ശബരിമല നടവരവിൽ വൻ കുറവ്

തിരുവല്ല: വെർച്വൽ ക്യൂ നിയന്ത്രണത്തിലെ പാളിച്ചമൂലം ശബരിമല നട വരവിൽ വൻ കുറവ്. മണ്ഡലപൂജക്ക്​ ദിനങ്ങൾ മാത്രം ബാക്കി നിൽക്കെ 48 കോടിയാണ് ആകെ നട വരുമാനം. അപ്പം, അരവണ വിറ്റുവരവും കാണിക്കയും ഉൾ​െപ്പടെ ബുധനാഴ്ച വരെയുള്ള കണക്കാണിത്‌. അരവണ വിറ്റതിലൂടെ 20 കോടിയും കാണിക്കയിലൂടെ 17 കോടിയും ലഭിച്ചു. അപ്പം വിറ്റതിലൂടെ രണ്ടക്കോടിയും അന്നദാന സംഭാവനയായി ഒരു കോടിയും ഇത്തവണ ലഭിച്ചു. പോസ്‌റ്റൽ പ്രസാദം, വഴിപാടുകൾ, മറ്റിനങ്ങളിലൂടെയാണ്‌ ബാക്കി വരുമാനം. ഏഴു ലക്ഷത്തോളം തീർഥാടകരാണ്‌ ഇതുവരെ സന്നിധാനത്തെത്തി ദർശനം നടത്തിയത്‌. കോവിഡിന്‌ മുമ്പുള്ള 2019 കാലയളവിൽ 108 കോടിയായിരുന്നു ശബരിമല വരുമാനം. കഴിഞ്ഞ സീസണിൽ ഇത്‌ അഞ്ചു കോടിയായി കുറഞ്ഞു. മണ്ഡലപൂജ അടുത്തതോടെ ദർശനത്തിന്‌ എത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ നേരിയ വർധന ഉണ്ടായിട്ടുണ്ട്‌. വെർച്വൽ ക്യൂ നിയന്ത്രണത്തിലെ പാളിച്ചയാണ് തീർഥാടകരുടെ വരവിന് പ്രധാനമായും തടസ്സമാകുന്നത്. പ്രതിദിനം 45,000 പേർക്കാണ് വെർച്വൽ ക്യൂവഴി ദർശന സൗകര്യമൊരുക്കിയിട്ടുള്ളത്. പക്ഷേ, വെർച്വൽ ക്യൂവഴി ഒരു ദിവസം ദർശനം നടത്തുന്നവരുടെ എണ്ണം 30,000ത്തിൽ താഴെ മാത്രമാണ്. ഒരേ ആൾ തന്നെ പല തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ഒന്നിലധികം ദിവസങ്ങളിലേക്ക് വെർച്വൽ ക്യൂവഴി പേര് രജിസ്​റ്റർ ചെയ്യുന്നത് പ്രതിസന്ധി സൃഷ്​ടിക്കുന്നുണ്ട്. ബുക്ക് ചെയ്തയാൾ അധികമുള്ള ബുക്കിങ്​ കാൻസൽ ചെയ്യാറില്ല. ഇക്കാരണത്താൽ മറ്റ് ഭക്തർക്ക് സ്ലോട്ട് ലഭിക്കാത്ത സാഹചര്യമുണ്ട്. ഇതുമൂലം ദർശനത്തിന്‌ വരാൻ താൽപര്യമുള്ളവർക്ക്‌ അവസരം നിഷേധിക്കാൻ കാരണമാകുന്നതായി ദേവസ്വം ബോർഡ്‌ അധികൃതർ പറയുന്നു. പരമ്പരാഗത പാത തുറക്കുകയും സന്നിധാനത്ത് വിരിവെക്കാനുള്ള അനുമതി നൽകുകയും ചെയ്ത സാഹചര്യത്തിൽ വെർച്വൽ ക്യൂ ഉൾ​െപ്പടെയുള്ള കടുത്ത നിയന്ത്രണം ഒഴിവാക്കാൻ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കണമെന്നതാണ് ഭക്തരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.