ബുള്ളറ്റിന്‍റെ ഇരമ്പം നിലച്ചു; സ്​നേഹയാത്രകളും

കോട്ടയം: വാഹനപ്രേമികളുടെ മനസ്സിൽ ഇടംനേടിയ കോട്ടയം ജെവിൻസ്​ ബുള്ളറ്റ് ഷോറും ഉടമ ജെവിൻ മാത്യുവിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ നടുക്കത്തിലാണ്​ കോട്ടയം. ബുള്ളറ്റിന്‍റെ ഇരമ്പം ജീവിതത്തോട്​ ചേർത്തു നിർത്തിയായിരുന്നു ജെവിന്‍റെ ജീവിതയാത്ര. യുവാവായിരിക്കുമ്പോൾ മനസ്സിൽ കയറിക്കൂടിയ ബുള്ളറ്റ്​ പ്രേമം, ജെവിനെ ഹിമാലയം വരെ എത്തിച്ചു. വാഹനറാലികളിലേക്ക്​​ കോട്ടയത്തുകാർക്ക്​ വണ്ടിയോടിച്ചുകയറ്റാൻ ആവേശമായതും ജെവിൻസായിരുന്നു. വേഗത്തിനും വാഹനങ്ങൾക്കുമൊപ്പം ഓടുമ്പോഴും മനുഷ്യസ്​നേഹത്തോടൊപ്പവും അദ്ദേഹം സഞ്ചരിച്ചു. മഹാപ്രളയകാലത്ത്​ നൂ​റുകണക്കിനു​പേർക്കാണ്​ ജെവിൻ ആശ്വാസ കരം നീട്ടിയത്​. കേരളത്തിന് അകത്തും പുറത്തുമുള്ള അഡ്വഞ്ചർ സ്പോർട്സ് വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ജവിൻ. മലേഷ്യയിലെ റെയിൻഫോറസ്റ്റ് ചാലഞ്ച്, റെയ്ഡ് ദ ഹിമാലയ, പോപുലർ റാലി, റോയൽ എൻഫീൽഡ് ട്രിപ് സഞ്ചാരങ്ങൾ എന്നിവയിലെ സജീവ സാന്നിധ്യമായിരുന്നു. കോട്ടയം യൂനിയൻ ക്ലബിന്​ സമീപം റോഡിൽ ബുള്ളറ്റ്​ തെന്നിമറിഞ്ഞുണ്ടായ അപകടത്തിൽ വ്യാഴാഴ്ച അർധരാത്രിയായിരുന്നു ജെവിന്‍റെ അന്ത്യം. വീഴ്ചയിൽ തലയിടിച്ചതാണ്​ മരണത്തിനിടയാക്കിയത്​. മറ്റൊരു യാത്രക്കുള്ള ഒരുക്കത്തിനിടെയാണ്​ അപകടമെന്ന്​ സുഹൃത്തുകൾ പറയുന്നു. സി.എം.എസ്​ കോളജിൽ ഒറ്റ സീറ്റ് ട്രയംഫിൽ എത്തിയിരുന്ന ജെവിൻസാണ്​ അക്കാലത്തെ സുഹൃത്തുക്കളുടെ മനസ്സിൽ. ജെവിന്‍റെ അച്ചന്‍റെ ഉടമസ്ഥതയിലുള്ളതായിരുന്നു ട്രയംഫ്. 90ൽ വാഹനറാലിയുടെ ലഹരിയിലേക്ക്​ ചാടിയിറങ്ങിയ ജെവിൻ പോപുലർ റാലിയിൽ പങ്കെടുത്തു. ഒന്നിലേറെ തവണ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തിട്ടുണ്ട്. ഇരുചക്രത്തിൽനിന്ന്​ ജീപ്പുകളിലേക്കും കാറുകളിലേക്കും കളംമാറ്റിയ അദ്ദേഹം നിരവധി ഫോർവീലർ റാലികളിലും പ​​ങ്കെടുത്തു. ജെവിൻ ഒരു കലാകാരൻ കൂടിയായിരുന്നു. സ്വന്തം സ്ഥാപനങ്ങൾക്ക് സ്വന്തമായി ലോഗോ ഡിസൈൻ ചെയ്യുന്നതിനൊപ്പം, പരസ്യങ്ങൾക്ക് ഐഡിയ കണ്ടെത്തുന്നതും ജെവിൻ നേരിട്ടായിരുന്നു. സ്വന്തമായി ബുള്ളറ്റുകൾ ഡിസൈൻ ചെയ്യുന്നതായിരുന്നു ജെവിന്‍റെ മറ്റൊരു ആവേശം. ഗോവയിൽ നടന്ന റൈഡർമാനിയയിൽ ബുള്ളറ്റ് ഡിസൈൻ ചെയ്ത് ജെവിൻ സമ്മാനം സ്വന്തമാക്കിയിട്ടുണ്ട്. ചെന്നൈയിൽ പ്രളയമുണ്ടായപ്പോൾ നാട്ടിൽ നിന്ന്​ ശേഖരിച്ച സാധനങ്ങൾ സ്വന്തം ലോറിയിൽ അവിടെ എത്തിച്ചിരുന്നു. 2018ലെ പ്രളയ സമയത്ത് സ്വന്തം ടിപ്പറുമായി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ജെവിൻസ്​ രക്ഷക്കെത്തി. ഫ്രണ്ട്​സ്​ ഓഫ്​ ആനിമൽസുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചിരുന്നു. പടം KTL JAVINS STORY ജെവിൻ മാത്യു (ഫയൽ ചിത്രം)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.