മഴക്കെടുതികളില്ലാതെ ശബരിമല പാത

പത്തനംതിട്ട: മഴ ശക്തമാണെങ്കിലും ശബരിമലയിലേക്കുള്ള പ്രധാന പാതയായ മണ്ണാറക്കുളഞ്ഞി-പമ്പ പാതയിൽ യാത്രതടസ്സങ്ങളില്ല. പെരുനാട്​ മുതൽ പമ്പവരെ നീളുന്ന കാനന പാതയിലെവിടെയും മഴ നാശം വിതച്ചിട്ടില്ല. അതിനാൽ തീർ​ഥാടകർക്ക്​ വനയാത്ര ക്ലേശകരമാകില്ല. അതേസമയം, ശബരിമലയിലേക്ക്​ പോകുന്ന റാന്നി-മണ്ണാറക്കുളഞ്ഞി, പുനലൂർ-പത്തനംതിട്ട-മണ്ണാറക്കുളഞ്ഞി റോഡുകളിൽ നിർമാണം നടക്കുന്നതിനാൽ യാത്ര അതീവ ദുഷ്​കരമാണ്​. അടൂർ-പത്തനംതിട്ട, പന്തളം-പത്തനംതിട്ട, കോന്നി-പത്തനംതിട്ട പാതകളിൽ വെള്ളക്കെട്ടുമൂലം വാഹനങ്ങൾ കടന്നുപോകാനാകാത്ത സ്ഥിതിയുണ്ട്​. കുമ്പഴ-കോന്നിവഴി വെട്ടൂര്‍ റോഡില്‍ മാര്‍ഗതടസ്സമുള്ളതിനാല്‍ പുനലൂര്‍, പത്തനാപുരം ഭാഗത്തുനിന്ന് വരുന്ന തീര്‍ഥാടക വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ വകയാര്‍, പൂങ്കാവ്, മല്ലശ്ശേരിമുക്ക്, കുമ്പഴ, പാത ഉപയോഗിക്കണമെന്ന്​ ജില്ല പൊലീസ്​ മേധാവി ആർ. നിശാന്തിനി അറിയിച്ചു. കുമ്പഴയിൽനിന്ന്​ മൈലപ്ര, മണ്ണാറക്കുളഞ്ഞിവഴി ശബരിമലക്ക് പോകണം.​ അടൂര്‍-പത്തനംതിട്ട നേര്‍പാതയോ കൊടുമണ്‍ വഴിയോ ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ അടൂര്‍, പന്തളം, കുളനട, ഇലവുംതിട്ട, ഓമല്ലൂര്‍, പത്തനംതിട്ട പാതയും ഇലവുംതിട്ട, കോഴഞ്ചേരിവഴിയും ഉപയോഗിക്കാം. കൊച്ചാലുംമൂട്, പന്തളം റോഡില്‍ തടസ്സമുള്ളതിനാല്‍ തീര്‍ഥാടകര്‍ക്ക് കുളനട, മെഴുവേലി, ഇലവുംതിട്ട, കോഴഞ്ചേരി, റാന്നിവഴി പോകാവുന്നതാണെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു. മഴ കുറയുന്നതോടെ ഈ നിയന്ത്രണങ്ങൾ നീങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.