കുറുപ്പിനെത്തേടി ക്രൈംബ്രാഞ്ച്​ ഹരിദ്വാറിലേക്ക്​

ptl th 2 പത്തനംതിട്ട: സുകുമാരക്കുറുപ്പിനെത്തേടിയുള്ള അന്വേഷണം സംസ്ഥാനത്തിന്​ പുറത്തേക്ക്​. പത്തനംതിട്ട ബിവറേജസ്​ ഷോപ്​ മാനേജർ വെട്ടിപ്പുറം സ്വദേശി റെൻസിം ഇസ്മായിൽ കഴിഞ്ഞദിവസം നടത്തിയ വെളി​പ്പെടുത്തലിനെ തുടർന്ന്​ ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണം ഹരിദ്വാർ കേന്ദ്രീകരിച്ച്​ നടത്താനാണ്​ നീക്കം. ഇതിനായി ക്രൈംബ്രാഞ്ച്​ സംഘം ഉടൻ അവിടേക്ക്​ തിരിക്കും. റെൻസിം ജനുവരി 5ന്​ മുഖ്യമന്ത്രിക്ക്​ നൽകിയ പരാതിയെ തുടർന്ന്​ ആലപ്പുഴയിൽനിന്നും സി. ഐ. ന്യൂമാന്‍റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച്​ സംഘം പത്തനംതിട്ടയിൽ എത്തി റെൻസീമിന്‍റെ മൊഴിയെടുത്തിരുന്നു. ഇതിനിടെ ​ ചെറിയനാട്ടുള്ള കുറുപ്പിന്‍റെ അയൽവാസിയും സ്വാമിയുടെ ചി​ത്രംകണ്ട്​ ഇത്​ കുറുപ്പ്​ തന്നെയാണെന്ന്​ സ്ഥിരീകരിച്ചിട്ടുണ്ട്​. 2005-2007 കാലഘട്ടത്തിൽ റെൻസിം അധ്യാപകനായി ഗുജറാത്തിലെ ഈഡറിൽ ജോലി ചെയ്യവെയാണ്​​ അടുത്തുള്ള ആശ്രമത്തിലെ സന്യാസി ശങ്കര ഗിരിയെ​​ പരിചയ​പ്പെടുന്നത്.​ അവധിക്ക്​ നാട്ടിൽവന്നപ്പോഴാണ്​ സുകുമാരക്കുറുപ്പിന്‍റെ ഫോട്ടോകാണുന്നതും താൻ കണ്ടത്​ അയാൾ തന്നെയായിരുന്നുവെന്നും മനസ്സിലാക്കുന്നത്​. ​ അ​പ്പോഴേക്കും ഈഡർ എന്ന സ്​ഥലത്തുനിന്നും സ്വാമി പോയിരുന്നു. ഈ വിവരം പൊലീസിൽ അന്ന്​​ അറിയിച്ചതാ​ണെങ്കിലും ആരും കാര്യമാക്കിയില്ല. കഴിഞ്ഞ ഡിസംബറിൽ ഹരിദ്വാറിലെ യാത്ര വിവരണങ്ങൾ അടങ്ങിയ ഒരു ട്രാവൽ​​​​​വ്ലോഗിലും ഈ സ്വാമിയെ കണ്ടതോടെയാണ്​ സംശയം വർധിച്ചത്​. കുറുപ്പ്​ ജീവിച്ചിരിപ്പുണ്ടെങ്കിൽ വീണ്ടും രൂപ മാറ്റം വരുത്തി രക്ഷപ്പെടാനുള്ള സാധ്യതയുമുണ്ട്​. ഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിൽ ആ നമ്പർ കണ്ടെത്തിയും അന്വേഷണം വ്യാപിപ്പിക്കും. കുറുപ്പ്​ ആ​ണെങ്കിലും അല്ലെങ്കിലും റെൻസീം പറഞ്ഞ സ്വാമിയെ കണ്ടെത്തേണ്ടതുണ്ട്​. സ്വാമി അറബി ഉൾ​പ്പെടെ വിവിധ ഭാഷകൾ നന്നായി സംസാരിച്ചിരുന്നതായി റെൻസിം പറയുന്നു. ഭാര്യയും മക്കളും ഒരു വാഹനാപകടത്തിൽ മരിച്ചതിനെത്തുടർന്നാണ്​ താൻ സന്യാസത്തിലേക്ക്​ തിരിഞ്ഞതെന്നും സ്വാമി പറയുകയുണ്ടായത്രേ. കേരളത്തിൽ എത്​ ജില്ലക്കാരനാ​ണെന്ന്​ മാത്രം പറഞ്ഞില്ല. കുറെ നാൾ തമിഴ്​നാട്ടിലും ഉണ്ടായിരുന്നതായി പറഞ്ഞു. എന്നും ആൾമാറാട്ടം നടത്തി രക്ഷപ്പെടുന്നതിൽ വിദഗ്​ധനായിരുന്നു കുറുപ്പ്.​ പ്രീഡിഗ്രി കഴിഞ്ഞ് എയർഫോഴ്സിൽ ചേർന്ന്​ അവിടെനിന്ന് അവധിയെടുത്ത്​ മുങ്ങിയ ഗോപാലകൃഷ്ണക്കുറുപ്പ് സ്പെഷൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനെ സ്വാധീനിച്ച് താൻ മരിച്ചതായി സേനയിലേക്ക്​ റിപ്പോർട്ട് അയപ്പിച്ചതോടെയാണ് സുകുമാരക്കുറുപ്പ് എന്ന പുതിയ പേരിലേക്ക്​ മാറിയത്​. പിന്നീട്​ അബൂദബിയിലേക്ക്​ പോകാൻ പാസ്​പോർട്ട് എടുത്തത് സുകുമാരപിള്ള എന്ന പേരിലായിരുന്നു. എയർഫോഴ്സിൽ ജോലി ചെയ്യുന്ന കാലത്ത് മുംബൈയിൽ കണ്ടുമുട്ടിയ നാട്ടുകാരിയായ സരസ്സമ്മ എന്ന നഴ്സിനെ വീട്ടുകാരുടെ എതിർപ്പ്​ മറികടന്ന് പ്രണയിച്ച്​ വിവാഹം കഴിക്കുകയായിരുന്നു.1984 ജനുവരി 22 നാണ് സുകുമാര കുറുപ്പും അളിയനും ഡ്രൈവറും ചേർന്ന് ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റീവിനെ മാവേലിക്കര കുന്നത്തിന് സമീപം കാറിലിട്ട്​ ചുട്ടുകൊന്നത്. താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗൾഫിൽ ജോലിചെയ്തിരുന്ന കമ്പനിയിൽനിന്നും ഇൻഷുറൻസ് പണം തട്ടിയെടുക്കുകയായിരുന്നു കുറുപ്പിന്‍റെ ലക്ഷ്യം. സംസ്ഥാനത്തെ കുറ്റാന്വേഷണ ചരിത്രത്തിലെ ദുരൂഹത നിറഞ്ഞ സംഭവമായി ഇത്​ മാറി. സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിക്കായി കേരള പൊലീസ് ഇന്നും കാത്തിരിപ്പ്​ തുടരുകയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.