ഗാന്ധിനഗർ: മെഡിക്കൽ കോളജ് എം.ആർ.ഐ സ്കാനിങ് സി.ടി സ്കാനിങ് എന്നീ വിഭാഗങ്ങളിൽ രോഗികൾക്ക് റിപ്പോർട്ടുകൾ മാറി നൽകുന്നതായി പരാതികൾ. പരാതി നൽകിയത് മുഴുവൻ ആശുപത്രി ജീവനക്കാരയതിനാൽ പ്രശ്നം ഒതുക്കിത്തീർക്കുകയായിരുന്നു. പാലാ രാമപുരം സ്വദേശിയായ 60കാരന് നട്ടെല്ലിന്റെ സ്കാനിങ്ങിന് എം.ആർ.ഐക്ക് വിധേയമാക്കി.
രണ്ടുദിവസം കഴിഞ്ഞ് രോഗിയുടെ ബന്ധു റിപ്പോർട്ട് വാങ്ങി ഡോക്ടർക്ക് കൊടുത്തപ്പോഴാണ് തലയുടെ സ്കാനിങ് റിപ്പോർട്ടാണെന്നും ഇത് മറ്റൊരു രോഗിയുടേതാണെന്നും മനസ്സിലായത്. പിന്നീട് ഈ റിപ്പോർട്ട് തിരികെ കൊണ്ടുപോയി കൊടുത്തശേഷം യഥാർഥ റിപ്പോർട്ട് നൽകുകയായിരുന്നു. റിപ്പോർട്ട് വാങ്ങിയ രോഗിയുടെ ബന്ധു മെഡിക്കൽ കോളജ് ജീവനക്കാരനായതിനാൽ പരാതി നൽകിയില്ല. ഈ സംഭവത്തിന് ശേഷം ആശുപത്രിയിലെ ഒരു ജീവനക്കാരിക്കും ഭർത്താവിനും ഇത്തരം അനുഭവം ഉണ്ടായി.
ജീവനക്കാരിയുടെ ഭർത്താവിനെ സി.ടി ആൻജിയോഗ്രാം പരിശോധനക്ക് വിധേയനാക്കി. അവിടെനിന്നും ലഭിച്ചത് മറ്റൊരു രോഗിയുടെ പരിശോധന റിപ്പോർട്ടാണ്. ജീവനക്കാരി വയറിന്റെ സ്കാനിങ്ങിന് (യു.എസ്.ജി) വിധേയമായ ശേഷം ലഭിച്ച റിപ്പോർട്ടും മാറിപ്പോയിരുന്നു. ഗുരുതരമായ മൂന്നു സംഭവം ഉണ്ടായിട്ടും ആശുപത്രി അധികൃതർക്ക് പരാതി നൽകാതിരുന്നത് ഇവർ മെഡിക്കൽ കോളജ് ജീവനക്കാരായിരുന്നു എന്ന ഒറ്റക്കാരണത്താലാണ്. എം.ആർ.ഐ, സി.ടി സ്കാനിങ് വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരുടെ നിരുത്തരവാദിത്തമാണ് റിപ്പോർട്ടുകൾ മാറിനൽകുന്നതും യഥാസമയം നൽകാതിരിക്കുന്നതെന്നുമാണ് സ്ഥിരംജീവനക്കാർ പറയുന്നത്. ഡേറ്റാഎൻട്രി വിദഗ്ധരെന്ന പേരിലാണ് പലരെയും നിയമിച്ചിട്ടുള്ളതെങ്കിലും പലർക്കും നിശ്ചിത യോഗ്യതയും പരിചയവും ഇല്ലെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.