ചങ്ങനാശ്ശേരി: പൂക്കളത്തിന് പൂവുതേടി ഇനി അലയേണ്ട, ഒരു നാട് മുഴുവൻ ബന്ദിപ്പൂക്കൾ വിരിയിച്ച് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ അഞ്ച് പഞ്ചായത്തുകളിലായി 15 ഏക്കറിലാണ് ഓണത്തപ്പനെ വരവേൽക്കാൻ ബന്ദിപ്പൂ കൃഷി ആരംഭിച്ചത്.
മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പുഷ്പങ്ങളാണ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ നിറഞ്ഞത്. സംസ്ഥാന സർക്കാറിന്റെ സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായാണ് ബ്ലോക്ക് പഞ്ചായത്തും കൃഷി വകുപ്പും അഞ്ച് പഞ്ചായത്തുകളിലായി കൃഷി ആരംഭിച്ചത്. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ തൃക്കൊടിത്താനം, മാടപ്പള്ളി, വാഴപ്പള്ളി, പായിപ്പാട്, വാകത്താനം പഞ്ചായത്തുകളിലെ വിവിധ കുടുംബശ്രീകളുടെ നേതൃത്വത്തിൽ ആരംഭിച്ചത്.
കുടുംബശ്രീ കൂട്ടായ്മകൾക്ക് വരുമാനം ലഭിക്കുകയെതാണ് കൃഷിയുടെ ലക്ഷ്യം. പൂത്തുലഞ്ഞ ബന്ദിപ്പൂ ആവശ്യക്കാർക്ക് നേരിട്ടും കടകൾക്കും വിതരണം ചെയ്യും. കൃഷി വകുപ്പിന്റെയും സംസ്ഥാന സർക്കാറിന്റെയും നേതൃത്വത്തിലാണ് കൃഷി. സർക്കാർ സഹായത്തോടെ തുടർന്നും ബന്ദിപ്പൂ കൃഷി ബ്ലോക്ക് പഞ്ചായത്തിലാകെ വ്യാപിപ്പിക്കാനാണ് ലക്ഷ്യം. ഇതിനായി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന വിവിധ പഞ്ചായത്തുകളിൽ തരിശായി കിടക്കുന്ന ഭൂമികൾ കണ്ടെത്തി കൃഷി തുടങ്ങി.
കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുനിത സുരേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കൃഷി അസി. ഓഫിസർ അനീന സൂസൻ സക്കറിയ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടി. രഞ്ജിത്, തൃക്കൊടിത്താനം കൃഷി ഓഫിസർ റസിയ എ. സലീം, കൃഷി അസി. ടെക്നോളജി മാനേജർ ബി. അഞ്ജു, കൃഷി ബ്ലോക്ക് കോഓഡിനേറ്റർ അനീഷ രാജൻ, അഗ്രികൾചർ അസി. സി.ആർ.പി സ്മിത അനീഷ്, തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. സുവർണകുമാരി, കൃഷിക്ക് ആവശ്യമായ സ്ഥലം വിട്ടുനൽകിയ മുൻ പഞ്ചായത്ത് അംഗം മോട്ടി മുല്ലശ്ശേരി, വാർഡ് അംഗം പ്രിൻസി രാജേഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.