രണ്ട്​ പതിറ്റാണ്ട്​ നീണ്ട വ്യവഹാരത്തിനൊടുവിൽ വഴി ലഭിച്ചു; കൊണ്ടുപോകുന്നത്​ ഗൃഹനാഥന്‍റെ മൃതദേഹം

തിരുവല്ല: രണ്ട്​ പതിറ്റാണ്ട്​ നീണ്ട കോടതി വ്യവഹാരത്തിനൊടുവിൽ അനുകൂല വിധിയുണ്ടായിട്ടും കുടുംബത്തിന്​ ലഭിക്കാതിരുന്ന വഴി വാർഡ് മെംബറുടെ നേതൃത്വത്തിൽ സഞ്ചാരയോഗ്യമാക്കി നൽകി. ഇത്രകാലവും കേസ്​ നടത്തിയ ഗൃഹനാഥന്‍റെ മൃതദേഹം ഈ വഴിയിലൂടെ കൊണ്ടുപോകും. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് വ്യാഴാഴ്ച മരിച്ച നിരണം മുളമൂട്ടിൽ എം.കെ. എബ്രഹാമിന്‍റെ വീട്ടിലേക്കുള്ള വഴിയാണ് മാർഗതടസ്സം സൃഷ്ടിച്ച് നിന്ന മരങ്ങൾ വെട്ടിനീക്കി ഗ്രാമപഞ്ചായത്തംഗം ഷൈനി ബിജുവിന്‍റെ നേതൃത്വത്തിൽ സഞ്ചാരയോഗ്യമാക്കിയത്. അയൽവാസിയായ മാലിപ്പുറത്ത് കെ.വി. വർഗീസും എബ്രാഹാമും തമ്മിൽ വഴിയെ ചൊല്ലി കഴിഞ്ഞ 20 വർഷമായി കേസ് നിലനിന്നിരുന്നു. രണ്ട് പതിറ്റാണ്ട് നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ഒരുവർഷം മുമ്പ് കോടതിയിൽനിന്ന്​ എബ്രഹാമിന് അനുകൂല വിധിയുണ്ടായി. ഇതിൻ പ്രകാരം എബ്രഹാമിന് മൂന്നേ മുക്കാൽ അടി വഴി അനുവദിച്ചു കേസ് തീർപ്പായി. എന്നാൽ, അനുവദിച്ച വഴിയിൽ മാർഗ തടസ്സം സൃഷ്ടിക്കുന്ന മരങ്ങൾ മുറിച്ചുനീക്കാൻ അയൽവാസിയായ വർഗീസ് തയാറായില്ല. ഈ വിഷയം ചൂണ്ടിക്കാട്ടി 'മീഡിയവൺ' അടക്കമുള്ള ദൃശ്യമാധ്യമങ്ങൾ വെള്ളിയാഴ്ച വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് റോഡ് സഞ്ചാരയോഗ്യമാക്കിയത്. എബ്രഹാമിന്‍റെ സംസ്കാരം പിന്നീട് നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.