പുനലൂർ: അലിമുക്ക്-അച്ചൻകോവിൽ കാനന പാതയിൽ മണ്ണാറപ്പാറ വനം റേഞ്ചിലെ വളയത്ത് കുട്ടിക്കൊമ്പനെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ഒന്നര വയസ്സ് പ്രായം വരുന്ന ആനക്കുട്ടിയുടെ ജഡമാണ് വെള്ളിയാഴ്ച രാവിലെ യാത്രക്കാർ കണ്ടെത്തിയത്. പാതയോരത്ത് തല കുമ്പിട്ട നിലയിലായിരുന്നു ജഡം കാണപ്പെട്ടത്. സമീപത്ത് തള്ളയാനയടക്കം നിലയുറപ്പിച്ചിരുന്നു.
വിവരമറിഞ്ഞ് മണ്ണാറപ്പാറ ഫോറസ്റ്റ് റേഞ്ച് ഓഫിസർ അനിൽകുമാറും സംഘവും സ്ഥലത്തെത്തിയെങ്കിലും മറ്റ് അനകളുടെ സാന്നിധ്യം കാരണം അടുക്കാനായില്ല. പിന്നീട് മറ്റു ആനകളെ വിരട്ടിയകറ്റിയ ശേഷം ജഡം പോസ്റ്റ്മോർട്ടം ചെയ്ത് ഉച്ചയോടെ കാട്ടിൽ സംസ്കരിച്ചു. കോന്നി ഫോറസ്റ്റ് വെറ്ററിനറി അസി. സർജൻ ഡോ. ശ്യാം ചന്ദ്രൻ പോസ്റ്റ് മോർട്ടം നടത്തി. ഹൃദയത്തോട് ചേർന്നുള്ള ആന്തരികമായ പരിക്ക് കണ്ടെത്തി. ഇതാകാം മരണകാരണമെന്ന് ഡോക്ടർ സൂചിപ്പിച്ചതായി റേഞ്ച് ഓഫിസർ പറഞ്ഞു. തള്ളയാന അലറി വിളിച്ച് ഇടക്കിടെ അക്രമകാരിയായി പരിസരത്ത് വന്നു പോകുന്നതായി വനപാലകർ പറഞ്ഞു. ഈ ആന കൂടുതൽ അപകടകാരിയാകാൻ സാധ്യതയുള്ളതിനാൽ ഈ ഭാഗത്ത് വാഹനങ്ങൾ കടന്നുപോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. കെ.എസ്.ആർ.ടി.സി ബസടക്കം നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയാണിത്. ഇരുഭാഗത്തും വനപാലകർ നിലയുറപ്പിച്ച് ആനക്കൂട്ടത്തിന്റെ സാന്നിധ്യം മനസ്സിലാക്കിയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഇതുവഴിയുള്ള യാത്രക്കാർ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ പറഞ്ഞു. സംഭവസ്ഥലത്തിന് 200 മീറ്റർ ചുറ്റളവിൽ വാഹനത്തിൽനിന്ന് പുറത്തിറങ്ങുന്നതിന് മൂന്ന് ദിവസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇതിനടുത്താണ് ആറുമാസം മുമ്പ് ഒരു കാൽനടക്കാരനെ ആന ചവിട്ടിക്കൊന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.