കോട്ടയം: വെള്ളവും വൈദ്യുതിയുമില്ലാത്തതിനാൽ കോടിമതയിലെ എ.ബി.സി ഷെൽട്ടർ തുറക്കാൻ വൈകുന്നു. കഴിഞ്ഞമാസം 30ന് മുമ്പ് ഉദ്ഘാടനം ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, വയറിങ് പോലും കഴിഞ്ഞ ദിവസമാണ് പൂർത്തീകരിച്ചിരുന്നത്. വൈദ്യുതി കണക്ഷനെടുക്കണം. വെള്ളത്തിന് കിണറില്ല. പകരം ടാങ്ക് വെച്ച് ജല അതോറിറ്റിയുടെ വെള്ളം ഉപയോഗിക്കാനാണ് തീരുമാനം. എ.സി, റഫ്രിജറേറ്റർ തുടങ്ങിയവ വാങ്ങണം. വെറ്ററിനറി ഡോക്ടർമാരെയും ജീവനക്കാരെയും നിയോഗിക്കണം. ജില്ലയിൽ ഏഴുസ്ഥലത്താണ് എ.ബി.സി കേന്ദ്രം ആരംഭിക്കുന്നത്. മൃഗക്ഷേമവകുപ്പിെൻറ നിബന്ധനകളനുസരിച്ച് 20 സെന്റിലെ സെന്റർ തുടങ്ങാനാവൂ. കോട്ടയം നഗരസഭക്ക് എ.ബി.സി കേന്ദ്രം ഉള്ളതിനാൽ ആദ്യപടിയായി ഇവിടെ തുടങ്ങാനാണ് തീരുമാനിച്ചത്. ജില്ലയിൽ തദ്ദേശ സ്ഥാപനത്തിനുകീഴിൽ എ.ബി.സി കേന്ദ്രമുള്ളതും കോട്ടയം നഗരസഭക്ക് മാത്രമാണ്. 2020ൽ കെട്ടിടം പൂർത്തിയാക്കിയെങ്കിലും പ്രവർത്തനം തുടങ്ങിയിരുന്നില്ല. തെരുവുനായ് വിഷയം വ്യാപകമായതോടെ സെന്റർ അടിയന്തരമായി തുറക്കാൻ തീരുമാനിക്കുകയായിരുന്നു.
കേന്ദ്രം സജ്ജമാക്കാനും വെറ്ററിനറി സർജൻ, മറ്റു ജീവനക്കാർ എന്നിവരെ നിയോഗിക്കാനും ജില്ല മൃഗസംരക്ഷണ ഓഫിസർക്ക് നിർദേശം നൽകിയിരുന്നു. ഇതിന് തുടർച്ചയായി ഉഴവൂർ, പാലാ എന്നിവിടങ്ങളിലും കേന്ദ്രം ആരംഭിക്കും. മുമ്പ് പരിശീലനം ലഭിച്ചവർക്ക് പ്രത്യേക പരിശീലനംകൂടി നൽകിയാണ് നടപ്പാക്കുക. ജില്ലതലത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായി ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരെയും നഗരസഭ അധ്യക്ഷരെയും ഉൾപ്പെടുത്തി എ.ബി.സി മോണിറ്ററിങ് സമിതി രൂപവത്കരിച്ചിട്ടുണ്ട്.
നഗരസഭ വിഹിതം വികസന ഫണ്ടിൽനിന്ന് നൽകും
വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് എ.ബി.സി പദ്ധതിയുമായി ബന്ധപ്പെട്ട സ്പെഷൽ പ്രോജക്ടുകൾ തയാറാക്കാൻ കോട്ടയം നഗരസഭ കൗൺസിൽ അനുമതി നൽകി. ജില്ല പഞ്ചായത്തിെൻറ പദ്ധതിക്കായി നഗരസഭ വിഹിതമായ അഞ്ചുലക്ഷം രൂപ വികസന ഫണ്ടിൽനിന്ന് അനുവദിക്കാനും തീരുമാനിച്ചു. എ.ബി.സി നടത്തിപ്പിനായി എല്ലാ തദ്ദേശസ്ഥാപനങ്ങളും തുക നീക്കിവെക്കണം. പഞ്ചായത്തുകൾ മൂന്നുലക്ഷവും ബ്ലോക്ക് പഞ്ചായത്ത് അഞ്ചുലക്ഷവും നഗരസഭകൾ അഞ്ചുലക്ഷവുമാണ് നൽകേണ്ടത്. ജില്ല പഞ്ചായത്ത് 10 ലക്ഷത്തിൽ കുറയാത്ത തുകയും നൽകും. നിലവിൽ പദ്ധതിക്കായി ഒരുകോടി നീക്കിവെച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം കൂടിയാകുമ്പോൾ മൂന്നുകോടിയോളം വരും. അതിനാൽ പദ്ധതി നടത്തിപ്പിന് സാമ്പത്തിക പ്രശ്നം വരുന്നില്ലെന്നാണ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.