നേട്ടങ്ങളുമായി മെഡി. കോളജിലെ ഇന്റർവെൻഷനൽ റേഡിയോളജി യൂനിറ്റ്

കോട്ടയം: രോഗനിർണയ ചികിത്സ രംഗത്ത് ഒരു വർഷത്തിനകം മികച്ച നേട്ടവുമായി മെഡി. കോളജിലെ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിന് കീഴിലുള്ള ഇന്‍റർവെൻഷനൽ റേഡിയോളജി യൂനിറ്റ്.

തല മുതൽ കാലുവരെയുള്ള രക്തധമനികൾ അടഞ്ഞാൽ തുറക്കാനും രക്തസ്രാവമുണ്ടായാൽ തടയാനും കഴിയുന്ന ഡിജിറ്റൽ സബ്സ്ട്രാക്ഷൻ ആൻജിയോഗ്രാഫി (ഡി.എസ്.എ) മെഷീനുപയോഗിച്ചുള്ള നൂതന രോഗനിർണയവും മികവാർന്ന ചികിത്സയുമാണ് ഈ യൂനിറ്റ് വഴി നൽകുന്നത്. മെഡി. കോളജിൽ ഇന്റർവെൻഷനൽ റേഡിയോളജി യൂനിറ്റ് ആരംഭിക്കുന്നത് 2021 ഏപ്രിലിൽ ആണ്. കൺസൾട്ടന്റ് ഇന്റർവെൻഷനൽ റേഡിയോളജിസ്റ്റ് ഡോ. അശ്വിൻ പത്മനാഭൻ ആണ് തലവൻ. ഏതെങ്കിലും നിലയിൽ അപകടം നേരിട്ട് ആന്തരിക രക്തസ്രാവവുമായി എത്തിയ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ ഈ യൂനിറ്റ് ആരംഭിച്ചശേഷം കോട്ടയം മെഡിക്കൽ കോളജിന് സാധിച്ചു.

ശ്രീചിത്തിരപോലെയുള്ള ആശുപത്രികളിൽ മാത്രം ചെയ്തുവന്നിരുന്ന തലച്ചോറിലെ ആർട്ടറികൾ കൂടിച്ചേരുന്നതിനുള്ള ചികിത്സയായ എ.വി.എം ചികിത്സ ഒന്നിലധികം പേർക്ക് വിജയകരമായി ചെയ്ത ഏക മെഡിക്കൽ കോളജ് എന്ന പേര് കോട്ടയത്തിന് നേടിക്കൊടുത്തതും ഇന്റർവെൻഷനൽ റേഡിയോളജി യൂനിറ്റ് ആണ്.

തല തുറക്കാതെ രക്തസ്രാവത്തിന് ചികിത്സിക്കുന്ന സെറിബ്രൽ കോയിലിങ് എന്ന നൂതന ചികിത്സ 30 ലേറെ രോഗികൾക്ക് നൽകാൻ യൂനിറ്റിന് സാധിച്ചു. കാൻസർ രോഗികൾക്ക് അസുഖം ബാധിച്ച സ്ഥലത്തുമാത്രം കീമോതെറാപ്പി നടത്തുന്ന ചികിത്സ, ഓപറേഷൻ കൂടാതെ ട്യൂമർ കരിച്ചുകളയുന്ന ചികിത്സ തുടങ്ങി കഴിഞ്ഞ ഒരു വർഷത്തിനകം തന്നെ 900 ശസ്ത്രക്രിയകൾ നടത്താനായി. സ്വകാര്യ ആശുപത്രികളിൽ അനേകലക്ഷം രൂപ ചെലവുവരുന്ന ചികിത്സകളാണ് ഒരു രൂപ പോലും ചെലവില്ലാതെ ലഭ്യമാക്കാനായത്.

യൂനിറ്റിന്റെ ഒന്നാം വാർഷികാഘോഷത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ട് ടി.കെ. ജയകുമാർ. റേഡിയോ ഡയഗ്നോസിസ് വകുപ്പ് മേധാവി ഡോ. സജിത, ഗാസ്ട്രോ വിഭാഗം മേധാവി ആർ.എൽ. സിന്ധു, മെഡിസിൻ വിഭാഗം മേധാവി ഡോ. സംഗമിത്ര, നഴ്സിങ് ചീഫ് വി.ആർ. സുജാത, എ.ആർ.എം.ഒ. ലിജോ, ഡോ. അബ്ദു നിസാർ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - achievement of Interventional Radiology Unit in kottayam medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.