ഓടപ്പഴം അടവിയിലും...

പാട്ടിലെ 'ഓടപ്പഴം' അടവിയിലുണ്ട് കോന്നി: കലാഭവൻ മണി പാടിയ പാട്ടിലെ ഓടപ്പഴം കാണുവാൻ കോന്നിക്കാർക്കും കോന്നിയിൽ എത്തുന്ന സഞ്ചാരികൾക്കും അധികം അലയേണ്ടിവരില്ല. കാരണം ഓടപ്പഴം കല്ലാറിന്‍റെ കരയിലെ കുട്ടവഞ്ചി സവാരി കേന്ദ്രത്തിലും വിളഞ്ഞിട്ടുണ്ട്. കല്ലാറും മണ്ണീറ തോടും ചേരുന്ന കടവിലെ സംഗമസ്ഥാനത്ത് നിൽക്കുന്ന പടുകൂറ്റൻ മണിമരുതിയിലാണ് ഓടപ്പഴം പഴുത്തത്. അടവി കുട്ടവഞ്ചി സവാരികേന്ദ്രത്തിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് സുപരിചിതമാണ് അടവിയിലെ ഈ മണിമരുതി. ഓടൽ, ചേല, കരണ്ടകം എന്നീ വള്ളിപ്പടർപ്പുകൾ പടന്നുകയറിയ മണിമരുതി ഇവിടെയെത്തുന്ന കാഴ്ചക്കാർക്കും കൗതുകം ഉണർത്തുന്നുണ്ട്. വനത്തിനുള്ളിൽ കാണപ്പെടുന്ന ഈ വള്ളിപ്പടർപ്പുകൾ അത്യപൂർവമായി മാത്രമേ ഒറ്റമരത്തിൽ ഒന്നിച്ച് കാണുകയുള്ളൂ എന്ന് പഴമക്കാർ പറയുന്നു. മഞ്ഞ നിറത്തിൽ മുത്തുകൾ പോലെ ഉണ്ടായ ഓടപ്പഴം മണിമരുതിക്കും താരപരിവേഷം നൽകുന്നു. ആയുർവേദത്തിലെ പ്രധാന മരുന്നുകളിൽ ഒന്നായ ഓടൽ മനുഷ്യ ജീവിതത്തിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്നു. ഓടപ്പഴത്തിന്‍റെ കുരുവിൽനിന്ന്​ ലഭിക്കുന്ന ഓടത്തെണ്ണയാണ് ആറന്മുളയിൽ ഉൾപ്പെടെ നീറ്റിലിറക്കുന്ന പുതിയ ചുണ്ടൻ വള്ളങ്ങളിൽ തേക്കുന്നത്. പണ്ട് കാലങ്ങളിൽ ഓടത്തെണ്ണ ഉപയോഗിച്ച് കത്തിച്ച വിളക്കിൽനിന്ന്​ ലഭിക്കുന്ന കരി സ്ത്രീകൾ കണ്ണെഴുതുന്നതിനും ഉപയോഗിച്ചിരുന്നു. മനുഷ്യർക്കും പക്ഷിമൃഗാദികൾക്കും ഒരുപോലെ ഓടപ്പഴം പ്രിയപ്പെട്ടതാണ്​. പഴയ തലമുറക്ക് ഓടപ്പഴം സുപരിചിതമെങ്കിലും പുതിയ തലമുറ ഇതിനെ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. പാട്ടുകളിൽ മാത്രം കേട്ടിരുന്ന ഓടപ്പഴം നേരിട്ട് കണ്ട സന്തോഷത്തിലാണ് കുട്ടവഞ്ചി സവാരികേന്ദ്രത്തിൽ എത്തുന്ന സഞ്ചാരികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.