1258 ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങളുടെ കൈതാങ്ങ്​

മുഴുവൻ ഭിന്നശേഷിക്കാർക്കും ഉപകരണങ്ങൾ ലഭ്യമാക്കുമെന്ന്​​ ജില്ല ഭരണകൂടം കോട്ടയം: പാർലമെന്‍റ്​ മണ്ഡലത്തിലെ 1258 ഭിന്നശേഷിക്കാർക്ക്​ ഇനി സഹായ ഉപകരണങ്ങളുടെ കൈതാങ്ങ്​. കേന്ദ്ര സാമൂഹിക നീതി വകുപ്പിന്‍റെ എ.ഡി.ഐ.പി പദ്ധതിയിലുൾപ്പെടുത്തിയാണ്​ കാഴ്ചപരിമിതർക്ക് പ്രത്യേക സ്മാർട്ട്​ഫോൺ അടക്കം 36 ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്നത്​. സാമൂഹിക നീതി വകുപ്പുമായി ബന്ധപ്പെട്ട പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റിയിൽ അംഗമായ തോമസ് ചാഴികാടൻ എം.പിയുടെ ആവശ്യപ്രകാരമാണ്​ ജില്ല ഭരണകൂടത്തിന്‍റെ സഹായത്തോടെ പദ്ധതി ആവിഷ്​കരിച്ചത്​. 96 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ്​ കേന്ദ്ര സർക്കാറിന്‍റെ കീഴിലുള്ള ആർട്ടിഫിഷ്യൽ ലിംബ്​ മാനുഫാക്​ചറിങ്​ കോർപറേഷൻ​ (അലിംകോ) ലഭ്യമാക്കുന്നത്​. അടുത്തഘട്ടമായി ജില്ലയിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും ഉപകരണങ്ങൾ ലഭ്യമാക്കാനാണ്​ ജില്ല ഭരണകൂടം ലക്ഷ്യമിടുന്നത്​. സാമൂഹിക നീതി വകുപ്പ്, ബ്ലോക്ക് പഞ്ചായത്തുകൾ, അംഗൻവാടി പ്രവർത്തകർ, ആരോഗ്യ വകുപ്പ്, ആർച് ബിഷപ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷൻ എന്നിവരുടെ സഹകരണത്തോടെ ബ്ലോക്ക്​തലങ്ങളിൽ നടത്തിയ 12 ക്യാമ്പുകളിൽനിന്ന്​ തിരഞ്ഞെടുക്കപ്പെട്ടവർക്കാണ്​ ഉപകരണങ്ങൾ. 40 ശതമാനത്തിലധികം വൈകല്യമുള്ളവരെയാണ്​ ഇതിനായി പരിഗണിച്ചതെന്ന്​ തോമസ്​ ചാഴികാടൻ എം.പി വാർത്തസമ്മേളനത്തിൽ പറഞ്ഞു. പദ്ധതിയു​ടെ ഭാഗമാകാത്തവരെ ഉൾപ്പെടുത്താൻ അടുത്തഘട്ടമായി കൂടുതൽ ക്യാമ്പുകൾ നടത്തുമെന്ന്​ കലക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. തിങ്കളാഴ്ച രാവിലെ 11.30ന് കോട്ടയം ബി.സി.എം കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര സാമൂഹിക നീതി വകുപ്പ് സഹമന്ത്രി നാരായണ വിതരണോദ്​ഘാടനം നിർവഹിക്കും. പാമ്പാടി, പള്ളം, ഏറ്റുമാനൂർ ബ്ലോക്കുകളിലെയും കോട്ടയം, ഏറ്റുമാനൂർ നഗരസഭകളിലെയും ഗുണഭോക്താക്കൾക്കാണ് ഉപകരണങ്ങൾ ലഭ്യമാക്കുന്നത്. മറ്റു ബ്ലോക്കുകളിലെ ഗുണഭോക്താക്കൾക്ക്​ അതത് ബ്ലോക്ക് ഓഫിസുകളിൽ ഉപകരണങ്ങൾ ലഭ്യമാക്കും. ചൊവ്വ- ളാലം ബ്ലോക്ക്, വ്യാഴം-വൈക്കം ബ്ലോക്ക്, ജൂൺ 10- കടുത്തുരുത്തി ബ്ലോക്ക്, 13 - ഉഴവൂർ ബ്ലോക്ക്, 14- മുളന്തുരുത്തി ബ്ലോക്ക്, 15- പാമ്പാക്കുട ബ്ലോക്ക് എന്നിങ്ങനെയാണ്​ ഇതിനായി നിശ്ചയിച്ചിരിക്കുന്ന തീയതികൾ. വാർത്തസമ്മേളനത്തിൽ അലിംകോ സീനിയർ മാനേജർ എ.പി. അശോക്​ കുമാർ, സാമൂഹിക നീതി വകുപ്പ്​ ജില്ല ഓഫിസർ ജോസഫ്​ റെബല്ലോ എന്നിവരും പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.