പന്തളത്ത്​ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്​ റസ്റ്റാറന്റ്​ തകർന്നു; മൂന്നുപേർക്ക് പരിക്ക്

പന്തളം: പന്തളത്ത്​ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്​ റസ്റ്റാറന്റ്​ തകർന്നു. മൂന്നുപേർക്ക് പരിക്കേറ്റു. മെഡിക്കൽ മിഷൻ ജങ്​ഷനിലെ ഫലക് മജിലിസ് റസ്റ്റാറന്റിലാണ്​ അപകടം​. ഞായറാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. അടുക്കളയിൽ ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ് സ്വദേശി കലാമുദ്ദീൻ (27), ബിഹാർ സ്വദേശി സിറാജുദ്ദീൻ (27), കടക്ക്​ മുന്നിൽ നിൽക്കുകയായിരുന്ന പന്തളം പുഴിക്കാട് പാലമുരുവേൽ കണ്ണൻ (31) എന്നിവർക്കാണ്​ പരിക്കേറ്റത്​. ഇവരെ പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തിയ നിരവധി പേർ ഓടി രക്ഷപ്പെട്ടു. കണ്ണൻ ഹോട്ടലിന്‍റെ മുൻവശത്ത്​ നിൽക്കുകയായിരുന്നു ഇദ്ദേഹത്തിന്‍റെ കാലിന് പരിക്കേറ്റു. മെഡിക്കൽ മിഷൻ സ്വദേശികളായ ഷെഫിൻ, ഹാഷിം എന്നിവരാണ് റസ്റ്റാറന്റ് നടത്തുന്നത്. ആറ് എൽ.പി.ജി സിലിണ്ടറുകൾ നീക്കംചെയ്ത് വൻ തുടർ അപകട സാധ്യത ഒഴിവാക്കി. അടുക്കള ഉപകരണങ്ങൾ, പാത്രങ്ങൾ, ഫിറ്റിങ്ങുകൾ, ഗ്ലാസ് ഡോറുകൾ, ജനൽ, കതകുകൾ എന്നിവ പൂർണമായും തകർന്നു. 20 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. അടൂർ അഗ്നിരക്ഷ നിലയത്തിൽനിന്ന്​ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.സി. റജികുമാർ, ടി.എസ്. ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ്​ റെസ്ക്യൂ ഓഫിസർമാരായ അജി കുമാർ, സന്തോഷ്, അമൃതാജി, മനോജ് കുമാർ, രാജേഷ് കുമാർ, അഭിഷേക്, ഭാർഗവൻ, വേണുഗോപാൽ എന്നിവരാണ്​ തീയണച്ചത്​. പന്തളം പൊലീസ്, കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.