ചങ്ങനാശ്ശേരി: കോവിഡ് ഭീതിയില്‍ രക്തദാതാക്കളുടെ എണ്ണം കുറയുന്നത് ആശങ്കക്ക് ഇടയാക്കുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലായി നൂറുകണക്കിനാളുകള്‍ക്കാണ് ദിവസവും രക്തം ആവശ്യമായി വരുന്നത്.
ബ്ലഡ് ഡോണേഴ്സ് കേരള, വിവിധ സന്നദ്ധ സംഘടകള്‍, ക്ലബുകള്‍ തുടങ്ങി രക്തദാന സേനകളെല്ലാം ഇപ്പോള്‍ പ്രതിസന്ധിയിലാണ്. ദിവസവും നൂറുകണക്കിന് ആളുകളാണ് രക്തം ആവശ്യപ്പെട്ട് ഇവരെ ബന്ധപ്പെടുന്നത്. സന്നദ്ധ സംഘടനകളില്‍ രക്തം ദാനംചെയ്യുന്നതിന് പേര് രജിസ്റ്റര്‍ ചെയ്യുന്നവരെ ലിസ്റ്റ് അനുസരിച്ചു വിളിച്ചാൽ മുമ്പ് ആവശ്യക്കാര്‍ക്ക് എല്ലാവര്ക്കും രക്തം എത്തിക്കാന്‍ കഴിഞ്ഞിരുന്നു.
എന്നാല്‍, ഇപ്പോള്‍ കോവിഡ് ആശങ്കകള്‍ പറഞ്ഞു പിന്മാറുന്നവരുടെ എണ്ണം വര്‍ധിച്ചു. ഇത് നൂറുകണക്കിന് രോഗികളുടെ ജീവന് ഭീഷണിയാവുകയാണ്. ആശുപത്രി ബ്ലഡ് ബാങ്കുകളില്‍ സ്റ്റോക്കില്ലാതെവരുന്നത് കാരണം രോഗികളുടെ ബന്ധുക്കള്‍ നെട്ടോട്ടത്തിലാണ്.
ബി.ഡി.കെയുടെയും കെ.എല്‍ 33 ചങ്ങനാശ്ശേരിക്കാര് ഫേസ്ബുക്ക് കൂട്ടായ്മയുടെയും നേതൃത്വത്തില്‍ ചങ്ങനാശ്ശേരിയില്‍നിന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് രക്തദാന വണ്ടി ക്രമീകരിച്ചിരുന്നു. എന്നാല്‍, മുമ്പ് ഉണ്ടായിരുന്ന പ്രതികരണം കുറഞ്ഞതായി ഇവര്‍ പറയുന്നു. കോട്ടയം മെഡിക്കല്‍ കോളജ് അടക്കം ആശുപത്രികളില്‍ രക്തക്ഷാമം രൂക്ഷമാണ്.
കോളജുകള്‍ അടച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആയതോടെ കലാലയങ്ങളില്‍നിന്ന് രക്തദാനം ചെയ്തുകൊണ്ടിരുന്ന വിദ്യാർഥികളുടെ എണ്ണത്തിലും വലിയ കുറവ് സംഭവിച്ചു. പലരും ആശുപത്രികളിലെത്തി രക്തം നല്കാന് തയാറാവുന്നുമില്ല.
മൂന്നുമാസത്തില്‍ ഒരിക്കല്‍ യുവാക്കളും നാലുമാസത്തിലൊരിക്കല്‍ യുവതികളും രക്തദാനത്തിന് സന്നദ്ധമാവുകയാണെങ്കില്‍ ആശുപത്രികളില്‍ ബ്ലഡ് ബാങ്കുകളില്‍ രക്തം സ്റ്റോക്ക് ചെയ്യാന്‍ കഴിയും. കൂടുതല്‍ ആളുകള്‍ രക്തദാനത്തിന് മുന്നോട്ടുവരുന്നതിലൂടെ മാത്രമേ ബ്ലഡ് ക്ഷാമം പരിഹരിക്കാന്‍ കഴിയൂ.
അപകടങ്ങള്‍ അടക്കമുള്ള അടിയന്തര സാഹചര്യങ്ങളില്‍ ആശുപത്രികളില്‍ ബ്ലഡ് സ്റ്റോക്കില്ലാതെ വരുന്നത് ജീവനു ഭീഷണിയാവും. അത്തരം സാഹചര്യം ഒഴിവാക്കാന്‍ ഓരോരുത്തരും മുന്നോട്ടുവരണമെന്ന് ബ്ലഡ് ഡോണേഴ്സ് കേരള ജില്ല പ്രസിഡൻറ് ജിനു ജോസഫ് അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.