സ്ത്രീവിരുദ്ധ പ്രസംഗം; ഇടുക്കി ഡി.സി.സി അധ്യക്ഷ​നെതിരെ കേസ്​

ചെറുതോണി: കോൺഗ്രസിൽനിന്ന് കൂറുമാറി സി.പി.എമ്മിൽ ചേർന്ന ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രനെതിരെ സ്ത്രീവിരുദ്ധ പ്രസംഗം നടത്തിയ ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യുവിനെതിരെ കേസെടുത്തു. അശ്ലീല പരാമർശം നടത്തിയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും 509ാം വകുപ്പ്​ പ്രകാരവും വധഭീഷണി മുഴക്കിയതിന് 506 (ഒന്ന്) വകുപ്പ്​ പ്രകാരവുമാണ് കേസ്​. കുറ്റക്കാരനെന്ന്​ കണ്ടെത്തിയാൽ മൂന്നുവർഷം വരെ തടവുകിട്ടാവുന്ന വകുപ്പാണ്​ ചുമത്തിയത്​. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ ഭരണം കാലുമാറ്റത്തിലൂടെ പിടിച്ചെടുത്ത്​ സി.പി.എം ജനാധിപത്യം അട്ടിമറിക്കുന്നു എന്നാരോപിച്ച്​ ബ്ലോക്ക്​ പഞ്ചായത്ത്​ ആസ്ഥാനത്തേക്ക്​ ബുധനാഴ്ച യു.ഡി.എഫ്​ സംഘടിപ്പിച്ച മാർച്ച്​ ഉദ്​ഘാടനം ചെയ്യവെ നടത്തിയ പ്രസംഗമാണ്​ വിവാദമായത്​. രാജി ചന്ദ്രൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ തണലിൽ സുഖവാസം അനുഭവിക്കുകയാണെന്ന്​ പറഞ്ഞ്​​​ ഭർത്താവിനെയും സി.പി.എം നേതാക്കളെയും ബന്ധപ്പെടുത്തിയായിരുന്നു അശ്ലീല പരാമർശങ്ങൾ. കാലാവധി പൂർത്തിയാക്കുന്നതുവരെ രണ്ടുകാലിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫിസിൽ വരാൻ അനുവദിക്കില്ലെന്ന്​ ഭീഷണി മുഴക്കുകയും ചെയ്തു. രാജി ചന്ദ്രൻ ഇടുക്കി പൊലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. രാജിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വിവാദ പരാമർശത്തിനെതിരെ വിവിധ കോണുകളിൽനിന്ന്​ പ്രതിഷേധമുയർന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.