അഹ്​മദാബാദ്​ സ്​ഫോടനക്കേസ്​: മക്കൾ നിരപരാധികൾ; ഹൈകോടതിയിൽ ഉടൻ അപ്പീൽ നൽകും -പിതാവ്​

കോട്ടയം: അഹ്​മദാബാദ്​ സ്​ഫോടനക്കേസ്​ വിധിക്കെതിരെ ഗുജറാത്ത്​ ഹൈകോടതിയിൽ ഉടൻ അപ്പീൽ നൽകുമെന്ന്​ കേസിൽ വധശിക്ഷ ലഭിച്ച ഈരാറ്റുപേട്ട സ്വദേശികളായ ശിബിലിയുടെയും ശാദുലിയുടെയും പിതാവ് പി.എസ്. അബ്ദുൽ കരീം. മക്കൾക്ക് ഈ സംഭവത്തിൽ ഒരു പങ്കുമില്ലെന്ന് വിശ്വസിക്കുന്നതായും ഉന്നത നീതിപീഠങ്ങളിൽ നിന്ന് നീതി ലഭിക്കുമെന്ന് കരുതുന്നതായും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. അഹ്​മദാബാദിൽ സ്ഫോടനം നടക്കുമ്പോൾ ശിബിലിയും ശാദുലിയും വിചാരണത്തടവുകാരായിരുന്നു. വിവിധ ജയിലുകളിൽ കഴിഞ്ഞിരുന്നവർ ഒരുമിച്ച് ഗൂഢാലോചനയിൽ പങ്കാളികളായെന്നത് അവിശ്വസനീയമാണ്​. പ്രതിചേർക്കപ്പെട്ടവരിൽ പലരും പരസ്പരം പരിചയംപോലും ഇല്ലാത്തവരാണെന്നും അദ്ദേഹം പറഞ്ഞു. വാഗമൺ സിമി ക്യാമ്പ്​ കേസുമായി ബന്ധപ്പെട്ട്​ ശിബിലിയെയും ശാദുലിയെയും കോടതി ശിക്ഷിച്ചിരുന്നു. എന്നാൽ, ഈ ​​കേസിൽ അഹ്​മദാബാദ്​ സ്​ഫോടനക്കേസുമായി ബന്ധപ്പെട്ട്​ ഒരു പരാമർശവുമില്ല. അഹ്​മദാബാദ്​ കേസിൽ ഗൂഢാലോചന നടത്തിയിരുന്നെങ്കിൽ എൻ.​ഐ.എ എന്തുകൊണ്ട്​ അന്ന്​ കേസെടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു. കേസിന്‍റെ വിചാരണവേളയിൽ ഒമ്പത്​ ജഡ്​ജിമാരാണ്​ മാറിവന്നത്​. ഒമ്പതാമത്തെ ജഡ്​ജിയാണ്​ 7015 പേജുള്ള വിധിന്യായം എഴുതിയത്​. ഇത്രയും പേജുള്ള വിധിന്യായം എഴുതാനുള്ള സമയംപോലും ജഡ്​ജിക്ക്​ ലഭിച്ചിട്ടില്ല. എട്ട്​ സംസ്ഥാനങ്ങളിൽനിന്നുള്ളവർ പ്രതിയായ കേസിൽ ഗുജറാത്തി ഭാഷയിലാണ്​ വിധിന്യായം എഴുതിയിരിക്കുന്നത്​. ഇപ്പോൾ വധശിക്ഷക്ക്​ വിധിക്കപ്പെട്ട ശിബിലിയെ നേരത്തേ കർണാടകയിലെ ഹുബ്ലി, മധ്യപ്രദേശിലെ നരസിംഹഗെഡ്​ കേസുകളിൽ വെറുതെ വിട്ടിരുന്നു. മുംബൈ സബർബൻ സ്​ഫോടനപരമ്പര കേസിൽ പ്രതി ചേർക്കപ്പെട്ട ശിബിലിയെ ഇൻഡോറിൽ അറസ്റ്റിലായശേഷം ഹേമന്ത്​ കർക്കരെയുടെ നേതൃത്വത്തിൽ എ.ടി.എസ്​ ചോദ്യം ചെയ്തശേഷം ചാർജ്​ ഷീറ്റിൽനിന്ന്​ ഒഴിവാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.