കോട്ടയം: രാജ്യത്തെ വലിയ ഡാമുകളിൽ ജലസംഭരണശേഷി കണ്ടെത്താൻ കേന്ദ്ര ജലകമീഷൻ തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ നാല് ഡാമുകളിൽ പഠനം തുടങ്ങുന്നു. മഴയിൽ അതിവേഗം ഡാമുകൾ നിറയുന്ന സാഹചര്യത്തിലാണ് രാജ്യത്തെ വലിയ അണക്കെട്ടുകളുടെ യഥാർഥ സംഭരണശേഷി കണ്ടെത്താൻ കേന്ദ്ര ജലകമീഷൻ തീരുമാനിച്ചത്.
കേരളത്തിൽ ഇടുക്കി, കക്കി, ഇടമലയാർ, ബാണാസുരസാഗർ എന്നീ ഡാമുകളിലാണ് കണക്കെടുപ്പ്. ഇതിൽ കക്കിയിലെ സർവേ പൂർത്തിയായി. ഡൽഹി ആസ്ഥാനമായുള്ള ടോജോ വികാസ് കമ്പനിക്കാണ് ബാത്തി മെട്രിക് സർവേയിലൂടെ ജലത്തിന്റെ അളവ് കണ്ടെത്താനുള്ള കരാർ.
അൾട്രാ സൗണ്ട് തരംഗം ഉപയോഗിച്ചുള്ള ആഴം കണ്ടെത്തൽ കഴിഞ്ഞ ദിവസമാണ് കക്കിയിൽ പൂർത്തിയായത്. അടുത്തഘട്ടം ഇടുക്കി ഡാമിൽ പഠനം ആരംഭിക്കും. ഒരുമാസം സമയമെടുത്താണ് ഇടുക്കിയിലെ പ്രവർത്തനങ്ങൾ. ഇതിനുശേഷമാകും ഇടമലയാർ, ബാണാസുരസാഗർ എന്നിവിടങ്ങളിലെ കണക്കെടുപ്പ്.
നിർമാണഘട്ടത്തിലെ സംഭരണശേഷിയും നിലവിൽ ശേഖരിക്കാവുന്ന ജലത്തിന്റെ അളവും തമ്മിൽ വലിയ അന്തരമുണ്ടെന്ന സംശയത്തിലാണ് പഠനം. അടിത്തട്ടിൽ വലിയതോതിൽ ചളിയും മണ്ണും അടിഞ്ഞുകൂടിയതിനാൽ നിലവിലെ കണക്കുകൾ കൃത്യമല്ലെന്നും ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.
പുതിയ പഠനത്തിലൂടെ ഒാരോ ഡാമിലെയും ജലശേഖരത്തിന്റെ കൃത്യമായ വിവരങ്ങൾ ലഭ്യമാകുമെന്നാണ് ജലകമീഷൻ വിലയിരുത്തൽ. വിവിധ ഘട്ടങ്ങളായി തിരിച്ച് രാജ്യത്തുടനീളം വലിയ അണക്കെട്ടുകളിൽ സർവേ നടന്നുവരികയാണ്. വിവിധ കമ്പനികൾക്കാണ് പഠനകരാർ.
ആറ് മാസത്തിനുള്ളിൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് ഡാമുകളിലെ ചളി നീക്കൽ അടക്കമുള്ള നടപടികളിലേക്ക് കടക്കാമെന്നാണ് കമീഷൻ അറിയിപ്പ്.
നേരത്തേ കെ.എസ്.ഇ.ബിയുടെ കീഴിലുള്ള മറ്റ് ഡാമുകളുടെ സംഭരണശേഷി കണ്ടെത്താനായി സംസ്ഥാന സർക്കാർ കണക്കെടുപ്പ് നടത്തിയിരുന്നു. ഇതിൽ സംഭരണശേഷിയിൽ ഏറ്റവും കുറവുണ്ടായത് കല്ലാർകുട്ടി ഡാമിലാണെന്ന് കണ്ടെത്തി. അടിത്തട്ടിൽ ചളിയും മണലും നിറഞ്ഞതിനാൽ സംഭരണശേഷിയിൽ 43 ശതമാനം കുറവുണ്ടായെന്നായിരുന്നു കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടെനിന്ന് പരീക്ഷണാടിസ്ഥാനത്തിൽ മണൽ വാരാനുള്ള തീരുമാനത്തിലാണ് സർക്കാർ. കല്ലാർകുട്ടിയിലേത് വിജയമായാൽ അടുത്തഘട്ടം കൂടുതൽ ഡാമുകളിൽനിന്ന് മണൽ വാരാനാണ് ധാരണ. 2018ലെ മഹാപ്രളയത്തിൽ സംസ്ഥാനത്തെ സംഭരണികളിലേക്ക് വലിയതോതിൽ മണൽ ഒഴുകിയെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.