കോട്ടയം: ഉൽപാദനം കുറയുകയും ആവശ്യം വർധിക്കുകയും ചെയ്തതോടെ തേങ്ങ വില കുതിച്ചുകയറി. ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ നാളികേരം. വിപണിയിൽ ചില്ലറ വില കിലോക്ക് 80 രൂപ വരെയായി. ഇതോടെ വെളിച്ചെണ്ണയുടെ വിലയും വർധിച്ചു. കിലോക്ക് 242 രൂപയും പാക്കറ്റ് വെളിച്ചെണ്ണക്ക് 300 രൂപ വരെയെത്തി. നാടൻ തേങ്ങയുടെ ഉൽപാദനം കുറഞ്ഞതോടെയാണ് വില കുതിക്കാനിടയായത്. തേങ്ങ ഉൽപാദനം 40 ശതമാനത്തോളം കുറഞ്ഞതായാണ് വിവരം.
കുറച്ച് മാസങ്ങളായി വിപണിയിൽ വെളിച്ചെണ്ണക്ക് വില കുത്തനെ ഉയരുകയാണ്. തേങ്ങക്ക് ആനുപാതികമായി ഉയരുന്ന വെളിച്ചെണ്ണയുടെ വില പക്ഷേ, തേങ്ങയുടെ വില കുറയുന്നതനുസരിച്ച് കുറയുന്നില്ല. വെളിച്ചെണ്ണക്ക് വിലയേറിയതോടെ കടകളിലും വീട്ടിലെ ആവശ്യങ്ങൾക്കും വെളിച്ചെണ്ണയുടെ ഉപയോഗം പരിമിതപ്പെടുത്തുകയാണ്. വെളിച്ചെണ്ണ ഉൽപാദകർ പ്രധാനമായും ആശ്രയിക്കുന്ന തമിഴ്നാട് കൊപ്രയുടെ ലഭ്യതക്കുറവാണ് വിലക്കയറ്റത്തിന്റെ മുഖ്യകാരണമായി ചൂണ്ടിക്കാട്ടുന്നത്.
കാലാവസ്ഥ വ്യതിയാനവും നാളികേര കൃഷിയോടുള്ള കർഷകരുടെ വിമുഖതയും ഉൽപാദനം കുറയാൻ പ്രധാനകാരണമായി. 10 വർഷത്തിനുള്ളിൽ നാടൻ തേങ്ങ ഉൽപാദനം പകുതിയിലധികം കുറഞ്ഞതായി കണക്കാക്കപ്പെടുന്നു.
ഇതരസംസ്ഥാനങ്ങളിൽനിന്നുമുള്ള വരവ് കുറഞ്ഞതും തേങ്ങ കിട്ടാക്കനിയാകാൻ കാരണമായി. ശബരിമല തീർഥാടന കാലമായതിനാൽ തേങ്ങയുടെ ആവശ്യം വർധിച്ചു. ഇതും വിലവർധനക്ക് കാരണമായി. തമിഴ്നാട് ഉൾപ്പെടെയുള്ള ഇതരസംസ്ഥാനങ്ങളിൽനിന്ന് തേങ്ങ എത്തുന്നുണ്ടെങ്കിലും ആവശ്യക്കാർ കുറവാണ്. ഗുണനിലവാരം കുറഞ്ഞ തേങ്ങയാണ് ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നത്. അതേസമയം, നാളികേരത്തിന്റെ വിലക്കയറ്റം കർഷകർക്ക് വലിയ ആശ്വാസം നൽകുന്നുണ്ട്. ഈ വില നിലനിർത്തിക്കൊണ്ട് മാത്രമേ കർഷകർക്ക് പിടിച്ചുനിൽക്കാൻ സാധിക്കൂ എന്നാണ് കർഷകരുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.