ചങ്ങനാശ്ശേരി: കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളുടെ (സി.എഫ്.എൽ.ടി.സി) പ്രവര്‍ത്തനം തദ്ദേശസ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക ബാധ്യതയാകുന്നു.
100 കട്ടിലുള്ള സെൻററുകള്‍ക്ക് 40 ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, സെൻററുകള്‍ ആരംഭിച്ച പഞ്ചായത്തുകള്‍ക്ക് സര്‍ക്കാറിൽനിന്ന് തുക ലഭിച്ചില്ലെന്നാണ് തദ്ദേശ സ്ഥാപന അധികൃതർ പറയുന്നത്. നിലവില്‍ പ്ലാന്‍ ഫണ്ടില്‍നിന്നാണ് നഗരസഭകളും പഞ്ചായത്തുകളും സെൻററുകള്‍ക്കായി പണം വിനിയോഗിക്കുന്നത്.
ഇത് മറ്റ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. കോവിഡ് സെൻററുകളില്‍ ആവശ്യമായ ഇന്‍ഡക്ഷന്‍ സ്റ്റൗ, ഇലക്ട്രിക് കെറ്റിലുകള്‍, ഇന്‍ഡക്ഷന്‍ പാനുകള്‍ തുടങ്ങിയ സാമഗ്രികളില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
ചങ്ങനാശ്ശേരി നഗരസഭയുടെ കോവിഡ് ഫസ്റ്റ്ലൈന് സെൻറര്‍ മീഡിയ വില്ലേജിലാണ് പ്രവര്‍ത്തിക്കുന്നത്. 135 പേര്‍ക്കുള്ള ക്രമീകരണമാണുള്ളത്. കഴിഞ്ഞയാഴ്ച ഇവിടെ 115പേര്‍ ചികിത്സയിലുണ്ടായിരുന്നു. ഇപ്പോള്‍ 78 പേരുണ്ട്. ആഹാരത്തിനും ജീവനക്കാരുടെ വേതന ഇനത്തിലുമായി 22 ലക്ഷത്തോളം രൂപ ചെലവായതായാണ് നഗരസഭ അധികൃതര്‍ വ്യക്തമാക്കുന്നത്.
ഒരാള്‍ക്ക് ഒരുദിവസത്തെ ആഹാരത്തിന് 60 രൂപ നല്‍കാമെന്നാണ് സര്‍ക്കാര്‍ നിർദേശം. ഇതു പര്യാപ്തമാകില്ലെന്ന് തദ്ദേശവകുപ്പ് അധികൃതര്‍ പറയുന്നു. മാടപ്പള്ളി പഞ്ചായത്തിെൻറ നേതൃത്വത്തിലുള്ള സി.എഫ്.എൽ.ടി.സി സെൻറര്‍ തെങ്ങണ ഗുഡ്‌ഷെപ്പേര്‍ഡ് സ്‌കൂളിലാണ് പ്രവര്‍ത്തിക്കുന്നത്.
120 കട്ടിലുള്ള സെൻററാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. 110 പേർവരെ ചികിത്സക്ക് എത്തിയിരുന്നു. ഇപ്പോള്‍ 82പേരാണുള്ളത്. ദിവസവേതനത്തിന് 10 ശുചീകരണ ജീവനക്കാരും അടുക്കളയില്‍ കുക്ക് ഉള്‍പ്പെടെ അഞ്ച് ജോലിക്കാരുമാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ശുചീകരണ തൊഴിലാളിക്ക് ദിവസവേതനം 780 രൂപയാണ്.
അടുക്കളയിലെ പ്രധാന പാചകക്കാരന് 922 രൂപയും മറ്റു ജോലിക്കാര്‍ക്ക് 650 രൂപ വീതവും നല്‍കണം. സെൻററിെൻറ പ്രവര്‍ത്തനത്തിന് ഇതിനോടകം 15 ലക്ഷത്തോളം രൂപ ചെലവായി. ശുചീകരണ ജീവനക്കാര്‍ പത്തുദിവസം തുടര്‍ച്ചയായി ജോലി ചെയ്യുമ്പോള്‍ ഏഴു ദിവസം ക്വാറൻറീനില്‍ പോകണം. ഇവര്‍ ക്വാറൻറീനില്‍ പോകുന്ന ദിവസത്തെ വേതനവും നല്‍കണം.
കുറിച്ചി പഞ്ചായത്തിെൻറ സെൻറര്‍ കുറിച്ചി ഹോമിയോ റിസര്‍ച്ച് സെൻററിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ സെൻററിെൻറ പ്രവര്‍ത്തനത്തിന് എട്ടുലക്ഷത്തോളം രൂപ ചെലവായി.
കണക്ക് കോട്ടയം ആര്‍.ഡി.ഒക്ക് സമര്‍പ്പിച്ചെങ്കിലും പണം ലഭിച്ചില്ല. തദ്ദേശ വകുപ്പില്‍നിന്ന് കോവിഡ് സെൻററുകള്‍ക്കായി മുടക്കിയ തുക യഥാസമയം ലഭിച്ചില്ലെങ്കില്‍ പല പദ്ധതികളും അവതാളത്തിലാകുമെന്ന് തദ്ദേശ ഭരണാധികാരികള്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് വ്യാപനത്തിെൻറ തുടക്കത്തിൽ സര്‍ക്കാർ നിർദേശപ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ നടത്തിയ സാമൂഹിക അടുക്കളയില്‍ പ്രവര്‍ത്തിച്ച ജോലിക്കാര്‍ക്ക് ഇനിയും വേതനം ലഭിച്ചില്ലെന്നും പരാതിയുണ്ട്.
വാഴപ്പള്ളി പഞ്ചായത്തില്‍ സാമൂഹിക അടുക്കള പ്രവര്‍ത്തിച്ച ഇനത്തില്‍ നാലുലക്ഷത്തോളം രൂപ ചെലവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.