തൊടുപുഴ: ജില്ലയിലെ താലൂക്ക് ആശുപത്രികളിലും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും അർബുദ പരിശോധനക്ക് സൗകര്യമൊരുങ്ങുന്നു. ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുപ്രകാരം അർബുദ ബാധിതരുടെ എണ്ണം 2700 ആണ്. ജില്ലയിൽ ഓരോ വർഷവും അർബുദ രോഗികളുടെ എണ്ണത്തിൽ 10-15 ശതമാനം വർധന ഉണ്ടാകുന്നതായാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
സ്തനാർബുദം, ശ്വാസകോശാർബുദം എന്നിവയാണ് കൂടുതലായും കണ്ടുവരുന്നത്. ഈ സാഹചര്യത്തിലാണ് പ്രധാന സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ച് സ്ക്രീനിങ്ങിന് സൗകര്യമൊരുങ്ങുന്നത്. സ്റ്റാഫ് നഴ്സുമാരടക്കമുള്ള ജീവനക്കാർക്ക് അടുത്തയാഴ്ചയോടെ പരിശീലനം നൽകിത്തുടങ്ങുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. സ്ക്രീനിങ് നടത്തിയതിനുശേഷം ആവശ്യമായവരെ തുടർ ചികിത്സക്ക് വിധേയരാക്കും. രോഗം കണ്ടെത്തുന്നതിനായി ജില്ലയിലെമ്പാടും ക്യാമ്പുകൾ നടത്തിവരുന്നുണ്ട്. ഇതിന് പുറമെയാണ് ആശുപത്രികൾ കേന്ദ്രീകരിച്ചും പരിശോധന. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ അടുത്തിടെ വീടുകയറിയുള്ള ജീവിതശൈലീ രോഗനിർണയ കാമ്പയിനിൽ 1045 പേരിൽ ഇതിനകം അർബുദ സാധ്യത കണ്ടെത്തിയിരുന്നു. കാമ്പയിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ജില്ലയിൽ 937പേർക്ക് സ്തനാർബുദവും 88 പേർക്ക് കഴുത്തിലും 20പേർക്ക് വായിലും അർബുദ സാധ്യത കണ്ടെത്തി.
ഇവർക്ക് തുടർ രോഗനിർണയത്തിനായി വിദഗ്ധ പരിശോധന നിർദേശിച്ചിട്ടുണ്ട്. രോഗസാധ്യതയുള്ളവർക്ക് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളും കാമ്പയിന്റെ ഭാഗമാണ്. 30 വയസ്സിന് മുകളിലുള്ളവർക്കാണ് ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി ജീവിതശൈലീ രോഗനിർണ പരിശോധന നടത്തുന്നത്.
അർബുദം പോലുള്ള മാരക രോഗങ്ങൾ നേരത്തേ കണ്ടെത്താൻ കഴിയുന്നതുവഴി ഫലപ്രദമായ ചികിത്സയും രോഗമുക്തിയും ഉറപ്പാക്കാൻ കഴിയുന്നു എന്നത് കാമ്പയിന്റെ ലക്ഷ്യമാണ്. ജില്ലയിൽ അർബുദ ബാധിതരുടെ എണ്ണം വർധിച്ചുവരുമ്പോഴും മെഡിക്കൽ കോളജിലും ജില്ല ആശുപത്രികളിലും രോഗനിർണയത്തിനും മെച്ചപ്പെട്ട ചികിത്സക്കും സൗകര്യമില്ലാത്തത് ജില്ലയിലെ ജനങ്ങൾക്ക് ദുരിതം വിതക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.