കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ച ബിഷപ്​ ​ഫ്രാങ്കോ മുളയ്ക്കലിനെ ​കോടതിയിൽനിന്ന് പു​റത്തേക്ക് ആനയിക്കുന്നു

പ്രയ്സ്​ ദ ലോഡ്​, പ്രയ്സ് ദ ലോഡ്​... ബിഷപ്​ ഫ്രാങ്കോയെ ആനയിച്ച് അനുയായികൾ; ധ്യാനകേന്ദ്രത്തിൽ പാട്ടുകുർബാന, നാട്ടിൽ പടക്കംപൊട്ടിക്കൽ

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ച ബിഷപ്​ ​ഫ്രാങ്കോ മുളയ്ക്കലിനെ ​അനുയായികൾ ആനയിച്ചത് 'പ്രയ്സ്​ ദ ലോഡ്'​ വിളികളുമായി. 'സത്യം ജയിച്ചു' എന്ന്​ ഉറക്കെപ്പറഞ്ഞാണ്​ ബിഷപ്​ കോടതിയുടെ വാതിലിനുപുറത്തേക്ക്​ കടന്നത്​.

പുറത്തെത്തിയതോടെ ബിഷപ്പിന്‍റെ പൊട്ടിക്കരച്ചിലുയർന്നു. കെട്ടിപ്പിടിച്ചും കരഞ്ഞും അനുയായികളുടെ സന്തോഷപ്രകടനങ്ങൾക്കിടെ കോടതിവരാന്തയിലൂടെ നടന്ന്​ കലക്ടറേറ്റ്​ ഓഫിസിനുമുന്നിൽ നിർത്തിയിട്ട കാറിലേക്ക്​. ബിഷപ്പ്​ പുറത്തേക്ക്​ വരുന്നതറിഞ്ഞ മാധ്യമപ്രവർത്തകർ ഓടിയെത്തി വാഹനം വളഞ്ഞു. ആരോടും പ്രതികരിക്കാതെ ചിരിച്ച മുഖത്തോടെ കാറിൽ കയറി. 'പ്രൈസ്​ ദ ലോഡ്'​ വിളികളുമായി അനുയായികൾ ചുറ്റും കൂടി. പ്രതികരണം തേടിയ മാധ്യമ​പ്രവർത്തകരോട്​ കൈകൂപ്പി 'സത്യം ജയിച്ചു' എന്നാവർത്തിച്ചു.

കാറിനു ചുറ്റും കൂടിയവരെ പൊലീസ്​ ബലം പ്രയോഗിച്ച്​ നീക്കിയാണ്​ വാഹനത്തിനുപോകാൻ വഴിയൊരുക്കിയത്​. തുടർന്ന്​ കലക്ടറേറ്റിനുപുറത്തുകടന്ന്​ നേരെ എതിർവശത്തുള്ള ലൂർദ്​ ഫൊറോന പള്ളിയിൽ പ്രാർഥിച്ച്​ വീണ്ടും കാറിൽ കയറി കളത്തിപ്പടിയിലെ ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിലേക്ക്​. അവിടെ പ്രത്യേക പ്രാർഥനക്കുശേഷം പാട്ടുകുർബാന. കുടുംബാംഗങ്ങളും അനുയായികളുമെല്ലാം കുർബാനയർപ്പിച്ചു. അതിനുശേഷം തൃശൂർ മറ്റത്തെ കുടുംബവീട്ടിലേക്ക്​ യാത്രയായി. പടക്കം പൊട്ടിച്ചാണ് ബന്ധുക്കളും നാട്ടുകാരും തൃശൂരിൽ കുടുംബവീട്ടിലേക്ക് അദ്ദേഹത്തെ സ്വീകരിച്ചത്. തുടർന്ന് മാതാപിതാക്കളുടെ കല്ലറയിൽ പ്രാർഥന നടത്തി.

മാധ്യമപ്രവർത്തകരുടെ കണ്ണിൽപെടാതെ കോടതിയിൽ; വിധിച്ചത്​ ഒറ്റവരിയിൽ

രാവിലെ ഒമ്പതരയോടെയാണ്​ ബിഷപ് രണ്ട്​ സഹോദരന്മാർക്കും അനുയായിക്കുമൊപ്പം കോടതിയിലെത്തിയത്​. കോടതിയുടെ മുന്നിൽനിന്നിരുന്ന മാധ്യമപ്രവർത്തകരുടെ കണ്ണിൽപെടാതെ കലക്ടറേറ്റ്​ സമുച്ചയത്തിന്‍റെ മുൻവാതിലിലൂടെ കയറിയാണ് കോടതിക്കകത്തെ ബെഞ്ചിലിരുന്നത്.

നിർവികാരമായിരുന്നു ബിഷപ്പിന്‍റെ മുഖം. ഇടക്കിടെ അടുത്തിരുന്ന സഹോദരന്‍റെ ചോദ്യങ്ങൾക്ക്​ മറുപടി നൽകി. കോടതിക്കകത്തേക്ക്​ കയറിവരുന്നവരെയോ പോകുന്നവരെയോ ശ്രദ്ധിക്കാ​തെ താഴേക്ക്​ നോക്കിയിരുന്നു. കൃത്യം 11ന്​ ജഡ്​​ജി ജി. ഗോപകുമാർ ചേംബറിലെത്തി. തുടർന്ന്​ കേസ്​​ നമ്പറും ഫ്രാങ്കോയുടെ പേരും വിളിച്ചു. ഇ​തോടെ ബിഷപ് ഇരിപ്പിടത്തിൽനിന്ന്​ എഴുന്നേറ്റ്​ പിറകിലുള്ള പ്രതിക്കൂട്ടിൽ കയറി കൈകൾ കോർത്തുപിടിച്ച്​ നിന്നു. കോടതിമുറിയിലെ നിശ്ശബ്​ദതക്കിടെ ജഡ്​ജി ഫയലുകൾ പരിശോധിച്ചു. തുടർന്ന്​ ഒറ്റവരിയിൽ പ്രതിയെ വെറുതെവിട്ടിരിക്കുന്നു എന്ന വാചകംമാ​ത്രം.

ഉടൻ കോടതിയിലെ നിശ്ശബ്​ദതയെ ഭേദിച്ച്​ സന്തോഷാരവമുയർന്നു. കൂടിനിന്നവർക്ക്​ കാര്യം മനസ്സിലാവുംമുമ്പേ ബിഷപ്പിന്‍റെ അഭിഭാഷകരും അനുയായികളും പ്രതിക്കൂട്ടിനരികിലേക്ക്​ ഓടി. അവിടെനിന്ന്​ ബിഷപ്പിനെ ചേർത്തുപിടിച്ച്​ പുറത്തേക്ക്​. ഇതിനിടയിൽ അഭിഭാഷകരിൽ പലരും കരഞ്ഞുകൊണ്ട്​ ബിഷപ്പിനെ കെട്ടിപ്പിടിക്കുന്നുണ്ടായിരുന്നു.

വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച്​ സ്ത്രീകളടക്കം അണികൾ കലക്ടറേറ്റ് പരിസരത്ത് ലഡുവിതരണം നടത്തി. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ നിരപരാധിത്വത്തില്‍ വിശ്വസിച്ചവര്‍ക്കും നിയമസഹായം ചെയ്തുകൊടുത്തവര്‍ക്കും നന്ദി അറിയിക്കുന്നതായി ജലന്ധര്‍ രൂപതയുടെ പത്രപ്രസ്താവനയും വന്നു. 

Full View


Full View


Tags:    
News Summary - Bishop Franco Mulakkal Acquitted In Rape Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.