ഇരട്ടപ്പാതയിൽ ഏപ്രിൽ ആദ്യവാരം ട്രെയിനോടും

കോട്ടയം: ഏറ്റുമാനൂർ-ചിങ്ങവനം റെയിൽപാത ഇരട്ടിപ്പിക്കൽ മാർച്ച്​ 31ന്​ മുമ്പ്​ പൂർത്തിയാക്കും. പാത ഏപ്രിൽ ആദ്യവാരംതന്നെ കമീഷൻ ചെയ്യുമെന്നും ദക്ഷിണ റെയിൽവേ നിർമാണവിഭാഗം ചീഫ്​ എൻജിനീയർ ഷാജി സക്കറിയ പറഞ്ഞു. പാതയിരട്ടിപ്പിക്കൽ നിർമാണപുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. പണി പൂർത്തിയാക്കി മാർച്ച്​ 26, 27 തീയതികളിൽ റെയിൽവേ സുരക്ഷ കമീഷണറുടെ പരിശോധന നടത്താനാണ്​ ഉദ്ദേശിക്കുന്നത്​. തുരങ്കങ്ങൾക്ക്​ സമീപമുള്ള പണികളാണ്​ അതിവേഗം പുരോഗമിക്കുന്നത്​. പ്ലാന്‍റേഷൻ ഓഫിസിനും റബർ ബോർഡിനും സമീപത്തുള്ള രണ്ടു തുരങ്കങ്ങളും ഒഴിവാക്കി സമാന്തരമായി പുതിയ രണ്ടുപാത വരും. തുരങ്കങ്ങൾ പൊളിച്ചുമാറ്റില്ല. അവിടത്തെ പാളം പൊളിച്ചുനീക്കുമെന്നും ചീഫ്​ എൻജിനീയർ പറഞ്ഞു. റെയിൽവേ സ്​റ്റേഷനിലെ നവീകരണം, തുരങ്കങ്ങളുടെ ഭാഗത്തെ നിർമാണം എന്നിവയും പരിശോധിച്ചു. ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയാണ്​ അദ്ദേഹം മടങ്ങിയത്​. ഡെപ്യൂട്ടി ചീഫ്​ എൻജിനീയർ ഉദാത്ത സുധാകർ, അസി. എക്സിക്യൂട്ടിവ്​ എൻജിനീയർമാരായ ബാബു സക്കറിയ, ജോസ്​ അഗസ്റ്റിൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. റബർ ബോർഡ്​ തുരങ്കങ്ങളുടെ ഭാഗത്ത്​ പാളം സ്ഥാപിക്കാൻ കോൺക്രീറ്റിങ് ആരംഭിച്ചിട്ടുണ്ട്​. പ്ലാന്‍റേഷൻ ഓഫിസിനു സമീപത്തെ തുരങ്കത്തിനു സമീപം മണ്ണെടുക്കൽ നടക്കുന്നു. മണ്ണെടുത്ത്​ നിരപ്പാക്കിയശേഷം കോൺക്രീറ്റിങ്​ ആരംഭിക്കും. സ്​റ്റേഷനോടുചേർന്ന ഭാഗത്തു പാളം സ്ഥാപിക്കൽ പൂർത്തിയായിട്ടുണ്ട്​. വൈദ്യുതീകരണ ജോലികളും യാർഡി‍ൻെറ പണികളും​ പുരോഗമിക്കുന്നു​. പുതിയ പാത വരുന്നതോടെ യാർഡ്​ വടക്ക്​ നാഗമ്പടം ഭാഗത്തേക്കും തെക്ക്​ മുട്ടമ്പലം ലെവൽ ക്രോസ്​ വരെയും​ നീളും. 19 കിലോമീറ്റർ നിർമാണം പൂർത്തിയാകുന്നതോടെ ഷൊർണൂർ-തിരുവനന്തപുരം പാതയിൽ കോട്ടയം വഴി പൂർണമായി ഇരട്ടപ്പാതയാവും. (​ഫോട്ടോ DP)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.