വൈദ്യുതിപോസ്റ്റുകളിൽ ഇലക്​ട്രിക്​​ ചാർജിങ്​ പോയന്‍റ്​: പദ്ധതി അന്തിമഘട്ടത്തിൽ

കോട്ടയം: ഇലക്​ട്രിക്​ വാഹന ഉടമകൾക്കൊരു സന്തോഷവാർത്ത. വാഹനമോടിച്ചുപോകുമ്പോൾ ചാർജ്​ തീർന്ന്​ വഴിയിൽ കിടക്കുമെന്ന പേടി വേണ്ട. ജില്ലയിൽ വൈദ്യുതിപോസ്റ്റുകളിൽ ഇലക്​ട്രിക്​​ വാഹനങ്ങൾക്കുള്ള ചാർജിങ്​ പോയന്‍റ്​ സ്ഥാപിക്കുന്ന പദ്ധതി (പോള്‍ മൗണ്ടഡ് ചാര്‍ജിങ് സ്​റ്റേഷനുകള്‍) അന്തിമഘട്ടത്തിൽ.​ ഒരാഴ്ച​ കൊണ്ട്​ ഒമ്പതു നിയോജകമണ്ഡലത്തിലും ചാർജിങ്​ പോയന്‍റ്​ സ്ഥാപിക്കൽ പൂർത്തിയാക്കുമെന്നാണ്​ കെ.എസ്​.ഇ.ബി അധികൃതർ നൽകുന്ന വിവരം. ഒരു നിയോജക മണ്ഡലത്തിൽ അഞ്ച്​ പോയന്‍റുവീതം ജില്ലയിൽ​ 45 പോയന്‍റാണ്​ ഉണ്ടാവുക. ഇലക്​ട്രിക്​ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ്​ സംസ്ഥാന സർക്കാർ വൈദ്യുതി പോസ്റ്റുകളിൽ ചാർജിങ്​ പോയന്‍റ്​ സ്ഥാപിക്കുന്നത്​. മറ്റ്​ ജില്ലകളിലും പദ്ധതി പുരോഗമിക്കുകയാണ്​. ഇ-ഓട്ടോറിക്ഷ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള കോഴിക്കോട്‌ നഗരത്തിലാണ്​ ആദ്യമായി 10 ചാര്‍ജ്‌ പോയന്‍റുകൾ സ്ഥാപിച്ചത്‌. ഇതിന്‍റെ പ്രവര്‍ത്തനം വിജയകരമായതോടെ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ വഴി പണമടച്ചാണ് ചാര്‍ജ്‌ ചെയ്യുക. എല്ലാവിധ വൈദ്യുതി കാറുകളും ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ എന്നിവയും ചാര്‍ജ്‌ ചെയ്യാനുള്ള സംവിധാനം ഈ സ്​റ്റേഷനുകളില്‍ ഉണ്ടാകും. ഇലക്ട്രിക് ചാർജിങ്​ പോയന്‍റുകൾ തിരിച്ചറിയാൻ വൈദ്യുതി പോസ്റ്റുകളിൽ പച്ചയും മഞ്ഞയും നിറം അടിച്ചിട്ടുണ്ട്. നിലവിലെ പോസ്റ്റില്‍തന്നെ ചാര്‍ജിങ് സ്​റ്റേഷനുകള്‍ സ്ഥാപിക്കുക വഴി ചെലവ് കുറക്കാനാവും. 70 രൂപ മൊബൈല്‍ ഫോണ്‍ വഴി അടച്ച്​ ചാർജ്​ ചെയ്താൽ 120-130 കി.മീ ഓടാന്‍ കഴിയുമെന്നാണ്​ അധികൃതർ പറയുന്നത്​. കെ.എസ്​.ഇ.ബിയുടെയും അനെർട്ടിന്‍റെയും ചാർജിങ്​ സ്​റ്റേഷനുകൾക്ക്​ പുറമെയാണിത്​. പള്ളത്ത്​ കെ.എസ്​.ഇ.ബി ഇലക്​ട്രിക്കൽ സർക്കിൾ ഓഫിസിൽ ചാർജിങ്​ സ്​റ്റേഷൻ നിർമാണം പൂർത്തിയാവുന്നു. ഒരേസമയം രണ്ട്​ വാഹനങ്ങൾ ചാർജ്​ ചെയ്യാനുള്ള സൗകര്യമാണ്​ ഇവി​ടെയുള്ളത്​. അനെർട്ടിന്‍റെ നേതൃത്വത്തിൽ ജില്ലയിലെ ആദ്യ ചാർജിങ്​ സ്​റ്റേഷൻ സ്ഥാപിക്കുന്നത്​ ചങ്ങനാശ്ശേരി ളായിക്കാട്ടാണ്. ------- പടം........... KTL UZHAVOOR-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.