളവല്ലിയുടെ ചുടുകട്ട കെട്ടിയ വീടിന്റെ ഭിത്തിയാണ് തള്ളിയിട്ടത്. വ്യാപകമായി കൃഷിനാശം വരുത്തിയതായും പ്രദേശവാസികള്‍ പറഞ്ഞു.
ജനവാസ മേഖലക്കു ചുറ്റുമായി വനം വകുപ്പ് സ്ഥാപിച്ചിട്ടുള്ള സൗരോര്‍ജ വേലി തകര്‍ന്നടിഞ്ഞിട്ട് കാലങ്ങളായെന്നും കാട്ടുമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് കടന്നു കയറാതിരിക്കാനായി വനം വകുപ്പ് ഇപ്പോള്‍ ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ച നാട്ടുകാര്‍ പ്രദേശവാസികളുടെ സ്വത്തിനും ജീവനും സംരക്ഷണമേര്‍പ്പെടുത്താന്‍ അധികൃതര്‍ തയാറാകണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.