എരുമേലി: പമ്പയാറിന് കുറുകെ വെള്ളംമൂടിയ കോസ്വേയിലൂടെ സാഹസികമായി ഇക്കരെയെത്തിച്ച് വയോദമ്പതികൾക്ക് അടിയന്തര ചികിത്സനൽകി. അരയാഞ്ഞിലിമൺ സ്വദേശികളായ കുഴുവേലിൽ കെ.വി. തോമസിനെയും ഭാര്യ ഷൈലജയെയുമാണ് നാട്ടുകാർ കുത്തൊഴുക്കുള്ള കോസ്വേയിലൂടെ മറുകരയെത്തിച്ചത്. ശ്വാസതടസ്സ സംബന്ധമായ അസുഖത്താൽ ചികിത്സയിൽ കഴിയുന്നവരായിരുന്നു ഇരുവരും. കനത്തമഴയിൽ പമ്പയാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ അരയാഞ്ഞിലിമൺ നിവാസികളുടെ ഏക ഗതാഗതമാർഗമായ പമ്പയാറിന് കുറുകെ സ്ഥാപിച്ച കോസ് വേ വെള്ളത്തിനടിയിലായി. ഇതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശവാസികൾ പുറംലോകവുമായി ബന്ധപ്പെടാനാകാതെ ഒറ്റപ്പെട്ട് കഴിയുകയാണ്. രോഗികൾക്ക് അടിയന്തര ചികിത്സപോലും നൽകാൻ കഴിയാത്ത അവസ്ഥയിലുമാണ്. ഒരുവശം വനവും മറുവശം പമ്പയാറാലും ചുറ്റപ്പെട്ട പത്തനംതിട്ട ജില്ലയിൽ ഉൾപ്പെട്ട പ്രദേശമാണ് അരയാഞ്ഞിലിമൺ. പത്തനംതിട്ട-കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് അരയാഞ്ഞിലിമൺ കോസ് വേ. ഈ കോസ് വേ കടന്ന് ഇടകടത്തി എത്തി വേണം പ്രദേശവാസികൾ പുറത്തെത്താൻ. ഈ ഒറ്റപ്പെടലിനിടെയാണ് തോമസിനും ഭാര്യ ഷൈലജക്കും ശ്വാസതടസ്സം മൂർച്ഛിച്ചത്. മറ്റൊരു സ്ഥലത്ത് അധ്യാപകനായി ജോലിചെയ്യുന്ന മകൻ ബിനുവും മാതാപിതാക്കളുടെ അവസ്ഥയിൽ നിസ്സഹായനായി. കുടുംബത്തിന്‍റെ അവസ്ഥകണ്ട നാട്ടുകാർ വെള്ളിയാഴ്ച കോസ് വേയിലെ കുത്തൊഴുക്ക് കുറഞ്ഞസമയം നോക്കി ഇരുവരെയും കസേരയിലെടുത്ത് മറുകര എത്തിക്കുകയായിരുന്നു. ഇവരുടെ ബന്ധു കുന്നത്ത് ആന്‍റണി സെബാസ്റ്റ്യന്‍റെ നേതൃത്വത്തിൽ ഇരുവരെയും മറുകരയിലെത്തിക്കുകയും ഇവിടെനിന്ന് വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ചിത്രം: തോമസിനെ പമ്പയാറിന്‍റെ മറുകരയെത്തിക്കുന്ന നാട്ടുകാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.