ഓയൂർ: ഇക്കോ ടൂറിസം പദ്ധതിയായ മരുതിമലയിൽനിന്ന് 1000 അടി താഴ്ചയിലേക്ക് വീണ് യുവതിക്ക് ഗുരുതര പരിക്ക്. ഓടനാവട്ടം മുട്ടറ അജി ഭവനത്തിൽ അഭിയെയാണ് (20) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് വെളിയം ശ്രീജിത്ത് ഭവനിൽ അംജിത്തിനെ (20) പൂയപ്പള്ളി പൊലീസ് ചോദ്യം ചെയ്യുകയാണ്.
ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. ബൈക്കിലെത്തിയ ഇവർ മരുതിമലയിലെ ചെറുകരക്കോണം ഭാഗത്തുകൂടി മലമുകളിൽ കയറി. അവിടെ സംസാരിച്ചിരിക്കുന്നതിനിടെ യുവതി കൈയിൽ കരുതിയിരുന്ന മിഠായി തനിക്ക് നൽകിയെന്ന് അംജിത്ത് പറയുന്നു.
അത് മലയടിവാരത്തെ ബൈക്കിൽ വെച്ചതിനുശേഷം വീണ്ടും മല കയറിയെത്തിയപ്പോൾ പെൺകുട്ടി താഴെ വീഴുന്നതാണ് കണ്ടതെന്ന് അംജിത്ത് പൊലീസിന് മൊഴി നൽകി. അംജിത്തിന്റെ നിലവിളി കേട്ട് മലമുകളിലെ ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ പൊലീസും മറ്റുള്ളവരും ഓടിയെത്തി പെൺകുട്ടിയെ രക്ഷിച്ച് ആംബുലൻസിൽ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തലക്ക് ഗുരുതര പരിക്കേറ്റ പെൺകുട്ടിയെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹൈദരാബാദിൽ നഴ്സിങ് വിദ്യാർഥിനിയാണ് അഭി. സൗഹൃദത്തിലായിരുന്ന ഇരുവരും ഇടക്ക് അകൽച്ചയിലായിരുന്നു. വീണ്ടും സംസാരിക്കാൻ മരുതിമലയിൽ എത്തിയതായിരുന്നെന്നാണ് യുവാവ് പറയുന്നത്. കഴിഞ്ഞമാസം 24നാണ് പെൺകുട്ടി ഹൈദരാബാദിൽനിന്ന് വീട്ടിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.