ഗാന്ധിനഗർ: മെഡിക്കൽ കോളജിൽ മൂട്ട ശല്യം കാരണം രോഗികൾക്ക് കട്ടിലിലോ തറയിലോ കിടക്കാനാകുന്നില്ല. കിടന്നു വിശ്രമിക്കേണ്ട രോഗികൾക്ക് ഇവയുടെ ആക്രമണം മൂലം കിടക്കാനും ഇരിക്കാനുമാകാത്ത സ്ഥിതിയാണ്. ശനിയാഴ്ച ഗൈനക്കോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ച രോഗിയുടെ ശരീരമാസകലം ഞായറാഴ്ച രാവിലെയായപ്പോൾ മൂട്ടയുടെ കടിയേറ്റ് തടിച്ചുവീർത്തിരുന്നു.
പൂർണഗർഭിണിയായ അസം സ്വദേശിനിക്കാണ് ദുരനുഭവം. യുവതിയുടെ കരച്ചിൽ കേട്ട് മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരി പരിശോധിച്ചപ്പോഴാണ് കൈകാലുകൾ, വയർ, പുറം എന്നിവിടങ്ങളിൽ കടിയേറ്റത് കാണുന്നത്. തുടർന്ന് വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. ഇതോടെ മൂട്ട കടിയേറ്റ രോഗി ഉൾപ്പെടെ ഈ വാർഡിൽ കിടന്ന മുഴുവൻ രോഗികളെയും മറ്റൊരു വാർഡിലേക്കുമാറ്റി.
മറ്റു വാർഡുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തറയിൽ കിടക്കുന്ന പാവപ്പെട്ട രോഗികളിൽനിന്നുപോലും പ്രതിദിനം 20 രൂപ ഫീസ് ഈടാക്കുമ്പോഴാണ് മൂട്ടകടിയും കൂടി ഏൽക്കേണ്ടി വരുന്നത്. കാർഡിയോളജി വിഭാഗത്തിന്റെ പുറത്ത് രോഗികളുടെ സഹായികൾക്ക് വിശ്രമിക്കാൻ ഇട്ടിരിക്കുന്ന ബെഞ്ചുകളിലും മൂട്ടശല്യം അതിരൂക്ഷമായിരുന്നു.
ഫെബ്രുവരിയിൽ മലപ്പുറം സ്വദേശിനിയായ രോഗിയുടെ ബന്ധുവിന്റെ ശരീരത്തിന്റെ പുറംഭാഗം മുഴുവൻ മൂട്ട കടിയേറ്റ് തടിച്ചുവീർത്തിരുന്നു. ഇതു മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന് അധികൃതർ ഇടപെട്ട് ഇരിപ്പിടങ്ങളിൽ മരുന്ന് തളിച്ച് മൂട്ടശല്യം ഒഴിവാക്കി. എന്നാൽ, മറ്റുവാർഡുകളിൽ മരുന്ന് പ്രയോഗിക്കുന്നതിനോ മൂട്ട ശല്യം ഒഴിവാക്കുന്നതിനോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.