'എ‍ന്‍റെ കേരളം' പൂമുഖത്ത് സന്ദർശകരെ വിസ്മയിപ്പിച്ച് കനേഡിയൻ കലാകാരി

കോട്ടയം: എന്റെ കേരളം മേളയിലെ ടൂറിസം വകുപ്പിന്‍റെ തീം സ്റ്റാളിൽ കേരളീയ കരകൗശല ഉൽപന്നങ്ങൾ സന്ദർശകർക്ക് പരിചയപ്പെടുത്തിയും വാങ്ങുന്നതിന് പ്രോത്സാഹനവും നൽകി കനേഡിയൻ കലാകാരി കെയ്തി ഡോയ്‌ലോ. ആശയവിനിമയം നടത്തുന്നതിന് ഭാഷ തടസ്സമല്ലെന്നുകൂടി തെളിയിച്ചാണ് ഇവർ മേളയിലെത്തുന്നവരുമായി ഇടപഴകുന്നത്. പ്രാദേശിക കലാകാരന്മാർ തയാറാക്കുന്ന കലാമൂല്യമുള്ളതും കൗതുകം ജനിപ്പിക്കുന്നതുമായ ഉൽപന്നങ്ങൾക്ക് വിപണന സാധ്യതയൊരുക്കാൻ ഉത്തരവാദിത്ത ടൂറിസം മിഷൻ സജ്ജമാക്കിയ സ്റ്റാളിലാണ് ഫൈനാർട്സ് വിദ്യാർഥി കൂടിയായ കെയ്തിയുടെ സാന്നിധ്യം. സ്റ്റാളിലെ മ്യൂറല്‍ പെയിന്റിങ്​ ചിത്രങ്ങള്‍ തയാറാക്കിയ അയ്മനം സ്വദേശിനി മ്യൂറല്‍ ആര്‍ട്ടിസ്റ്റ് ജയശ്രീ രാജന്റെ മകന്‍ അനന്തകൃഷ്ണ‍ന്‍റെ സുഹൃത്താണിവർ. കാനഡയില്‍ സോഫ്റ്റ്‌വെയര്‍ എൻജിനീയറാണ് അനന്തകൃഷ്ണൻ. മേള ഉദ്ഘാടന ദിവസത്തെ ഘോഷയാത്രയിലും ടൂറിസം വകുപ്പിനൊപ്പം മുന്‍നിരയിലുണ്ടായിരുന്നു. കാനഡയിലെ ഒന്‍റാറിയോ സ്‌റ്റേറ്റിലെ ടൊറന്റോ ആണ് സ്വന്തം നാട്‌. മാതാപിതാക്കളുടേ ഒറ്റ മകളായ കെയ്തിക്ക് ഫോട്ടോഗ്രഫിയിലുള്ള കമ്പമാണ് കേരളത്തിലേക്ക് ആകർഷിക്കുന്നത്. കേരളത്തിന്റെ പല ഭാഗങ്ങളും ഇതിനകം സന്ദര്‍ശിച്ചുകഴിഞ്ഞു. ഏതാനും വർഷങ്ങളായി ഇടക്ക് കേരളം സന്ദർശിക്കാറുള്ളതുകൊണ്ട് അൽപം മലയാളവും വശമുണ്ട്. അസം വാളയെ കാണാം ഫിഷറീസ് സ്റ്റാളിൽ കോട്ടയം: അസം വാള മുതൽ പള്ളത്തി വരെയുള്ള മത്സ്യങ്ങൾ വെള്ളത്തിൽ നീന്തി തുടിക്കുന്നത് കാണാം ഫിഷറീസ് വകുപ്പിന്‍റെ തീം സ്റ്റാളിൽ. മഞ്ഞ കൂരി, കൂരി, മുഷി, കാർപ്പ്, തിലോപ്പിയ, കരിമീൻ എന്നിവക്ക്​ പുറമേ ഓർണമെന്‍റൽ ഇനത്തിൽപ്പെട്ട വിവിധ വർണ മത്സ്യങ്ങളുമുണ്ട്. സുഭിക്ഷ കേരളം പദ്ധതിയിൽ വീട്ടുവളപ്പിൽ നടത്താവുന്ന പടുതക്കുളം, ബയോഫ്ലോക്ക് മത്സ്യകൃഷി സംബന്ധിച്ചും പാറമടകളിലും മറ്റ് ജലാശയങ്ങളിലും നടത്തുന്ന മത്സ്യകൃഷിയെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാക്കും. മത്സ്യകൃഷിക്ക് ഉപയോഗിക്കുന്ന വെള്ളം പുനഃചംക്രമണം നടത്തി അതിലെ അമോണിയ ചെടികൾക്ക് വലിച്ചെടുക്കാവുന്ന നൈട്രേറ്റ് വളമാക്കി കൃഷിക്ക് ഉപയോഗിക്കുന്ന അക്വാപോണിക്സ് രീതിയും സ്റ്റാളിൽ പരിചയപ്പെടാനാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.