ഇനിയില്ല, കോട്ടയത്തെ തുരങ്കയാത്ര

പാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായാണ് തുരങ്കയാത്ര ഒഴിവാക്കുന്നത്​ കോട്ടയം: ട്രെയിനുകളെ ഇരുട്ടിലാക്കുന്ന കോട്ടയത്തെ തുരങ്കയാത്ര ഇനി ഓർമ. വ്യാഴാഴ്ച രാവിലെ 7.45നുശേഷം തുരങ്കം വഴി യാത്ര ട്രെയിനുകളില്ല. ഇതോടെ കോട്ടയം റെയിൽവേ സ്​റ്റേഷനോട്​ ചേർന്ന തുരങ്കയാത്രകൾ ചരിത്രത്തിന്‍റെ ഭാഗമാകും. പാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായാണ് തുരങ്കയാത്ര ഒഴിവാക്കുന്നത്​. യാത്ര റൂട്ടില്‍നിന്ന് ഒഴിവാക്കുമെങ്കിലും റെയില്‍വേ സ്‌റ്റേഷന്​ സമീപവും റബര്‍ ബോര്‍ഡിന്​ സമീപവുമുള്ള തുരങ്കങ്ങള്‍ നിലനിര്‍ത്താനാണ്​ റെയില്‍വേയുടെ തീരുമാനം. ഈ തുരങ്കപാത പിന്നീട് ഷണ്ടിങ്ങിനായി ഉപയോഗിക്കും. കോട്ടയം വഴിയുള്ള ട്രെയിന്‍ യാത്രയിലെ കൗതുകമായിരുന്നു ഈ തുരങ്കയാത്ര. ഇ​​രുട്ടിനൊപ്പം തിരുവനന്തപുരം ഭാഗത്തുനിന്നുള്ള യാത്രക്കാർക്ക്​ കോട്ടയം റെയിൽവേ സ്​റ്റേഷന്​ അരികിലെത്തിയെന്ന സിഗ്​നൽ കൂടിയായിരുന്നു ഇത്​. പാത ഇരട്ടിപ്പിക്കലിന്‍റെ ആദ്യഘട്ടത്തിൽ ഈ തുരങ്കങ്ങൾ നിലനിർത്തി, സമീപത്ത്​ പുതിയ തുരങ്കം നിർമിച്ച്​​ ഇതിലൂടെ പാത കടത്തിവിടാനായിരുന്നു ആലോചന. എന്നാല്‍, ഇവിടെ മണ്ണിന് ഉറപ്പില്ലെന്നു കണ്ടതോടെ തുരങ്ക പദ്ധതി ഉപേക്ഷിക്കുകയും മണ്ണ്​ നീക്കി പുതിയ പാത നിര്‍മിക്കുകയുമായിരുന്നു. കോട്ടയം സ്‌റ്റേഷന്‍ മുതല്‍ മുട്ടമ്പലം വരെ രണ്ടു പുതിയ പാതകളാണ് ഇതിനായി നിര്‍മിച്ചത്. പുതിയ പാതയിലൂടെ ട്രെയിൻ കടത്തിവിടുന്നതിന്‍റെ ഭാഗമായി വ്യാഴാഴ്ച രാവിലെ 10 മണിക്കൂർ ജോലികളാണ്​ റെയിൽവേ ക്രമീകരിച്ചിരിക്കുന്നത്​. ഇത്​ പൂർത്തിയാക്കി വൈകീട്ടോടെ പുതിയ പാതയിലൂടെ ട്രെയിൻ കടന്നുപോകും. 1957ലാണ്​ കോട്ടയത്ത്​ തുരങ്കങ്ങള്‍ നിര്‍മിച്ചത്. അന്നു നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ്​ ആറുപേര്‍ മരിച്ചതും റെയില്‍വേയുടെ എന്‍ജിനീയറിങ് വിഭാഗം ഇവരുടെ സ്മരണക്കായി മേൽപാലത്തോട് ചേര്‍ന്ന്​ സ്തൂപം നിര്‍മിച്ചതും ചരിത്രത്തിന്‍റെ ഭാഗമാണ്. 1957 ഒക്‌ടോബര്‍ 20നായിരുന്നു അപകടം. അതിനിടെ, പാത ഇരട്ടിപ്പിക്കല്‍ ജോലികളും അതിവേഗം പുരോഗമിക്കുകയാണ്​. റെയിൽവേ സ്‌റ്റേഷന്‍-മുട്ടമ്പലം ഭാഗത്തെ ജോലികളാണ് പുരോഗമിക്കുന്നത്. ഈമാസം 29ന്​ പാറോലിക്കലില്‍ പുതിയ ട്രാക്കും പഴയ ട്രാക്കും ബന്ധിപ്പിക്കും. തുടർന്ന്​ വൈകീട്ട് പുതിയ പാതയിലൂടെ ട്രെയിന്‍ ഓടും. ഇതോടെ കോട്ടയം വഴിയുള്ള പാതയിരട്ടിപ്പിക്കൽ പൂർണമാകും. പടം- DP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.