പി.എസ്.സി ജോലി തട്ടിപ്പ്: പൊലീസ് കേസെടുത്തു

കോട്ടയം: പി.എസ്.സിയിൽ വ്യാജ സമ്മതപത്രം നൽകി അർഹതപ്പെട്ട ഉദ്യോഗാർഥിയുടെ തൊഴിലവസരം നഷ്​ടപ്പെടുത്തിയ കേസിൽ കോട്ടയം ഈസ്​റ്റ്​ പൊലീസ് എഫ്.ഐ.ആർ രജിസ്​റ്റർ ചെയ്തു. വഞ്ചന, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ പ്രകാരം കൊല്ലം മൈനാഗപ്പള്ളി സ്വദേശിനി ശ്രീജക്ക്​ എതിരെയാണ് കേസെടുത്തത്. മൈനാഗപ്പള്ളി സ്വദേശിനിയുടെ മൊഴി രേഖപ്പെടുത്താൻ വിളിച്ചുവരുത്തുമെന്ന് ഈസ്​റ്റ്​ എസ്.എച്ച്.ഒ റിജോ പി. ജോസഫ് അറിയിച്ചു. പി.എസ്.സി ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി ശ്രീജക്കാണ് മൈനാഗപ്പള്ളി സ്വദേശിനി ശ്രീജയുടെ സമ്മതപത്രം മൂലം ജോലി നഷ്​ടപ്പെട്ടത്. സപ്ലൈകോ അസി. സെയിൽസ്മാൻ തസ്തികയിലേക്കുള്ള കോട്ടയം ജില്ലയിലെ റാങ്ക്​ ലിസ്​റ്റിൽ 233ാം റാങ്ക് നേടിയ ശ്രീജ, 268ാം റാങ്ക് വരെയുള്ളവർക്ക് നിയമനം ലഭിച്ചതിനെ തുടർന്നാണ് പി.എസ്.സി ഓഫിസിൽ അന്വേഷണം നടത്തിയത്. തനിക്ക് സർക്കാർ ജോലി ഉള്ളതിനാൽ ഈ ജോലി ആവശ്യമില്ലെന്ന് ശ്രീജ സമ്മതപത്രം നൽകിയിരുന്നതായി പി.എസ്.സി ഓഫിസ് അധികൃതർ അറിയിച്ചു. എന്നാൽ, ജോലിയില്ലാത്ത ശ്രീജ അത്തരത്തിലൊരു സമ്മതപത്രം നൽകിയിരുന്നില്ല. പി.എസ്.സി ഓഫിസിലും ജില്ല പൊലീസ് മേധാവിക്കും ശ്രീജ നൽകിയ പരാതിയിൽ മറ്റൊരാളാണ് സമ്മതപത്രം നൽകിയതെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് പി.എസ്.സി ശ്രീജക്ക്​ നിയമനം നൽകുകയും ചെയ്തു. ഇപ്പോൾ ചങ്ങനാശ്ശേരി ഡിപ്പോയിൽ ജോലി ചെയ്യുകയാണ് ശ്രീജ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.