ചങ്ങനാശ്ശേരി: കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് പുതിയ രൂപരേഖ തയാറായി. പൊതുമരാമത്ത് കെട്ടിടം വിഭാഗമാണ് രൂപരേഖ തയാറാക്കിയത്. ആദ്യം പുറത്തിറക്കിയ രൂപരേഖയിൽ സ്റ്റാൻഡിൽ അണ്ടർഗ്രൗണ്ട് പാർക്കിങ് ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യതയും മണ്ണെടുത്താൽ ഭൂനിരപ്പിൽ വെള്ളമെത്താനുള്ള സാധ്യതയും വിദഗ്ധസമിതി ചൂണ്ടിക്കാട്ടിയതോടെയാണ് പഴയ രൂപരേഖ പിൻവലിച്ചത്.
പദ്ധതിക്കായി അടുത്തിടെ മണ്ണ് പരിശോധനയും പൂർത്തിയാക്കിയിരുന്നു. നഗരമധ്യത്തിൽ തന്നെയുള്ള ടെർമിനലിന്റെ സ്ഥലസൗകര്യം പൂർണമായും പ്രയോജനപ്പെടുത്തുന്ന രീതിയിലും പൊതുഗതാഗതത്തെ ബാധിക്കാത്ത വിധത്തിലുമാണ് പുതിയ ടെർമിനൽ നിർമിക്കുന്നതെന്നു ജോബ് മൈക്കിൾ എം.എൽ.എ പറഞ്ഞു. 7.5 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് ലഭിച്ചിരിക്കുന്നത്.
തിരുവല്ല ഭാഗത്തുനിന്ന് കോട്ടയം ഭാഗത്തേക്കുള്ള ബസുകൾ ടെർമിനലിലേക്ക് കയറില്ല. പകരം ടെർമിനലിനോടു ചേർന്ന് എം.സി റോഡിന് അഭിമുഖമായി നിർമിക്കുന്ന ബസ് ബേയിലാകും എത്തുക.
ഇവിടെ ഒരേസമയം അഞ്ച് ബസുകൾക്ക് ആളുകളെ കയറ്റി ഇറക്കി പോകാൻ കഴിയും. കോട്ടയം ഭാഗത്തുനിന്ന് തിരുവല്ല ഭാഗത്തേക്ക് പോകുന്ന ബസുകൾ നിലവിലെ രീതിയിൽ തന്നെ ടെർമിനലിനകത്തേക്ക് കയറി ആളുകളെ കയറ്റിയിറക്കും. തുടർന്ന് പിറകിലുള്ള ടി.ബി റോഡിലേക്കിറങ്ങി എം.സി റോഡിലേക്ക് പ്രവേശിക്കും. ആലപ്പുഴ ബസുകളും ഇങ്ങനെ കടന്ന് പോകും.
അണ്ടർഗ്രൗണ്ട് പാർക്കിങ്ങിനു പകരം മൾട്ടിലെവൽ പാർക്കിങ് സംവിധാനം ഒരുക്കും. ടെർമിനലിനു സമീപം കാർ ഉൾപ്പെടയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള മൾട്ടിലവൽ പാർക്കിങ് സംവിധാനമാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്.
മുകൾ നിലയിൽ യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി ഡോർമിറ്ററി, താമസിക്കാനുള്ള മുറികൾ, കഫെറ്റീരിയ, ക്ലോക്ക് റൂം, എന്നിവ വാടക ഇനത്തിൽ നൽകും. താഴത്തെ നിലയിൽ പൊലീസ് എയ്ഡ് പോസ്റ്റ്, കോഫി ഷോപ്പ്, കൺട്രോൾ റൂം, സ്ത്രീകളുടെ കാത്തിരിപ്പ് കേന്ദ്രം, അന്വേഷണങ്ങൾ, പൊതു കാത്തിരിപ്പ് കേന്ദ്രം, എ.ടി.എം തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.