ഒരു നിശ്ചയവുമില്ല, ഇത്തവണത്തെ കോട്ടയത്തെ തെരഞ്ഞെടുപ്പിന്. പാലായിൽ കെ.എം. മാണി, പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി, ചങ്ങനാശ്ശേരിയിൽ സി.എഫ്. തോമസ്, പൂഞ്ഞാറിൽ പി.സി. ജോർജ്... അങ്ങനെ ജില്ലയിലെ ഭൂരിപക്ഷം സീറ്റുകളും കോൺഗ്രസും കേരള കോൺഗ്രസും ചേർന്ന് നേടുന്നതായിരുന്നു പതിവ്.
ഇത്തവണ ആകെ മാറിയ കോട്ടയമാണ്. കെ.എം. മാണിയില്ല, സി.എഫ് ഇല്ല, കെ.എം. മാണിയുടെ കേരള കോൺഗ്രസും യു.ഡി.എഫിനൊപ്പമില്ല. കേരള കോൺഗ്രസ് ജോസ് വിഭാഗം യു.ഡി.എഫ് വിട്ടശേഷമുള്ള തദ്ദേശ തെരഞ്ഞെടുപ്പിൽ കാറ്റ് ഇടതുമുന്നണിക്ക് അനുകൂലമായി. ഐക്യജനാധിപത്യമുന്നണിയുടെ ഉരുക്കുകോട്ടയായാണ് കോട്ടയം അറിയപ്പെടുന്നതെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച നേട്ടത്തിെൻറ ആത്മവിശ്വാസമാണ് ഇടതുമുന്നണിയുടെ ആസ്തി.
മധ്യകേരളത്തിൽ കോട്ടയത്തെ വിജയം യു.ഡി.എഫിന് എന്നും കരുത്ത് പകർന്നിരുന്നു. ഭരണത്തിലേക്ക് കൈപിടിച്ചുകയറ്റുന്നതിൽ കോട്ടയത്തിെൻറ സീറ്റെണ്ണവും പ്രധാന ഘടകമായിരുന്നു. എന്നാൽ, ഇത്തവണ യു.ഡി.എഫിന് കണ്ണടച്ച് സീറ്റെണ്ണം കണക്കുകൂട്ടാനാവില്ല. ജില്ലയിലെ ഒമ്പത് നിയമസഭ മണ്ഡലത്തിലും കനത്ത മത്സരം. കോൺഗ്രസും കേരള കോൺഗ്രസും വേർപിരിഞ്ഞ് മത്സരിക്കുന്നത് പ്രചാരണരംഗത്ത് ആവേശവും പകരുന്നു. ഉറപ്പിച്ച രണ്ടെണ്ണമടക്കം മൂന്ന് സീറ്റ് വീതം സ്വന്തം അക്കൗണ്ടിൽ ഇരുമുന്നണിയും എഴുതിച്ചേർത്തു. അവശേഷിക്കുന്ന മൂന്നിടങ്ങളിലെ ഫലമാകും ജില്ലയിലെ വല്യേട്ടനെ നിശ്ചയിക്കുക. ഇതിലൊന്നിൽ ഇരുമുന്നണിക്കൊപ്പം പി.സി. ജോർജും രംഗത്തുണ്ട്.
രണ്ടിടത്ത് ചതുഷ്കോണ മത്സരമാണ്. പൂഞ്ഞാറിലും ഏറ്റുമാനൂരിലും. ഇൗ മണ്ഡലങ്ങളുടെ മനസ്സ് പ്രവചനാതീതവും. മുന്നണികളെ മാറിമാറി പരീക്ഷിക്കും. വേണ്ടി വന്നാൽ സ്വതന്ത്രെരയും ജയിപ്പിക്കും. രണ്ട് വിമത സ്വതന്ത്രരെ വിജയിപ്പിച്ച ചരിത്രം ഏറ്റുമാനൂരിനുണ്ട്. സീറ്റ് നിഷേധത്തിെൻറ പേരിൽ കെ.പി.സി.സി ആസ്ഥാനത്തെത്തി തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച മഹിള കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് സ്വതന്ത്രയായി മത്സരിക്കുന്നു. ലതിക എത്ര വോട്ട് പിടിക്കുമെന്നത് യു.ഡി.എഫ് സ്ഥാനാർഥി ജോസഫ് ഗ്രൂപ്പിലെ പ്രിൻസ് ലൂക്കോസിെൻറ ജയപരാജയത്തെ സ്വാധീനിക്കാം. ഇടതുമുന്നണി സ്ഥാനാർഥിയായി സി.പി.എം ജില്ല സെക്രട്ടറിയും മുൻ എം.എൽ.എയുമായ വി.എൻ. വാസവനും മത്സരിക്കുന്നു.
പൂഞ്ഞാറിൽ ഇടത് സ്ഥാനാർഥി മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യൻ കുളത്തുങ്കലാണ്. കെ.പി.സി.സി സെക്രട്ടറി ടോമി കല്ലാനിയെ യു.ഡി.എഫ് പരീക്ഷിക്കുന്നു. പി.സി. ജോർജ് ജനപക്ഷത്തിെൻറ സ്ഥാനാർഥിയായി രണ്ടാം വട്ടവും മത്സരിക്കുന്നു. ബി.ഡി.ജെ.എസും രംഗത്തുണ്ട്. വർഷങ്ങൾക്ക് ശേഷം കൈപ്പത്തി ചിഹ്നത്തിൽ വോട്ടുചെയ്യാനായതിെൻറ ത്രില്ലിലാണ് പൂഞ്ഞാറിലെ കോൺഗ്രസ് പ്രവർത്തകർ. പാലായിൽ ജോസ് കെ. മാണിയും മാണി സി. കാപ്പനും പൊരിഞ്ഞ പോരാട്ടത്തിലാണ്.
പുതുപ്പള്ളിയിൽ അരനൂറ്റാണ്ട് പിന്നിടുന്ന ഉമ്മൻ ചാണ്ടിയെ ഇത്തവണയും സി.പി.എം യുവനേതാവ് ജെയ്ക്ക് സി. തോമസ് നേരിടുന്നു. ചങ്ങനാശ്ശേരിയിലും കടുത്തുരുത്തിയിലും ഇരു കേരള കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്നു. ചങ്ങനാശ്ശേരിയിൽ ജോസഫ് വിഭാഗത്തിലെ വി.െജ. ലാലിയും ജോസ് പക്ഷത്തെ ജോബ് മൈക്കിളുമാണ് പോര്. കടുത്തുരുത്തിയിൽ സിറ്റിങ് എം.എൽ.എ ജോസഫ് ഗ്രൂപ്പിലെ മോൻസ് ജോസഫും ജോസ് വിഭാഗത്തിലെ സ്റ്റീഫൻ ജോർജും ഏറ്റുമുട്ടുന്നു. രണ്ടിടത്തും തീപാറും പോരാട്ടം. കാഞ്ഞിരപ്പള്ളിയിൽ സിറ്റിങ് എം.എൽ.എ ഡോ.എൻ.ജയരാജും കോൺഗ്രസിലെ ജോസഫ് വാഴക്കനും. ബി.ജെ.പി 'എ'ക്ലാസ് മണ്ഡലമായി കാണുന്ന ഇവിടെ അൽഫോൻസ് കണ്ണന്താനവും രംഗത്തുണ്ട്. രൂപമാറ്റം വരുംമുമ്പ് ഇടതുമുന്നണി സ്ഥാനാർഥിയായി അൽഫോൻസ് ഇവിടെ ജയിച്ചിരുന്നു.
സംവരണ മണ്ഡലമായ വൈക്കത്ത് സിറ്റിങ് എം.എൽ.എ സി.പി.ഐയുടെ സി.കെ. ആശയും കോൺഗ്രസിലെ പി.ആർ. സോനയും തമ്മിലാണ് മത്സരം. കോട്ടയം മുനിസിപ്പൽ ചെയർപേഴ്സനായിരുന്നു സോന. ബി.ജെ.പിയുടെ അജിത സാബുവും രംഗത്തുണ്ട്. കോട്ടയത്ത് സിറ്റിങ് എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണനെ സി.പി.എമ്മിലെ കന്നിക്കാരൻ കെ.അനിൽ കുമാർ നേരിടുന്നു. മിനർവ മോഹനാണ് ബി.ജെ.പി സ്ഥാനാർഥി. ജാതി-മത സമവാക്യങ്ങൾ എല്ലാ തെരഞ്ഞെടുപ്പിലും കോട്ടയത്ത് നിർണായകമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ സഭകളിലെ വലിയ വിഭാഗം എൽ.ഡി.എഫിെനാപ്പം ചേർന്നുനിന്നു.
യു.ഡി.എഫിനെ മുസ്ലിംലീഗ് ഹൈജാക് ചെയ്യുന്നുവെന്ന പ്രചാരണമായിരുന്നു ഇതിന് കാരണം. ഇടതിലേക്ക് പുതുതായെത്തിയ ജോസ് കെ. മാണിയുടെ 'പിേള്ളർ' ഇതിന് വ്യാപക പ്രചാരണം നൽകിയപ്പോൾ ഇടവഴികളിലെ വീട്ടകങ്ങളിലേക്കും വിഷയം പാഞ്ഞുകയറി. ഉമ്മൻ ചാണ്ടി നേതൃത്വത്തിലേക്ക് വന്നതോടെ ഇത്തരം മുറുമുറുപ്പുകൾ അവസാനിെച്ചന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. ശബരിമലയിൽ സി.പി.എമ്മുമായി നിരന്തരം കലഹിക്കുന്ന എൻ.എസ്.എസ് നിലപാടിൽ യു.ഡി.എഫ് പ്രതീക്ഷവെക്കുന്നു. ബി.ജെ.പി സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പലയിടത്തും അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.