ബട്ടൺ ബാറ്ററി വിഴുങ്ങി അത്യാസന്നനിലയിലായ അഞ്ചുവയസ്സുകാരന്​ പുതുജീവൻ

പത്തനംതിട്ട: ബട്ടൺ ബാറ്ററി വിഴുങ്ങി അത്യാസന്നനിലയിലായ അഞ്ചുവയസ്സുകാരൻ രണ്ടുമാസത്തെ ചികിത്സകൾക്കൊടുവിൽ ജീവിതത്തിലേക്ക് മടങ്ങിയെത്തി. മാവേലിക്കര കുറത്തിക്കാട് ചരുവിള പുത്തൻവീട്ടിൽ ബിജു - സീനു ദമ്പതികളുടെ ഇളയമകൻ നകുലാണ് 40 ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ഇന്നലെ വീട്ടിലേക്ക് മടങ്ങിയത്. വയറുവേദനയും രക്തം ഛർദ്ദിക്കുകയും ചെയ്തതിനെ തുടർന്ന് ആലപ്പുഴയിലെ മൂന്ന് ആശുപത്രികളിൽ മാറിമാറി ചികിത്സിച്ചെങ്കിലും രോഗം ഭേദമായില്ല. തുടർന്നാണ് രക്തസമ്മർദം കുറഞ്ഞ് അവശനിലയിൽ കുട്ടിയെ കഴിഞ്ഞമാസം 19ന് തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ നടത്തിയ നെഞ്ചിന്റെ എക്സ്റേയിൽ നാണയം പോലുള്ള വസ്തു ഉള്ളിലുണ്ടെന്ന് കണ്ടെത്തി. തുടർന്ന് വിശദമായ പരിശോധനയിലാണ് ബട്ടൺ ബാറ്ററി അന്നനാളത്തിൽ കുടുങ്ങിയതായി ബോധ്യപ്പെട്ടത്. ദ്രവിച്ചുതുടങ്ങിയ ബാറ്ററിയിലെ രാസവസ്തുമൂലം അന്നനാളത്തിനും ഹൃദയരക്ത മഹാധമനിക്കും വ്രണം ഉണ്ടായതായി ബോധ്യപ്പെട്ടതോടെ അടിയന്തര ശസ്ത്രക്രിയ നടത്തി ബാറ്ററി പുറത്തെടുത്തു. ഇതിനിടെ വൃക്കയുടെ പ്രവർത്തനം തകരാറിലായി. അതിനിടെ കരളിന്‍റെയും പാൻക്രിയാസിന്റെയും പ്രവർത്തനം തകരാറിലായി. ചികിത്സയിൽ വിവിധ വിഭാഗങ്ങൾ കൈകോർത്തു. അ‍ഞ്ച് ദിവസങ്ങൾക്ക് ശേഷം നകുലിനെ വെന്റിലേറ്ററിൽനിന്നും മാറ്റി. ആറാം ദിവസം എൻഡോസ്കോപ്പി പരിശോധന നടത്തുകയും ട്യൂബിലൂടെ ഭക്ഷണം കൊടുക്കാൻ തുടങ്ങുകയും ചെയ്തു. അപ്രതീക്ഷിതമായി പതിമൂന്നാം ദിവസം കുഞ്ഞിന് രക്തസമ്മർദം കുറയുകയും സന്നി ഉണ്ടാവുകയും ചെയ്തു. ബാറ്ററിയിലെ രാസവസ്തു കൂടുതൽ വ്രണങ്ങൾ ഉണ്ടാക്കിയതായി ബോധ്യപ്പെട്ടതോടെ വീണ്ടും ശസ്ത്രക്രിയ നടത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു. ബട്ടൺ ബാറ്ററി വിഴുങ്ങി ഇപ്രകാരം ഗുരുതരാവസ്ഥയിലായവരിൽ ലോകത്ത് അഞ്ച് പേർ മാത്രമേ ശസ്ത്രക്രിയ ചെയ്ത് ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടുള്ളൂവെന്നും അത്രമാത്രം ഗുരുതരവും സങ്കീർണവുമാണ് പ്രസ്തുത ചികിത്സയും ശസ്ത്രക്രിയയും പരിചരണവുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ശിശു ഹൃദയശസ്ത്രക്രിയാ വിദഗ്​ധൻ ഡോ.ജോൺ വല്യത്താൻ, ശിശുരോഗവിഭാഗം മേധാവി ഡോ. ജിജോ ജോസഫ്​, ശിശുരോഗ ഇന്റൻസിവിസ്റ്റ് ഡോ.ശിൽപ എബ്രഹാം, ഡോ. കണ്ണൻ നായർ, ഡോ. സജിത്ത് സുലൈമാൻ, ഡോ. ബെൻസൻ എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നകുലിന്റെ പരിചരണം ഏറ്റെടുത്ത് നടത്തിയത്. പടം: PTG41nakul ചികിത്സക്കൊടുവിൽ ആശുപത്രിവിടുന്ന നകുലിനും കുടുംബത്തിനും ബിലീവേഴ്​സ്​ ചർച്ച്​ ആശുപത്രിയിൽ ചികിത്സ നടത്തിയ ഡോക്ടർമാരും നഴ്​സുമാരും ആശുപത്രി മാനേജർ ഫാ. സിജോ പന്തപ്പള്ളിയും ചേർന്ന്​ യാത്രയയപ്പ്​ നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.